ബോംബെ സിനിമയിലെ ഉയിരേ… ഉയിരേ… എന്ന ഗാനം വെള്ളിത്തിരയിലെത്തിയപ്പോള്‍ നായകന്റെയും നായികയുടെയും പ്രണയ രംഗങ്ങളില്‍ ഓരോ പ്രേക്ഷകന്റെയും കണ്ണുകളുടക്കിയത് അത് ചിത്രീകരിച്ച ബേക്കല്‍ കോട്ടയുടെ സൗന്ദര്യത്തിലായിരുന്നു. മഴയും കടലും കോട്ടയും പശ്ചാത്തലമായ ഈ ഗാനം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. എ ആർ റഹ്മാന്റെ സംഗീതവും രാജീവ് മേനോന്റെ കാമറയും ബേക്കലിന്റെ വശ്യസൗന്ദര്യവും ഒത്തുചേർന്നപ്പോൾ അതൊരു ദൃശ്യവിസ്മയമായി മാറി. സിനിമ ഇറങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ കാസര്‍കോട് മറഞ്ഞിരുന്ന വശ്യ സുന്ദരമായ ഈ പ്രദേശം തേടിയെത്തി.
സിനിമ ഇറങ്ങി മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം വീണ്ടും ബേക്കല്‍ സന്ദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് ബോംബെ സിനിമ സംവിധായകൻ മണിരത്‌നവും നായിക മനീഷ കൊയ്‌രാളയും. ചിത്രത്തിന്റെ ഛായാഗ്രഹകൻ രാജീവ് മേനോനും ഇവര്‍ക്കൊപ്പമുണ്ട്. ബോംബെ സിനിമയുടെയും ബേക്കൽ റിസോര്‍ട്സ് ഡെവലപ്‌മെന്റ് കോർപറേഷൻ (ബിആര്‍ഡിസി) രൂപീകരിച്ചതിന്റെ മുപ്പതാം വാർഷികത്തിന്റെയും ഭാഗമായി ഈ മാസം 20നാണ് ഇവരെത്തുന്നത്. സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഇടപെട്ടാണ് ബോംബെ സിനിമയുടെ അണിയറ ശില്പികളെ ബേക്കലിലെത്തിക്കുന്നത്.
കാസര്‍കോട് ജില്ലയുടെ മുഖമുദ്രയാണ് പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബേക്കല്‍ കോട്ട. ഇക്കേരി നായ്ക്കരിലെ ശിവപ്പ നായിക്ക് ആണ് കേരളത്തിലെ ഏറ്റവും വലിയ ചെങ്കൽക്കോട്ട നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. പള്ളിക്കരയില്‍ കടലിനോട് ചേര്‍ന്ന 35 ഏക്കര്‍ സ്ഥലത്ത് വെട്ടുകല്ലില്‍ തീര്‍ത്ത കോട്ട തികച്ചും ഓരോ പ്രകൃതി സ്നേഹിയുടെയും മനം കവരും.
80 അടി ഉയരമുള്ള ഗോപുരത്തിൽ നിന്നാൽ കാസർകോടിന്റെയും അറബിക്കടലിന്റെയും മനോഹര ദൃശ്യം കാണാം. വെടിമരുന്ന് സൂക്ഷിക്കുന്ന അറകൾ, ടിപ്പു സുൽത്താൻ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന പള്ളി, പ്രവേശന കവാടത്തിനടുത്തുള്ള ആഞ്ജനേയ ക്ഷേത്രം എന്നിവ കോട്ടയുടെ ചരിത്രപ്രാധാന്യം വിളിച്ചോതുന്നു.
കേരളത്തിന്റെ ഭംഗി പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും ബോംബെ എന്നും വേറിട്ടു നില്‍ക്കും. 1995 ലാണ് സിനിമ റിലീസ് ചെയ്തത്. ആ വര്‍ഷം തന്നെയാണ് സംസ്ഥാന സർക്കാർ ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് രൂപീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഷകളിലുള്ള സിനിമകളുടെ ചിത്രീകരണത്തിനായി കേരളത്തെ കൂടുതൽ ആകർഷകമാക്കുകയും പ്രത്യേക ക്യാമ്പയിനിലൂടെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ശേഖറിന്റെയും ശൈലയുടെയും പ്രണയത്തിന്റെ 30-ാം വാര്‍ഷികം എന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമയിലെ നായകനായ അരവിന്ദ് സ്വാമി ബേക്കലില്‍ എത്തിയേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പങ്കെടുക്കും. സിനിമയും ടൂറിസവും കൈകോർക്കുന്ന ഈ പദ്ധതിയിലൂടെ കേരളത്തിന്റെ പ്രകൃതിഭംഗി അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നാണ് വിനോദസഞ്ചാര വകുപ്പ് കണക്കുകൂട്ടുന്നത്.

