Site iconSite icon Janayugom Online

ജലനിരപ്പ് ഉയരുന്നു; കുട്ടനാട്ടിൽ കൂട്ട പലായനം

കരിപ്പുഴ പാലത്തിന് സമീപം നെബു സദനത്തിൽ മിനി കുടിക്കുവാനുള്ള ശുദ്ധ ജലം ശേഖരിച്ചു വീട്ടിലേയ്ക്ക് മടങ്ങുന്നു

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് 2018 ലെ മഹാപ്രളയത്തിന്റെ ഓർമ്മപ്പെടുത്തലുകളുമായി കുട്ടനാട്ടിൽ പലായനം ആരംഭിച്ചു. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലനിൽക്കെ കക്കി, പമ്പ ഡാം തുറന്നതും ഇന്ന് മുതൽ തുലാവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകിയതുമാണ് കുട്ടനാട്ടുകാരും, അപ്പർകുട്ടനാട്ടുകാരും കൂട്ടപ്പലായനത്തിനൊരുങ്ങുവാൻ കാരണം. സർക്കാർ മുൻകൈയിൽ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെങ്കിലും കോവിഡ് ഭീതിയിൽ പലരും ക്യാമ്പുകൾ ഉപേക്ഷിച്ച് ബന്ധുവീടുകളിൽ അഭയം പ്രാപിക്കുകയാണ്. നദികളുടെയും തോടുകളുടെയും തീരത്ത് താമസിക്കുന്നവർ വീട്ടുസാധനങ്ങൾ കെട്ടിപ്പെറുക്കിയാണ് സ്ഥലംവിടുന്നത്. വളർത്തു മൃഗങ്ങൾ, കോഴി, താറാവ് എന്നിവയെയും ഒപ്പംകൂട്ടിയാണ് കുട്ടനാട്ടുകാരുടെ പലായനം. എടത്വാ-തിരുവല്ല സംസ്ഥാനപാതയും എ സി, എം സി റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡുകളിലും വെള്ളംകയറിയത് പലായനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ജലനിരപ്പ് കൂടുതൽ ഉയർന്നാൽ ഒറ്റപ്പെട്ടുപോകുമെന്നു കണ്ടാണ് മുൻകൂട്ടി പലായനം നടത്തുന്നത്.

നിരണം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. നെടുമ്പ്രം, മുട്ടാർ, തലവടി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലുള്ള താമസക്കാർ ഏറെക്കുറെ വീടുവിട്ടിറങ്ങി. വീട്ടുസാധനങ്ങൾ ഉയർന്ന സ്ഥലങ്ങളിലോ തട്ടുകെട്ടിയോ സംരക്ഷിക്കുന്ന തിരക്കിലായിരുന്നു കുട്ടനാട്ടുകാർ. വെള്ളം ഉയർന്നതോടെ യാത്രാവാഹനങ്ങൾ കരയിലെത്തിക്കുന്ന തത്രപ്പാടിലാണ് ജനം. ദേശീയപാതയോരങ്ങളിൽ യാത്രാവാഹനം പാർക്കുചെയ്യാനുള്ള അന്വേഷണവും നടക്കുന്നുണ്ട്. 2018ലെ പ്രളയത്തിനെക്കാൾ രണ്ടരയടി താഴ്ചയിലാണ് അപ്പർകുട്ടനാടൻ മേഖലകളിൽ ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ്. തിരുവല്ല, കായംകുളം, പൊടിയാടി അമ്പലപ്പുഴ, തിരുവല്ല കുമ്പഴ, എന്നീ സംസ്ഥാന പാതകളിൽ വലിയ വാഹനം ഒഴിച്ചുള്ളവയുടെ ഗതാഗതം മുടങ്ങിയിട്ടുണ്ട്. തിരുവല്ലയ്ക്ക് പടിഞ്ഞാറുള്ള മുഴുവൻ പൊതുമരാമത്ത് റോഡുകളിലും ഗ്രാമീണ റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

 


ഇതുംകൂടി വായിക്കാം;അതിശക്തമായ മഴ തുടരുന്നു; പ്രളയ ഭീതിയിൽ കുട്ടനാട്


 

ഡാമുകൾ തുറന്നതോടെ പമ്പയാറ്റിലൂടെ കൂടുതൽ വെള്ളം എത്തുന്നത് അപ്പർകുട്ടനാട്ടിലെ ജലനിരപ്പ് ഉയർത്തും. വേമ്പനാട്ട് കായലിന്റെ തീരപ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണി കൂടുതലുള്ള സ്ഥലങ്ങളാണ്. ചെറിയ മടവീഴ്ചപോലും താങ്ങാനാവാത്ത പ്രദേശങ്ങളാണ് കൈനകരി, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങൾ. കാവാലം, നെടുമുടി, പള്ളാത്തുരുത്തി ഭാഗങ്ങളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പകൽ മഴപെയ്യാതിരുന്നത് ജനങ്ങൾക്ക് ആശ്വാസമായി. ദുരിതാശ്വാസ ക്യാമ്പുകളിൽ ചിലതിലും വെള്ളം കയറിയിട്ടുണ്ട്. പമ്പയിൽ നിന്നുള്ള ജല പ്രവാഹം ഇന്ന് രാവിലെയോട് കൂടി അപ്പർ കുട്ടനാട് മേഖലയിൽ എത്തുമെന്നാണ് കണക്കു കൂട്ടൽ. രാമങ്കരിയിൽ ഇന്നലെയും മടവീണു. ഇത്തവണ ഒൻപതിടത്താണ് മടവീണത്. തോട്ടപ്പള്ളി സ്പിൽവേയുടെ 39 ഷട്ടറുകൾ തുറന്നതിനാൽ നീരൊഴുക്ക് ശക്തമായിട്ടുണ്ട്.
eng­lish sum­ma­ry; Mass exo­dus in Kuttanad
you may also like this video;

Exit mobile version