Site iconSite icon Janayugom Online

‘മമ്മൂട്ടി പൂർണ ആരോഗ്യവാൻ’: സ്ഥിരീകരിച്ച് ജോർജും ആന്റോ ജോസഫും

ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്. ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

‘ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി’, മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് സമൂഹമാധ്യമത്തിൽ എഴുതിയതിങ്ങനെ.

‘സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി’ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ് കുറിച്ചതിങ്ങനെ.

മലയാള സിനിമയിലെ പ്രമുഖർ ആന്റോ ജോസഫിന്റെ പോസ്റ്റിന് താഴെ ആശംസകളും പ്രാർത്ഥനയുമായി എത്തിയിട്ടുണ്ട്. എക്കാലത്തെയും വലിയ വാർത്തയെന്നായിരുന്നു നടി മാല പാർവതിയുടെ കമന്റ്. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്ന് സംവിധായകൻ കണ്ണൻ താമരകുളവും കമന്റ് ചെയ്തു.

Exit mobile version