ആഗോളതലത്തില്‍ തന്നെ യുഎസ് ഫെഡറല്‍ റിസര്‍വിന് രാജ്യത്തെ കേന്ദ്ര ബാങ്കെന്ന നിലയില്‍ പണപ്പെരുപ്പം തടഞ്ഞുനിര്‍ത്തുന്നതിന് പണനയത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോടൊപ്പം, മറ്റു നിരവധി ഗുരുതരമായ വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടിവന്നിരിക്കുകയാണ്. പണത്തിന്റെ ലഭ്യത കുറയുന്ന വിധത്തിലാണ് വായ്പാ നിരക്കില്‍ വര്‍ധനവ് വരുത്തിക്കൊണ്ടിരിക്കുന്നതെന്നതിനാല്‍ മൊത്തത്തിലുളള വികസന പ്രക്രിയയ്ക്കുതന്നെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ലോകമാസകലമുള്ള വികസിത രാജ്യ ഭരണകൂടങ്ങളിലെ ബജറ്റുകളും അഭൂതപൂര്‍വമായ പ്രതിസന്ധികളിലാണ് വന്നുപെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് നിരവധി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ അവയുടെ മനുഷ്യാധ്വാനശക്തിയില്‍ കുത്തനെ കുറവുവരുത്താനും അവയെ മൂലധന പ്രധാനമാക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും നിരന്തരം പരിശ്രമിച്ചുവരുന്നത്. സമീപകാലത്ത് ഇതിന്റെ അലയൊലികള്‍, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും അനുഭവപ്പെട്ടുവരികയാണ്. ആഗോള സാമ്പത്തികമാന്ദ്യം ഏതു സമയത്തും ഒരു യാഥാര്‍ത്ഥ്യമാകാമെന്ന ആശങ്കയും ഇത്തരം പിരിച്ചുവിടലുകള്‍ക്ക് കാരണമാണ്.
ബൈജൂസ്, അണ്‍അക്കാദമി, സൊമാറ്റോ, ഗൂഗിള്‍, സിസ്കോ, ട്വിറ്റര്‍, മെറ്റാ, ആമസോണ്‍ തുടങ്ങി നിരവധി കമ്പനികള്‍ സമീപദിനങ്ങളില്‍ വന്‍തോതിലാണ് പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. മെറ്റാ സിഇഒ ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഫേസ്ബുക്ക് മേധാവിയും ഉടമയുമെന്ന നിലയില്‍ കോവിഡാനന്തര കാലഘട്ടത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ മനുഷ്യാധ്വാനങ്ങള്‍ക്കു പകരം മൂലധന പ്രധാനമായ നിലയില്‍ സംരംഭങ്ങളെ ഉടച്ചുവാര്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നാണ് നീതീകരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ മറവിലാണ് അവര്‍ 11,000 അതായത് അധ്വാനശക്തിയുടെ 13 ശതമാനത്തോളം പേരെ പിരിച്ചുവിടുന്നത്. കാര്യക്ഷമതാ വര്‍ധനവിലൂടെ മാത്രമേ നിര്‍മ്മാണ ഉല്പാദന മേഖലകളില്‍ പിടിച്ചുനില്ക്കാന്‍ സാധ്യമാകൂ എന്നവര്‍ പറയുന്നു. ട്വിറ്ററും ഇതേ പാതയില്‍ സഞ്ചരിക്കുമ്പോള്‍ സിസ്കോയും ആമസോണും മറിച്ചൊരു മാര്‍ഗം തേടിപ്പോകേണ്ട കാര്യവുമില്ല. സിസ്കോ പിരിച്ചുവിട്ടത് മൊത്തം നാലായിരം ജീവനക്കാരെ, അതായത് അഞ്ച് ശതമാനം പേരെ ആണെങ്കില്‍ ആമസോണ്‍ പദ്ധതിയിട്ടിരിക്കുന്നത് ആഗോളതലത്തില്‍ 10,000 പേരെയാണ്. ഇന്ത്യയിലാണെങ്കില്‍ കമ്പനി നല്കിയിരിക്കുന്ന ഓഫര്‍ സ്വയം പിരിഞ്ഞുപോകലാണ്. ആമസോണ്‍ ഇന്ത്യയില്‍ നിന്നും പിരിഞ്ഞുപോകേണ്ടി വരുന്നവരുടെ കൃത്യമായ കണക്ക് ഈ മാസമോ 2023 ജനുവരിയിലോ മാത്രമേ അറിയാനാകൂ എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ എന്ന സാങ്കേതിക സ്ഥാപനം ലക്ഷ്യമിടുന്ന ലേ ഓഫ് 10,000 ജീവനക്കാരുടേതാണ്. ആര്‍ഫബെറ്റ് സിഇഒ സുന്ദര്‍പിച്ചൈക്ക്, ടിസിഐ ഫണ്ട് മാനേജ്മെന്റ് എംഡി ക്രിസ്റ്റഫര്‍ ഹോണ്‍ എഴുതിയ തുറന്ന കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് ഈ കണക്ക് അല്പം അതിരുവിട്ടതാണ് എന്നാണ്. “കുറഞ്ഞ തൊഴില്‍ ശക്തി, കൂടുതല്‍ മൂലധന നിക്ഷേപം” എന്ന മുതലാളിത്ത വ്യവസ്ഥയുടെ വിജയമന്ത്രത്തിലേക്കാണ് ആഗോള സമ്പദ് വ്യവസ്ഥ എത്തിക്കൊണ്ടിരിക്കുന്നത്.
2022 സെപ്റ്റംബറില്‍ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചത്, മനുഷ്യാധ്വാന ശക്തിക്കു പകരം മൂലധനം ഇറക്കിയാല്‍ ഉല്പാദനമേഖലയുടെ കാര്യക്ഷമത 20 ശതമാനം ഉയര്‍ത്താമെന്നാണ്. ഇന്നു കാണുന്ന ലേ ഓഫ് പ്രക്രിയ തുടരുമെന്നാണ് പ്രൊഫഷണല്‍ മേഖലാ വിദഗ്ധന്മാരുടെ അഭിപ്രായം. കാലാവസ്ഥാവ്യതിയാനമാണ് ഇന്നത്തെ ലേ ഓഫ് നടപടിക്കുള്ള പ്രകോപനമെന്നാണ് ഒരു കൂട്ടം നിരീക്ഷകരുടെ വിലയിരുത്തലെങ്കില്‍ മാക്രോ ഇക്കണോമിക് മേഖലയില്‍ ആഗോളതലത്തില്‍ തുടരാനിടയുള്ള മാന്ദ്യത്തിന്റെ പശ്ചാത്തലം കൂടി കണക്കാക്കിയാല്‍ പ്രശ്നത്തിന്റെ ഗൗരവവും മാനങ്ങളും പതിന്മടങ്ങ് വഷളാകാനാണ് സാധ്യത തെളിയുന്നത്. ഐടി സേവന മേഖലകള്‍ക്കാണ് കനത്ത ആഘാതം ഏല്ക്കേണ്ടിവന്നിരിക്കുന്നത്.
കേരളത്തിന്റെ അനുഭവം നോക്കുക. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 65,000ത്തില്പരം പേരാണ് പണിയെടുക്കുന്നത്. ഒരു സംരംഭംപോലും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ പുതുതായി ഒരു നിയമനവും നടത്തിയതായി അറിയില്ല. കൊച്ചി ഇന്‍ഫോപാര്‍ക്കിലേയും അവസ്ഥ സമാനമാണെന്നാണ് അറിയാന്‍ കഴിയുന്നത്. നിലവിലുള്ള ജീവനക്കാരില്‍ 10 ശതമാനം പേരെ ഇതിനകം പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. വിവിധ എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്നിക്കുകള്‍, ഐടി അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ഉന്നത ബിരുദം നേടി പുറത്തുവരുന്ന ലക്ഷക്കണക്കിന് മിടുക്കന്മാരും മിടുക്കികളുമടങ്ങുന്ന തൊഴിലില്ലാപ്പടയുടെ നീളം അനുദിനമെന്നോണമാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതെന്നോര്‍ക്കണം. ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികള്‍ കോവിഡാനന്തര കാലയളവില്‍ പുറത്താക്കിയ ജീവനക്കാരുടെ എണ്ണം മൂന്നു ലക്ഷത്തോളമാണ്. ഇതില്‍ നല്ലൊരു ഭാഗം കേരളത്തില്‍ നിന്നുള്ളവരുമാണ്.
ഇന്ത്യയിലെ ലേ ഓഫുകളുടെ ആഘാതം എച്ച്-1 ബി വിസയില്‍ പണിയെടുക്കുന്നവരെയും ബാധിക്കാതിരിക്കില്ല. താല്‍ക്കാലിക വിസയുടെ കാലാവധി തുടരുക പ്രസായമായതിനാല്‍ പുതിയ തൊഴിലുകള്‍ക്കായി ഇന്ത്യന്‍ യുവാക്കള്‍ അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നെട്ടോട്ടത്തിലാണ്. എച്ച്-1 ബി വിസ കൈവശമുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് 60 ദിവസങ്ങള്‍ക്കകം മറ്റ് തൊഴില്‍ കണ്ടെത്തേണ്ട ബാധ്യതയുണ്ട്. യുഎസ് സിറ്റിസന്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) എന്ന ഔദ്യോഗിക ഏജന്‍സി പറയുന്നത് 2021ല്‍ മാത്രം അംഗീകാരം കിട്ടിയ 4.07 ലക്ഷം വിദേശീയരില്‍ നിന്നുള്ള അപേക്ഷകരില്‍ 74.1 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ്. പ്രൊഫഷണല്‍ സെര്‍ച്ച് ആന്റ് സെലക്ഷന്‍ ആന്റ് സ്ട്രാറ്റെജിക് അക്കൗണ്ട് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഇന്ത്യന്‍ ഡയറക്ടര്‍ സഞ്ജയ് ഷെട്ടി പറയുന്നത് പുതിയ സാഹചര്യത്തില്‍ കൃത്യമായി എത്ര വിദേശികള്‍ക്ക് രാജ്യം വിടേണ്ടിവരുമെന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നാണ്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരായിരിക്കാനാണ് സാധ്യത. റാന്‍ഡ്സ്റ്റാഡ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്ത്യക്കാരടക്കം അതിവിദഗ്ധ മേഖലകളില്‍ പണിയെടുത്തിരുന്നവരില്‍ ലേ ഓഫിന് വിധേയമാക്കപ്പെട്ടവരില്‍ 70 ശതമാനത്തോളം പേര്‍ക്ക് യുഎസില്‍ തന്നെ മറ്റ് തൊഴിലവസരങ്ങള്‍ കിട്ടിയിരുന്നു. ഈ വസ്തുത അത്ര നിസാരമല്ല. ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്കാണ് യുഎസില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കിട്ടിവരുന്നത് എന്നതുതന്നെ.
ഇക്കാര്യത്തില്‍ നമ്മുടെ സാമ്പത്തിക നയ രൂപീകരണ മേഖലയിലുള്ളവരുടെ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്കായി ഒരു മുന്നറിയിപ്പും നല്കിയിരിക്കുന്നു.
സിഎന്‍എന്‍ ചാനലിന് നല്കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞത് — “നാം ഇപ്പോള്‍ മാന്ദ്യത്തിലല്ലെങ്കില്‍ തന്നെയും അതിവേഗം നാം ഈ സ്ഥിതിയിലെത്തുകതന്നെ ചെയ്യും. നാം എന്തെങ്കിലും ഉടനടി വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതില്‍ മെല്ലെപ്പോക്കു നടത്തുന്നതായിരിക്കും ഉചിതം. അത് അല്പനാളത്തേക്കെങ്കിലും മാറ്റിവയ്ക്കുക”. ഈ വന്‍കിട കുത്തക ഭീമന്‍തന്നെയാണ് ക്രിസ്മസ് അവധിക്കാലത്തിനു മുമ്പുതന്നെ ഒറ്റയടിക്ക് 10,000 പേരെ പിരിച്ചുവിട്ടിരിക്കുന്നതെന്നോര്‍ക്കുക. ഇന്ത്യയില്‍ ആമസോണ്‍ അതിന്റെ എഡുടെക്ക് പ്ലാറ്റ്ഫോം തന്നെ അടച്ചുപൂട്ടുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് തുക തിരികെ നല്കുകയും ചെയ്തിരിക്കുകയാണ്. ഉയര്‍ന്ന സാങ്കേതികവിദ്യാ മേഖലകളില്‍ 1,37,000 വെള്ളകോളര്‍ തൊഴിലുകളാണ് 850 കമ്പനികളിലായി അപ്രത്യക്ഷമായിരിക്കുന്നത്.
ബൈജൂസിന്റെ പരാജയം കോവിഡാനന്തര കാലഘട്ടത്തിലെ പ്രതികൂല നിക്ഷേപ സാഹചര്യങ്ങളുടെ മാത്രം ഫലമല്ലെന്നും വിദ്യാഭ്യാസ മേഖലയില്‍ അതിന്റെ നിക്ഷേപം അല്പം അതിരുകടക്കുക കൂടി ചെയ്തതിനെ തുടര്‍ന്നാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ടെക് കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നത് “പുതിയ നോര്‍മല്‍” എന്ന അവസ്ഥാവിശേഷം ഓണ്‍ലൈന്‍ വിജ്ഞാനവിഹിതമായ ബാധ്യതകളെ ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തുമെന്നായിരുന്നു. ഭാവി സാധ്യതകളെ കൃത്യമായി വിലയിരുത്തുന്നതില്‍ അവര്‍ അമ്പേ പരാജയപ്പെടുകയായിരുന്നു എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ നിരവധി പേര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും നിയമനം നല്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഗിയര്‍ മാറ്റിചലിക്കേണ്ട ഗതികേടില്‍ അകപ്പെട്ടിരിക്കുകയാണ് ബൈജൂസ് അടക്കമുള്ള കമ്പനികള്‍. സ്വയം സൃഷ്ടിച്ച ആപ്പുകളില്‍ അവര്‍ കുടുങ്ങിപ്പോയി എന്നര്‍ത്ഥം. അല്പമെങ്കിലും ദീര്‍ഘവീക്ഷണമുള്ള ‘ഹൈടെക്’ കോര്‍പറേറ്റുകള്‍ — നാടനും വിദേശിയും ഇനങ്ങളിലുള്ളവ- ഉടനടി സംഭവിച്ചിരിക്കുന്ന തിരിച്ചടികളും നഷ്ടങ്ങളും മാത്രം കണക്കിലെടുത്തല്ല പദ്ധതികള്‍ക്ക് രൂപം നല്കിവരുന്നത്. ആസന്ന ഭാവിയില്‍ വന്നുചേരുമെന്ന് കരുതപ്പെടുന്ന ദീര്‍ഘകാല സ്വഭാവത്തോടെയുള്ള മാന്ദ്യ സാധ്യതകള്‍ കൂടി മുന്‍കൂട്ടി കണ്ടതിന്റെ അടിസ്ഥാനത്തിലാണ്. ഇതിനിടെ അപ്രതീക്ഷിതമായി കടന്നുവന്ന റഷ്യ‑ഉക്രെയ്‌ന്‍ സൈനിക ഏറ്റുമുട്ടലുകളുടെ ആരംഭവും അതിന്റെ അന്ത്യം സംബന്ധിച്ചുള്ള അനിശ്ചിതത്വവും പ്രതിസന്ധിക്കു പുതിയൊരു മാനം കൂടി പകര്‍ന്നു നല്കുകയാണുണ്ടായത്. പരസ്യ പ്രചാരണം ഒരു മുഖ്യ വരുമാന മാര്‍ഗമായി കരുതി നിക്ഷേപരംഗത്ത് വന്നെത്തിയവര്‍ ടെക് കമ്പനികളുടെ തുടര്‍ച്ചയായ തിരോധാനം വന്നുപെട്ടതോടെ തീര്‍ത്തും അങ്കലാപ്പിലാവുകയാണുണ്ടായത്. ഇക്കൂട്ടത്തില്‍ മാന്ദ്യമെന്ന ദുരന്തത്തെപ്പറ്റി ആദ്യം മുന്നറിയിപ്പുമായി രംഗത്തുവന്നത് കോയിന്‍ ബേസ് സിഇഒ ബ്രയല്‍ ആംസ്ട്രോണ്‍ ആയിരുന്നു. പതിഞ്ഞ സ്വരത്തിലുള്ള പ്രതിഷേധ ശബ്ദങ്ങള്‍ ക്രമേണ ശക്തി പ്രാപിക്കുകയും സമ്പദ്‌വ്യവസ്ഥയിലാകെ പടര്‍ന്നുപിടിക്കുകയും ചെയ്യുമെന്ന് 1930കളിലെ മഹാമാന്ദ്യവും 2007–2008 കാലയളവിലെ ആഗോള ധനകാര്യ പ്രതിസന്ധിയും നമ്മെ ഓര്‍മ്മപ്പെടുത്തിയതാണ്. ഇതിന്റെയെല്ലാം തനിയാവര്‍ത്തനമാവാതിരിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ വഴിയില്ല.