Site icon Janayugom Online

പെട്രോളിന് വിട; മാരുതി ഡിസയര്‍ ഇലക്ട്രിക്കായി, 250 കിലോമീറ്റര്‍ മെെലേജ്

ഇനി മുതല്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റാം. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്‌വേ മോട്ടോര്‍സ്‌പോര്‍ട്‌സാണ് പുത്തന്‍ സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാരുതിയുടെ ജനപ്രീയ സെഡാനായ ഡിസറിനെ വെെദ്യുത വാഹനമാക്കി മാറ്റുന്ന ഇലക്ട്രിക്ക് കിറ്റ് നോര്‍ത്ത്‌വേ അവതരിപ്പിച്ചു. വാഹനത്തിലെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ നീക്കിയാണ് കിറ്റ് ഘടിപ്പിക്കുന്നത്. നേരത്തെ മറ്റു ചില വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നോര്‍ത്ത്‌വേ കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

ഡ്രൈവ് EZ, ട്രാവല്‍ EZ എന്നീ രണ്ട് മോഡല്‍ ഇലക്ട്രിക് കിറ്റുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇതില്‍ ഡ്രൈവ് EZ കിറ്റ് ഉപയോഗിച്ച് ഒറ്റ ചാര്‍‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ട്രാവല്‍ EZ കിറ്റ് 250 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നും. ആറ് മുതല്‍ 10 മണിക്കൂര്‍ വരെയാണ് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ സമയം.എന്നാല്‍ ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാമില്ലെന്നും ഉടന്‍ അവതരിപ്പിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇലക്ട്രിക് കിറ്റ് ഘടിപ്പിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് 140 കിലോമീറ്ററും വാണിജ്യ വാഹനങ്ങള്‍ക്ക് 80 കിലോമീറ്റര്‍ വരെ പരമാവധി വേഗത കെെവരിക്കാനും സാധിക്കും.

അഞ്ച് മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക് കിറ്റിന്റെ വില. ഇതില്‍ ജി എസ് ടിയും ഉള്‍പ്പെടും. നോര്‍ത്ത്‌വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 25,000 രൂപ അഡ്വാന്‍സ് തുക നല്‍കി ഈ കിറ്റ് ബുക്കുചെയ്യാന്‍ സാധിക്കും. പെട്രോള്‍-ഡീസല്‍ കാറുകള്‍ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിന് ആവശ്യമായ നിയമസാധുതയും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. വാഹനം ഇലക്ട്രിക്കിലേക്ക് മാറ്റിയ ശേഷം ആര്‍സിയില്‍ രേഖപ്പെടുത്താം.

Eng­lish sum­ma­ry: Maru­ti Dzire Elec­tric Kit Price Rs 5 Lakh – Launched By North­way Motorsport

You may also like this video:

Exit mobile version