Site iconSite icon Janayugom Online

പഴംതമിഴ് മൊഴിയുന്ന മതിലകം രേഖകള്‍

നൂറ്റാണ്ടുകള്‍ക്ക് മുൻപുള്ള കേരള ചരിത്രം പഠിക്കുവാൻ സഹായകമായ ചരിത്ര സാമഗ്രികള്‍ എണ്ണത്തില്‍ കുറവാണെന്ന് പറയാം. വിദേശ സഞ്ചാരികളുടെ യാത്രാകുറിപ്പുകള്‍, തമിഴ്-സംസ്കൃത ഭാഷാ ഗ്രന്ഥങ്ങള്‍, ഐതിഹ്യങ്ങള്‍ ഇവയ്ക്കുപരി കെട്ടുകഥകളുടെ ആധിക്യമില്ലാതെ ശാസ്ത്രീയ വീക്ഷണത്തോടെ ചരിത്ര നിര്‍ണയത്തിനു സഹായിക്കുന്ന വസ്തുകള്‍, നാണയങ്ങള്‍, ശില്പങ്ങള്‍, ശിലാരേഖകള്‍, ചെപ്പേടുകള്‍ (താമ്രപത്രങ്ങള്‍) തുടങ്ങിയവയാണു പഠിതാക്കള്‍ക്ക് ഏറെ സഹായകമായി തീര്‍ന്നിട്ടുള്ളത്. കേരള ചരിത്രം തയ്യാറാക്കാൻ ഏറെ പ്രയോജകീഭവിച്ച ഒട്ടേറെ ചെപ്പേടുകളും ശിലാശാസനങ്ങളും പലപ്പോഴായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്രി.മുൻപ് അശോകന്റെ കാലം മുതല്‍ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയില്‍ തുടങ്ങിയ ആധുനിക തിരുവിതാംകൂര്‍ രാജാക്കൻമാരുടെ കാലംവരെ പല ഘട്ടങ്ങളിലായി ശാസന ചരിത്രം ചിതറികിടക്കുന്നു. അവയില്‍ പലതും കേരളത്തിനു പുറത്താണ്. ഇവിടെയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മതിലകം രേഖകളുടെ പ്രസക്തി. പഴയ വേണാടിന്റെയും തിരുവിതാംകൂറിന്റ ചരിത്രത്തിലേക്ക് ചരിത്രാന്വേഷികളെ അവ വഴി നടത്തുന്നു.

തരിസാപ്പള്ളി ശാസനങ്ങള്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള രേഖകളാണ് മതിലകം രേഖകള്‍. ക്ഷേത്ര മതിലകത്ത് സൂക്ഷിച്ചിരുന്നതിനാല്‍‍ മതിലകം രേഖകള്‍ എന്നു പേരുവന്നു. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥവരി, തമിഴ് എന്നീ ലിപികളിലാണ് വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. കടലാസ് പ്രചാരത്തില്‍ വരുന്നതിനു മുമ്പ് പനയോല മുറിച്ച് പുഴുങ്ങി പാകപ്പെടുത്തി മഞ്ഞള്‍ പുരട്ടി ഉണക്കി നാരായം കൊണ്ടെഴുതുന്ന രീതിയായിരുന്നു മുന്‍കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നത്. ആയിരം വര്‍ഷങ്ങളുടെ പഴക്കം ഈ രേഖകള്‍ക്ക് പറയാം.

1916 വരെ തുടര്‍ച്ചയായി രാജകാര്യങ്ങളും ക്ഷേത്രകാര്യങ്ങളും രാജകുടുംബത്തിലെ പ്രധാന സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടു. ഒന്നാം ഓല ലഭ്യമായിട്ടില്ല. തിരുവിതാംകൂറിന്റെ ചരിത്രം ശരിയായി രേഖപ്പെടുത്തപ്പെട്ട ആധികാരിക രേഖകളാണിവ. കൊല്ലം, കായംകുളം, പരവൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍ ധാരാളം സമ്പത്ത് ക്ഷേത്രത്തില്‍ നടയ്ക്ക്‌വച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശ്രീപത്മനാഭസ്വാമിയുടെ നിധിശേഖരത്തെയും വിഗ്രഹത്തില്‍ നിത്യേന ചാര്‍ത്തുന്നതും അല്ലാതെയുമുള്ള സ്വര്‍ണാഭരണങ്ങളുടെയും മറ്റും വ്യക്തമായ ചിത്രം മതിലകം രേഖകളില്‍ കാണാം.

വാഴപ്പള്ളി ശാസനം

മതിലകം രേഖകള്‍ രണ്ട് വിഭാഗങ്ങളായി തിരിക്കാം. രേഖകളും നീട്ടുകള്‍ അഥവാ ശാസനങ്ങളും‍. ഓരോ രേഖ തുടങ്ങുന്നതും ഇപ്രകാരമാണ്. ആ ദിവസം, നക്ഷത്രം, ജ്യോതിഷ സവിശേഷതകള്‍, പ്രതിപാദ്യം, രാജയോഗമോ ക്ഷേത്ര കാര്യങ്ങളോ ആണെങ്കില്‍ അതില്‍ ആരൊക്കെ പങ്കെടുത്തു, അതിന്റെ തീരുമാനം എപ്രകാരമായിരുന്നു. ഇത്തരം കാര്യങ്ങളടങ്ങിയതാണ് ഓരോ രേഖകളും. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍, ടി എസ് വേലുപ്പിള്ള, ശൂരനാട് കുഞ്ഞന്‍പിള്ള എന്നീ പണ്ഡിതന്മാര്‍ ചേര്‍ന്ന് രേഖകളുടെ ഒരു ഭാഗം മൊഴിമാറ്റം നടത്തുകയുണ്ടായി. എട്ട് കൊല്ലത്തെ കഠിന പരിശ്രമത്തിലൂടെയാണ് ആ മഹാസംരംഭം പൂര്‍ത്തിയാക്കിയത്. ഇരുപത്തഞ്ചു പേരടങ്ങുന്ന ഒരു സംഘം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു. ഓലകള്‍ പഠിച്ച് പുസ്തക രൂപത്തിലാക്കുകയാണുണ്ടായത്. 205 വാല്യങ്ങള്‍, 500 പേജുകള്‍. വലിയൊരു തപസുതന്നെയായിരുന്നു ആ പ്രവര്‍ത്തനം. ചില വാല്യങ്ങള്‍ക്ക് മൂന്നു ഭാഗങ്ങള്‍ വരെയുണ്ട്. ഭാഷാവികസനം, നൂറ്റാണ്ടുകളിലൂടെയുള്ള ഭാഷാപരിണാമം, നാടിന്റെ ചരിത്രം, സംസ്കാരം, വികസനം, സ്ത്രീകളുടെ അവസ്ഥ, കുറ്റകൃത്യങ്ങള്‍ ഇങ്ങനെ ഓരോ ചരിത്രവും വേര്‍തിരിച്ചറിയാന്‍, മതിലകം രേഖകള്‍, ആഴ്ന്നിറങ്ങി പഠിക്കുന്ന ഓരോ ചരിത്രവിദ്യാര്‍ത്ഥിക്കും സാധിക്കും.


കേരള പുരാരേഖാ വകുപ്പില്‍ സൂക്ഷിച്ചിരിക്കുകയാണിവ. 40 ലക്ഷം ഓലകള്‍ പുരാരേഖാ വകുപ്പിലുണ്ട്. താളിയോലകളെ ഓരോ കെട്ടുകളായാണ് സൂക്ഷിച്ചിരുന്നത്. അവയ്ക്ക് ചുരുണ എന്ന് പേര്‍. ഓരോ കെട്ട് ചുരുണയിലും 1000 മുതല്‍ 1500 വരെ ഓലകളുണ്ട്. ഓരോ ചുരുണയ്ക്കും ഓരോ ഓലയ്ക്കും നമ്പരുകളുണ്ട്. അങ്ങനെ നോക്കിയാല്‍ 45 ലക്ഷത്തോളം ഓലകള്‍ ഉണ്ടാവും മതിലകം രേഖകളില്‍. ഓലകള്‍ക്ക് കാലഗണനയോ വിഷയക്രമമോ പാലിച്ചിട്ടില്ല. താളിയോലകള്‍ പൂര്‍ണമായും മലയാളത്തിലേക്ക് വിവര്‍ത്തനം നടത്തി ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമം പുരാരേഖാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇനിയും കാണാത്ത നിരവധി രഹസ്യങ്ങള്‍ താളിയോലകളില്‍ മറഞ്ഞിരിക്കുന്നുണ്ടാകാം. തിരുവിതാംകൂര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങള്‍ ഇനിയും ഈ രേഖകളില്‍ നിന്നും ലഭിക്കാം. ഇന്നും ചരിത്രാന്വേഷികള്‍ക്കും പഠിതാക്കള്‍ക്കും വിലപ്പെട്ടതാണ് ഈ രേഖകള്‍. പുരാരേഖാ വകുപ്പ്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രസ്നേഹികള്‍ക്കും മറ്റും അംഗത്വമെടുത്ത് ഈ രേഖകള്‍ വായിച്ച് പ്രയോജനപ്പെടുത്താവുന്നതാണ്.

കര്‍ക്കടകവ്വിയാഴത്തില്‍ തനു ഞായിറ്റു തിരുവാനന്തപുരത്തു സഭൈയും ചമഞ്ചിതനും… സഭ രാമഭഴാരര്‍ തിരുവടിയുങ്കൂടി ഇരുന്നരുളിയേടത്തു മരുതിമൺ ആതിച്ചരാമൻ തിരുവായ്മ്പ ടിപ്പിള്ളൈക്കു കൊട്ടുവാൻ വെള്ളിത്തിരുവണുക്കത്തുടിയും കൊടുത്തു നിയതിമടൈയാൽ ഇരുന്നാഴി ചേയ്‌തരി തിരുവമിർതുചെയ്യുമാറു കല്പിച്ചുകൊടുത്ത് മൂൻറു ചലാകൈയും അഴകച്ചുമുപ്പതും ടിയിൽ മേൽച്ചാന്തി ചെയ്യുന്നമ്പിമാരിടങ്കൊടുത്തു. പൊലിയാൽ ആണ്ടുവരകൊള്ളുന്നെൽ ഒക്കും പറൈയാൽ അറുപതു പറൈ ചേയ്തുകൊണ്ടു ആചന്ദ്രതാരവല്‍ ചെലവു ചെലുത്തി വരുവിതു. തിരുവണുക്കത്തുടികൊട്ടുമ വന്നു വിരുത്തിക്കു ടിയാൻ പുലവരമ്പിൽ കേരളരാമന്നു കടങ്കൊടുത്ത മൂൻറു ചലാകെയും അഴകച്ചു പതിനഞ്ചിന്നും പണന്നാലിന്നും പൊലിയാൽ ആണ്ടുവര പങ്കുനി ഉത്തിരത്തിന്നു കൂവൈയൂർക്കാലിൽ നീർമണ്ണടി നിലം പതിനോരുപറൈ വിത്തുപാട്ടാലും പുറൈക്കൂലി നീക്കിത്തിരുവായ്‌മ്പാടി മണ്ഡപത്തിൽക്കൊണ്ടുവന്നളവുതരുന്നെൽ ഒക്കും പറൈയാൽ മുപ്പതുപറൈ. ഇന്നെൽ ഒരു തുടൈ മുട്ടുകിൽ ഇന്നിലമുംമിക്കു ടിയാർകള്ളപൂമിപുരൈയിടം എപ്പേർപ്പെട്ടതുന്തടുത്തു വിലക്കി വളൈച്ചു വച്ചു അച്ചും പൊലിയും തണ്ടിക്കൊണ്ടു പിന്നൈയും ചരതമായ് ഒരടത്തു കൊടുത്തു പൊലിയുങ്കൊണ്ടു ചേകോപ്പണിയുഞ്ചെയ്തു വരുവിതു.

(തിരുവാമ്പാടി ശാസനത്തിൽനിന്ന് കാലം: പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാർദ്ധം)

പരിഭാഷ: വ്യാഴം കർക്കടകത്തിൽ നിന്ന ധനുമാസത്തിൽ തിരുവനന്തപുരം സഭയും സഭയുടെ കാര്യദർശിയും… രാമപഴാരർ തിരുവടിയും കൂടിയിരുന്നപ്പോൾ മരുതിമൺകാരനായ ആതിച്ചരാമൻ തിരുവാമ്പാടി കൃഷ്ണനു കൊട്ടുവാൻ വെള്ളിത്തിരുവണുക്കത്തുടിയും കൊടുത്തു ദിവസവും രണ്ടുമട അരി വീതം നിവേദ്യം കഴിക്കുവാൻ ഏർപ്പാടും ചെയ്ത മൂന്നു ശലാകയും മുപ്പത് അഴകച്ചും അവിടത്തെ മേൽശാന്തിക്കാരായ നമ്പിമാർവശം ഏല്പിച്ചു. പലിശയായി ആണ്ടടക്കം കിട്ടുന്ന നെൽ സ്റ്റാൻഡേർഡ് പറയ്ക്ക് അറുപതു പറവീതം വാങ്ങി ചന്ദ്രനും നക്ഷത്രങ്ങളും ഉള്ളിടത്തോളം കാലം നിവേദ്യം നടത്തണം. തിരുവണുക്കത്തുടികൊട്ടുന്നവന്നു വിരുത്തിക്ക്, ആതിച്ചരാമൻ പുലവരമ്പില്‍ കേരളരാമന്നു കടം കൊടുത്തിട്ടുള്ള മൂന്നു ശലാകയ്ക്കും പതിനഞ്ച് അഴകച്ചിനും നാലു പണത്തിനും ആണ്ടടങ്കം പലിശയായി, കൂവയൂർക്കാലിലുള്ള നീർമണ്ണടി പതിനൊന്നുപറ നിലത്തിൽനിന്നും, മീനമാസത്തിലെ ഉത്തിരംനാളിൽ സ്റ്റാൻഡേർഡ് പറയ്ക്ക് മുപ്പതുപറ നെല്ല് (പുരക്കൂലിയെല്ലാം കഴിച്ച്) തിരുവാമ്പാടി മണ്ഡപത്തിൽ കൊണ്ടുവന്ന് അളവ് തരുന്നതാണ്. ഈ നെല്ല് ഒരു തവണ മുട്ടിയാൽ ഈ നിലവും വേറെടിയാനുള്ള നിലം പുരയിടങ്ങൾ സർവ്വവും തടുത്തു വിലക്കുരാമയും കെട്ടി കേരളരാമനെ അറസറ്റുചെയ്തു പണവും പലിശയും വസൂലാക്കിക്കൊണ്ട് സൂക്ഷ്മമായി പിന്നെയും വേറൊരാളിനെ ഏല്പിച്ചു പലിശയും വാങ്ങി ചേകോപ്പണി ചെയ്തുകൊള്ളണം.
ആദിദ്രാവിഡ ഭാഷയെന്നും പഴന്തമിഴ് ഭാഷയെന്നുമൊക്കെ വിളിക്കപ്പെട്ട ഭാഷാസ്വരൂപത്തിന്റെ അതിപ്രസരം മതിലകം രേഖകളില്‍ തെളിഞ്ഞുകാണാം.

Exit mobile version