Site icon Janayugom Online

നൂറുമേനി വിജയം ; നൂറുകോടി ക്ലബിൽ “മഞ്ഞുമ്മൽ ബോയ്‌സ്”

മലയാള സിനിമകൾ ലോക പ്രേക്ഷകരുടെ ശ്രദ്ധ നേടിയ വർഷമായിരിക്കുകയാണ് 2024. ഇപ്പോഴിതാ വെറും 12 ദിവസത്തിനുള്ളിൽ 100 കോടി ബോക്സ് ഓഫീസ് നിറവിൽ എത്തിയിരിക്കുകയാണ് “മഞ്ഞുമ്മൽ ബോയ്‌സ്”. ‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘2018’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രമെന്ന ഖ്യാതിയും മഞ്ഞുമ്മൽ ബോയ്‌സിനു ഇപ്പോൾ സ്വന്തമായിരിക്കുകയാണ്.

ഇന്ത്യയിൽ നിന്നും മാത്രം 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തു നിന്നും നാൽപതുകോടിക്കു മുകളിൽ ലഭിച്ചു. പതിനൊന്നുദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 15 കോടി രൂപയാണ്. മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് റെക്കോർഡ് ആണ്. മലയാള സിനിമ ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തിരുത്തി കുറിച്ചു കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സിന്റെ യാത്ര തുടരുന്നത്. കേരളത്തിലും തമിഴ് നാട്ടിലും മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന് ഗംഭീര അഭിപ്രായവും കളക്ഷനുമാണ് ലഭിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ‘മഞ്ഞുമ്മൽ ബോയ്സ്‘ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സാണ്. 1992‑ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ‘ഗുണ’യിലെ ‘കണ്മണി അൻപോട് കാതലൻ’ എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് ‘ഡെവിൾസ് കിച്ചൻ’ ഗുഹയിലാണ്. ‘ഗുണ’ പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ ‘ഗുണ കേവ്സ്’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും കരസ്ഥമാക്കി.

ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി,  ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Eng­lish Sum­ma­ry: man­jum­mel boys in hun­dred crore club
You may also like this video

Exit mobile version