Site icon Janayugom Online

മറവിയുടെ ശലഭങ്ങൾ

ഇനി അഥവാ
നിങ്ങളെന്നെ
കണ്ടുമുട്ടിയാൽ തന്നെ
എന്നോടൊന്നും മിണ്ടരുത്

വാക്കുകൾ
കോരിത്തീർത്ത
വറ്റിയ ഒരു കിണറാണ് ഞാൻ.

ഇനി അഥവാ
മിണ്ടിയാൽ തന്നെ
നിങ്ങളെന്നെ
തൊടരുത്

പ്രേമത്താൽ
വേരുകളടക്കം
കരിഞ്ഞുപോയ
ഒരുണക്കമരമാണ് ഞാൻ.

ഇനി അഥവാ
തൊട്ടാൽ തന്നെ
എന്നെ ആലിംഗനം ചെയ്യരുത്

ഏത് നിമിഷവും
കൊഴിഞ്ഞുപോയേക്കാവുന്ന
ഇലകളുടെ വസന്തമാണ്
ഞാൻ.

ഇനി അഥവാ
ആലിംഗനം ചെയ്താൽ തന്നെ
നിങ്ങളെന്നെ
ചുംബിക്കരുത്

കനലുകൾ
കൊത്തിക്കൊത്തി
ചുണ്ടുകൾ
ദ്രവിച്ചുപോയ
കാട്ടുതീയിലെ
പക്ഷിയാണ് ഞാൻ.

ഇനി അഥവാ
ചുംബിച്ചാൽ തന്നെ
നിങ്ങളെനിക്ക്
സ്വപ്നങ്ങൾ
തരരുത്

എവിടെയെങ്കിലും
ചെന്നിടിച്ച്
തകർന്നുപോയേക്കാവുന്ന
മഴവില്ലിന്റെ
തീവണ്ടിയാണ് ഞാൻ.

ഇനി അഥവാ
സ്വപ്നങ്ങൾ തന്നാൽ തന്നെ
നിങ്ങളെന്നിൽ
ഓർമ്മകളുടെ
ചിറകുകൾ തുന്നരുത്

മറവിയുടെ ശലഭങ്ങൾ
കൂടുകൂട്ടിയൊരു
മഞ്ഞുമരമാണ് ഞാൻ.

ഇനി അഥവാ
ഓർമ്മകൾ തുന്നിച്ചേർത്താൽ തന്നെ
എന്റെ നെഞ്ചിൽ നിന്ന്
പൂക്കൾ പറിക്കരുത്

സൂചികൾ നിലച്ചുപോയ
തുരുമ്പിച്ചൊരു
ഘടികാരമാണെന്റെ
ഹൃദയം…

Exit mobile version