Site iconSite icon Janayugom Online

മെഗാസ്റ്റാറിന് ‘പേരിട്ട’ ശശിധരനെ ലോകത്തിന് പരിചയപ്പെടുത്തി മമ്മൂക്ക

‘എനിക്കറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ…അവിടിരിപ്പുണ്ട്…’ ഹോർത്തൂസ് സാഹിത്യോത്സവ വേദിയിൽ അതുപറഞ്ഞ് മമ്മൂക്ക സദസ്സിലേക്ക് കൈചൂണ്ടിയപ്പോൾ എല്ലാവരും കണ്ണുകൾ ഒരാളിലേക്ക് പതിഞ്ഞു. വേദിയിലേക്ക് ക്ഷണിച്ചു വരുത്തി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തി. “ഇദ്ദേഹത്തിന്റെ പേര് ശശിധരൻ… എടവനക്കാടാണ് വീട്…ഇദ്ദേഹമാണ് എനിക്ക് മമ്മൂട്ടിയെന്നു പേരിട്ടത്”. കരഘോഷത്തോടെയാണ് സദസ് മമ്മൂക്കയുടെ വാക്കുകൾ കേട്ടത്. മുഹമ്മദ് കുട്ടിയെന്ന പേര് എങ്ങനെ മമ്മൂട്ടി എന്നായി എന്ന കഥ കേൾക്കാത്ത മലയാളികളുണ്ടാവില്ല.

എന്നാൽ, ആ പേരിട്ട വിദ്വാനെ ആർക്കും അറിയില്ലായിരുന്നു. ‘പലരും ചോദിച്ചിട്ടുണ്ട് ആരാണ് മമ്മൂട്ടിയെന്നു പേരിട്ടതെന്ന്? താനാണ് എന്ന് അവകാശപ്പെട്ട് സ്വമേധയാ മുന്നോട്ടുവന്ന പലരുമുണ്ട്. പല ആളുകളും പത്രങ്ങളിൽ എഴുതുകയും ചെയ്തു. പക്ഷേ എനിക്കറിയാവുന്ന, എനിക്ക് പേരിട്ടയാൾ ഇദ്ദേഹമാണ്. ഇത്രയും കാലം ഞാൻ ഇദ്ദേഹത്തെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു…ഒരു സർപ്രൈസ്… നാലുപേര് കാൺകെ പരിചയപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു…’ – ശശിധരനെ ചേർത്ത് പിടിച്ച് മമ്മൂട്ടി പറഞ്ഞു. നിർമാതാവ് ആന്റോ ജോസഫാണ് ഹൃദയഹാരിയായ ഈ പരിചയപ്പെടുത്തലിനെ ചിത്രം സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

Exit mobile version