76 ദിവസങ്ങൾക്കു ശേഷം വ്യാഴാഴ്ച, പാർലമെന്റ് വളപ്പിൽ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രതികരണത്തിൽ ഏറ്റവും ശ്രദ്ധേയമായത് ‘അമ്മ പെങ്ങന്മാരുടെ അന്തസ് കാത്തുസൂക്ഷിക്കണം’ എന്നതായിരുന്നു. മണിപ്പൂരിലെ സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുവെന്നറിഞ്ഞപ്പോൾ തന്റെ ഹൃദയം വേദനയും രോഷവുംകൊണ്ട് നിറഞ്ഞുതുളുമ്പിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യവാക്കുകൾ. 76 ദിവസത്തിലധികമായി മണിപ്പൂരിൽ ഭരണകൂടം തുണിയുരിഞ്ഞു നിൽക്കുകയാണ്. ഭരണപരാജയത്തിന്റെ തെളിവായാണ് അവിടെ ഇരുവിഭാഗങ്ങള്‍ തമ്മിലടിക്കുന്നത്. പൊലീസും സൈന്യവും പോലും പക്ഷം ചേരുന്നുവെന്ന ആരോപണമുണ്ട്. സർക്കാരിന്റെ കണക്കുകളില്‍ തന്നെ മരിച്ചവരുടെ എണ്ണം 160ലധികമാണ്. പരിക്കേറ്റവർ അതിലുമേറെ. പലായനം ചെയ്തവർക്ക് കണക്കുപോലുമില്ല. അഭയാർത്ഥികളെപ്പോലെ സംസ്ഥാനം വിട്ടുപോയവർ, ദുരിതസമാനമായ ക്യാമ്പുകളിൽ കഴിയുന്ന പതിനായിരങ്ങൾ. അവരിലെ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. എന്നിട്ടും മോഡിയുടെ ഹൃദയം വേദനകൊണ്ട് നിറഞ്ഞില്ല. അതുകൊണ്ടുതന്നെ ഒരു മിനിറ്റും 54 സെക്കന്റും മാത്രം ദൈർഘ്യമുള്ള പ്രതികരണത്തിൽ ആത്മാർത്ഥതയുടെ ഒരു കണിക പോലുമില്ലായിരുന്നുവെന്ന് ശ്രവിക്കുന്നവർക്ക് ബോധ്യമാകും. മോഡിയുടെ ഹൃദയം വേദനകൊണ്ട് നിറയാൻ മണിപ്പൂരിൽ നഗ്നരായി നടത്തപ്പെട്ട കുക്കിവിഭാഗം സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കേണ്ടിവന്നു എന്നിടത്ത് അദ്ദേഹത്തിന്റെ ഹൃദയകാപട്യം തെളിയുന്നു. മേയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. മേയ് 18ന് ഈ കിരാത നടപടി സംബന്ധിച്ച് പൊലീസിൽ പരാതിയെത്തിയതാണ്. കണ്ടാലറിയാവുന്ന കുറേപ്പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു.
കണ്ടാലറിയാവുന്നവരെ തിരിച്ചറിയുന്നതിന് വീഡിയോ ദൃശ്യങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയുമുണ്ടായില്ല. പരാതിക്കാർ കുക്കി വിഭാഗത്തിലും എതിർകക്ഷികൾ മെയ്തി വിഭാഗത്തിലും പെട്ടവരായതിനാൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും നടപടികൾ ഒന്നുമുണ്ടായില്ല. 75 ദിവസങ്ങൾക്കുശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്നതോടെ കണ്ടാലറിയുന്നവരെ തിരിച്ചറിഞ്ഞ് ചിലരെ ഉടൻ അറസ്റ്റ് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല എന്നതുകൊണ്ട്, ജൂൺ 12ന് ദേശീയ വനിതാ കമ്മിഷന് മണിപ്പൂരിലെ അപമാനിക്കപ്പെട്ട സ്ത്രീകൾ (മോഡിയുടെ ഭാഷയിൽ പറഞ്ഞാൽ അമ്മ പെങ്ങന്മാർ) പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പകർപ്പ് ഇന്നലെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷനെയും അതിന്റെ ഇപ്പോഴത്തെ അധ്യക്ഷയെയും നമുക്ക് നന്നായറിയാം. കേരളത്തിലെ ഏതെങ്കിലും ഒരു ഗ്രാമത്തിൽ ലമ്പടനായ ഒരാൾ പെൺകുട്ടിയെ മര്യാദയോടെയല്ലാതെ നോക്കിയെന്നറിഞ്ഞാൽ അങ്ങ് ഇന്ദ്രപ്രസ്ഥത്തിലിരുന്ന് കേരളത്തിൽ സ്ത്രീസുരക്ഷ തകർന്നുവെന്ന് പ്രസ്താവനയിറക്കുകയും റിപ്പോർട്ട് തേടുകയും നടപടി ആവശ്യപ്പെടുകയും ചെയ്യുന്ന മഹതിയാണ് നിലവിലെ അധ്യക്ഷ രേഖാ ശർമ. അവരുടെ മുന്നിലെത്തിയ പരാതിക്ക് കടലാസിന്റെ വിലപോലും കല്പിച്ചില്ലെന്ന വാർത്ത പുറത്തുവന്നപ്പോൾ മണിപ്പൂർ ചീഫ് സെക്രട്ടറിക്കയച്ച കത്തിന്റെ പകർപ്പ് അവർ പുറത്തുവിട്ടിട്ടുണ്ട്. അവിടെയും ചോദ്യങ്ങൾ ബാക്കിയാണ്. കാരണം വീഡിയോ പുറത്തുവന്നപ്പോൾ രേഖാ ശർമ ആദ്യം ചെയ്തത് ദൃശ്യങ്ങൾ നീക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെടുകയായിരുന്നു. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചുവെന്ന അവരുടെ അറിയിപ്പും വന്നു. അപ്പോൾ നേരത്തെ ലഭിച്ച പരാതിയിൽ ഒന്നും ചെയ്തില്ലെന്നല്ലേ വ്യക്തമാകുന്നത്. ഇനി നേരത്തെ ലഭിച്ച പരാതി ചീഫ് സെക്രട്ടറിക്ക് അയച്ചുവെങ്കിൽ അവിടെ നൂറുകണക്കിന് സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയായിട്ടും വനിതാ കമ്മിഷൻ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന ചോദ്യം ബാക്കിയാവുന്നു. ഇപ്പോൾ മണിപ്പൂരിന്റെ മുഖ്യമന്ത്രി പറയുന്നു, ഇതിന് സമാനമായ നൂറുകണക്കിന് അതിക്രമങ്ങൾ നടന്നുവെന്ന്. മേയ് മൂന്നിനാണ് ഇപ്പോഴും തുടരുന്ന മണിപ്പൂരിലെ പ്രശ്നങ്ങൾ തുടങ്ങിയത്. അതിന്റെ തൊട്ടടുത്ത ദിനം സ്ത്രീകളെ നഗ്നരാക്കി പ്രദർശിപ്പിച്ച സംഭവമുണ്ടായി. ഒരു നടപടിയുമെടുത്തില്ല. പൊലീസുകാരാണ് സ്ത്രീയെ അക്രമികൾക്ക് മുന്നിലെത്തിച്ചതെന്ന വെളിപ്പെടുത്തലുമുണ്ട്. ആരും തടയാനില്ലെന്ന് വന്നതോടെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു.
ഇതുകൂടി വായിക്കൂ: മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഉത്തരവാദി മോഡി തന്നെ
സംസ്ഥാന പൊലീസിന് പുറമേ, അതിർത്തി സംസ്ഥാനമെന്ന നിലയിൽ മണിപ്പൂരിൽ സ്വാഭാവികമായും വിന്യസിക്കപ്പെട്ട അർധ സൈനിക വിഭാഗമുണ്ട്. കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ രണ്ടാം ദിനം മുതൽ കേന്ദ്രത്തിന്റെ വിവിധ സൈനിക വ്യൂഹങ്ങൾ അവിടെയുണ്ട്. എന്നിട്ടുമൊരു പെണ്ണിനെ നഗ്നയാക്കി നടത്തിയപ്പോൾ തടയാൻ ആളുണ്ടായില്ല. നടപടിയെടുക്കാൻ പൊലീസ് സന്നദ്ധമായില്ല. ഇതൊക്കെ ഡൽഹിയിലെ അന്തഃപുരങ്ങളിൽ അറിഞ്ഞില്ലെന്നാണോ, അത് ബോധ്യപ്പെടാൻ പ്രയാസമുണ്ട് മോഡീ. ഒരാൾ ഉറക്കെ തുമ്മിയാൽ അത് മോഡിയെ അപഹസിക്കുന്നതാണെന്ന് വ്യഖ്യാനിച്ച് കേസെടുക്കുന്നതിന്, വിനീതവിധേയരായ ഇന്റലിജൻസ് സംവിധാനമുള്ള നാട്ടിലാണിതെന്നോർക്കണം. മണിപ്പൂരിലെ സ്ത്രീകളുടെ നഗ്നത സമൂഹമാധ്യമങ്ങളിൽ പടരുന്നതറിഞ്ഞ് ഹൃദയം വേദനിച്ച മോഡിയുടെ പാർലമെന്റ് വളപ്പിലെ പ്രസംഗത്തിന്റെ കാപട്യം വ്യക്തമാകുവാൻ അതിന്റെ മറ്റു ഭാഗങ്ങളും കേൾക്കേണ്ടതുണ്ട്. രാജസ്ഥാനിലും ഛത്തിസ്ഗഢിലും മണിപ്പൂരിലും രാജ്യത്തിന്റെ ഏത് പ്രദേശത്തായാലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നായിരുന്നു മോഡിയുടെ വാക്കുകൾ. മോഡി പരാമർശിച്ച മൂന്നിൽ രണ്ട് സംസ്ഥാനങ്ങളിലും ഭരിക്കുന്നത് കോൺഗ്രസ്. അത് യാദൃച്ഛികമല്ല. മണിപ്പൂരിന് സമാനമാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുമെന്ന പ്രതീതി സൃഷ്ടിക്കുകയെന്ന ദുഷ്ടബുദ്ധി തന്നെയാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ എല്ലാ കണക്കുകളിലും അനൗദ്യോഗികമായുള്ള വിവിധ റിപ്പോർട്ടുകളിലും രാജ്യത്ത് കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരെ അതിക്രമങ്ങളും നടക്കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുണ്ട്. കുറ്റകൃത്യങ്ങളുടെ ഔദ്യോഗിക കണക്കുകൾ സൂക്ഷിക്കുന്ന ദേശീയ ക്രൈെം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോര്‍ട്ട് 2021ലേതാണ്. ഇതിൽ മുന്നിലുള്ളത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശാണ്. രണ്ടാമത്തേത് മഹാരാഷ്ട്ര, മൂന്നാമത് മധ്യപ്രദേശ്, നാലാമതാണ് രാജസ്ഥാൻ, അഞ്ച് ബിഹാർ. ആറ്, ഏഴ് സ്ഥാനങ്ങളിലുള്ളത് കർണാടകയും ഗുജറാത്തുമാണ്. രണ്ടൊഴികെ എല്ലാം ഭരിക്കുന്നത് ബിജെപി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ മുന്നിൽ, ബിജെപി ഭരിക്കുന്ന ഹരിയാനയാണ്. രണ്ടാമതുള്ള ഡൽഹി ഭരിക്കുന്നത് എഎപിയാണെങ്കിലും അവിടെ പൊലീസ് നിയന്ത്രണം അമിത് ഷായ്ക്കാണ്. എന്നിട്ടും രണ്ട് പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളെ ഗവേഷണം നടത്തി കണ്ടെത്തി, ബിജെപി സർക്കാരുകളെ വെള്ളപൂശാൻ ശ്രമം നടത്തിയ കാപട്യത്തിന്റെ പേരുകൂടിയാവുകയാണ് മോഡി എന്നത്. ബിൽക്കിസ് ബാനുവിനെയും ഹത്രാസിലും കഠ്‌വയിലും നടന്ന ക്രൂരബലാത്സംഗ കൊലപാതകങ്ങളും മറന്നുകൊണ്ട് അമ്മ പെങ്ങന്മാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ഒരു വാചാടോപവും സത്യസന്ധമല്ല. അതുകൊണ്ടുതന്നെ മണിപ്പൂരിലെ നഗ്നശരീരങ്ങൾ കണ്ടപ്പോഴുള്ള മോഡിയുടെ കണ്ണീരിന് പച്ചവെള്ളത്തിന്റെ ശുദ്ധിപോലുമില്ല. അത് കള്ളക്കണ്ണീരായി മാറുന്നു. ഇന്ത്യയിലെ പെങ്ങന്മാർ മോഡിയെന്ന ആങ്ങളയെ ഓർത്ത് ലജ്ജിക്കുകയാണിപ്പോൾ.