Site iconSite icon Janayugom Online

മാക്സ്‌‘വെല്‍’ പടിയിറക്കം; 13 വര്‍ഷത്തെ ഏകദിന കരിയറിന് വിരാമം

വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ ഏറ്റവും ആക്രമണകാരികളിലൊരാളായ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ടി20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിച്ചതെന്ന് താരം പറഞ്ഞു. ഇതോടെ 13 വര്‍ഷത്തെ ഏകദിന കരിയറിനാണ് മാക്സി തിരശീലയിട്ടത്.
‘കളിക്കാൻ കഴിയുമെങ്കിൽ ഞാൻ ടീമിൽ തുടരുമായിരുന്നു. കുറച്ച് മത്സരങ്ങൾ കൂടി കളിക്കാൻ വേണ്ടി ടീമിൽ തുടരാൻ ആ​ഗ്രഹിക്കുന്നില്ല. കൃത്യമായ പദ്ധതികളിലൂടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് മുന്നോട്ടുപോകുന്നത്. ഓസ്‌ട്രേലിയന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലിയുമായി സംസാരിച്ചാണ് വിരമിക്കല്‍ അറിയിച്ചത്. ബിഗ് ബാഷ് ലീഗിലും മറ്റ് ആഗോള ടി20 ലീഗുകളിലും തുടര്‍ന്ന് കളിക്കും.’-മാക്സ്‌വെല്‍

2012 മുതൽ 2025 വരെ നീളുന്ന ഏകദിന കരിയറിൽ 149 മത്സരങ്ങൾ കളിച്ചു. 3990 റണ്‍സ് നേടുകയും 77 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. രാജ്യാന്തര ഏകദിനങ്ങളില്‍ 33.81 ശരാശരിയിലും 126.70 സ്ട്രൈക്ക്‌റേറ്റിലുമായിരുന്നു മാക്സ്‌വെല്ലിന്റെ ബാറ്റിങ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റാണിത്. 2015, 2023 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു മാക്സ്‌വെല്‍. 2023 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പരാജയം മുന്നില്‍ കണ്ട് ഓസീസിനെ ഇരട്ട സെഞ്ചുറിയുമായി (201*) വിജയത്തിലെത്തിച്ച് മറക്കാനാകാത്ത പ്രകടനം ക്രിക്കറ്റ് ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ മാക്സിക്കായി. 201 റണ്‍സാണ് ഏകദിനത്തില്‍ മാക്സ്‌വെല്ലിന്റെ ഉയര്‍ന്ന സ്കോറും. ഏകദിനത്തിൽ ആകെ നാലു സെഞ്ചുറികളും 23 അർധസെഞ്ചുറികളും അടിച്ചെടുത്തു. 

ബൗളിങ്ങില്‍ ഓഫ് സ്പിന്നറായി നാലു തവണ നാലു വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ഫീൽഡിങ്ങിലും മികച്ച പ്രകടനം നടത്തിയ മാക്സ്‌വെൽ 91 ക്യാച്ചുകളും നേടിയിട്ടുണ്ട്. ഇതോടെ 2027 ലോകകപ്പില്‍ മാക്സ്‌വെല്‍ ഓസീസ് ടീമിലുണ്ടാകില്ലെന്ന് വ്യക്തമായി. എന്നാല്‍ അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഓസീസ് ടീമില്‍ മാക്സിയുണ്ടാകും. നേരത്തെ സ്റ്റീവ് സ്മിത്ത് 2025 മാര്‍ച്ചിലും, മാര്‍ക്കസ് സ്റ്റോയിനിസ് 2025 ഫെബ്രുവരിയിലും, മാത്യൂ വെയ്‌ഡ് 2024 ഒക്ടോബറിലും, ഡേവിഡ് വാര്‍ണര്‍ 2024 ജനുവരിയിലും വിരമിച്ചിരുന്നു. 

Exit mobile version