കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഝാർഖണ്ഡ് മുൻമന്ത്രി കെ എൻ ത്രിപാഠി സമർപ്പിച്ച പത്രിക സൂക്ഷ്മ പരിശോധനയ്ക്കു ശേഷം തള്ളി. ഇതോടെ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എംപി എന്നിവര്‍ നേര്‍ക്കുനേരായി മത്സരം. 24 വർഷത്തിനു ശേഷം നെഹ്രു കുടുംബത്തിനു പുറത്തുള്ളയാൾ അധ്യക്ഷസ്ഥാനത്തെത്തുമെന്നും ഉറപ്പായി.
ഖാർഗെ എട്ട് സെറ്റും തരൂർ അഞ്ചും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്. ത്രിപാഠിയുടെ പത്രികകളിൽ പിന്തുണച്ച് ഒപ്പിട്ടിരിക്കുന്ന ഒരാളുടെ ഒപ്പിൽ വ്യത്യാസമുണ്ടെന്നും മറ്റൊരാൾ ഒപ്പ് ആവർത്തിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ഹൈക്കമാൻഡ് പിന്തുണയോടെ അവസാന നിമിഷമാണ് രംഗത്തെത്തിയത്. ‘ഒരാൾക്ക് ഒരു പദവി’ എന്ന പാർട്ടി നയപ്രകാരം രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖാർഗെ രാജിവച്ചു. വിമതരായ ജി–23ലെ പ്രമുഖർ കൂടി പിന്തുണ അറിയിച്ചതോടെ വിജയപ്രതീക്ഷ വര്‍ധിച്ചു. എന്നാല്‍ അട്ടിമറി വിജയത്തിനു കച്ചമുറുക്കി ശശി തരൂര്‍ രംഗത്തുണ്ട്.
നെഹ്രു കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന പരിവേഷം ഖാർഗെയ്ക്കു മുൻതൂക്കം നല്കുന്നു. എന്നാല്‍ നേരത്തെ ഹെെക്കമാന്‍ഡ് തീരുമാനിച്ചിരുന്ന അശോക് ഗെലോട്ടിനെ അപേക്ഷിച്ച് കരുത്തു കുറഞ്ഞ എതിരാളിയാണ് ഖാർഗെ എന്നാണ് തരൂരിന്റെ കണക്കുകൂട്ടൽ. 80 വയസുള്ള ഖാർഗെയെ പാർട്ടിയിലെ യുവനിര അംഗീകരിക്കില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. യുവാക്കളെ ഒപ്പം നിർത്തിയും മുതിർന്നവരുടെ വിശ്വാസമാർജിച്ചും വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം.
പാർട്ടിയുടെ നിലവിലെ പ്രവർത്തനത്തിൽ തൃപ്തരാണെങ്കിൽ ഖാർഗെക്ക് വോട്ട് ചെയ്യണമെന്നും മാറ്റം വേണമെങ്കിൽ തന്നെ തെരഞ്ഞെടുക്കണമെന്നും ശശി തരൂർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇതൊരു യുദ്ധമല്ല. പാർട്ടി നവീകരണം എന്നതാണ് തന്റെ എക്കാലത്തെയും നിലപാട്. ഇനി അംഗങ്ങൾ തീരുമാനിക്കട്ടെ’-തരൂർ പറഞ്ഞു. ജി 23 നേതാക്കളെ കണ്ടല്ല പാർട്ടിയുടെ നവീകരണത്തിന് ഇറങ്ങിയതെന്ന് നേരത്തേ തരൂർ പറഞ്ഞിരുന്നു.
അതിനിടെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുമെന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൊച്ചിയില്‍ പറഞ്ഞു. ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അതാണ് തന്റെ മനഃസാക്ഷിയെന്നും സതീശൻ പറഞ്ഞു. വോട്ട് അവരവരുടെ അവകാശമാണെന്നും ആർക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി പറയില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞതിനു പിന്നാലെയായിരുന്നു പ്രതിപക്ഷനേതാവ് നയം വ്യക്തമാക്കിയത്.
English summary;Mallikarjun Kharge resigned as Leader of Opposition
you may also like this video;