Site iconSite icon Janayugom Online

‘ഭ്രമയുഗം’ ഓസ്‌കാർ അക്കാദമി മ്യൂസിയത്തിലേക്ക്; ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമ

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ ‘ഭ്രമയുഗം’ ലോസ് ആഞ്ചൽസിലെ പ്രശസ്തമായ ഓസ്‌കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തിളക്കത്തിന് പിന്നാലെയാണ് ഈ അഭിമാനകരമായ നേട്ടം. അക്കാദമി മ്യൂസിയത്തിൻ്റെ ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദർശിപ്പിക്കുക. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയാണ് ‘ഭ്രമയുഗം’.

2026 ഫെബ്രുവരി 12നാണ് ചിത്രം സ്‌ക്രീൻ ചെയ്യുക. ജനുവരി 10 മുതൽ ഫെബ്രുവരി വരെയാണ് ഈ പരമ്പര നടക്കുന്നത്. ‘ഭ്രമയുഗം’ ടീമിൻ്റെ വലിയൊരു അപ്‌ഡേറ്റ് വരുന്നുവെന്ന് നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ്, ഓസ്‌കാർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദർശനത്തിന് ഒരുങ്ങുകയാണെന്ന വിവരം പുറത്തുവിട്ടത്. കൊടുമൺ പോറ്റി, ചാത്തൻ എന്നീ വേഷങ്ങൾ അവതരിപ്പിച്ച മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തതുൾപ്പെടെ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ‘ഭ്രമയുഗം’ നേടിയത്. സ്വഭാവ നടൻ (സിദ്ധാർഥ് ഭരതൻ), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യർ), മേക്കപ്പ് (റോണക്‌സ് സേവ്യർ) എന്നിവയാണ് ചിത്രം നേടിയ മറ്റ് പുരസ്‌കാരങ്ങൾ.

Exit mobile version