മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ മൈക്കോവാക്കനിൽ മേയറെ വെടിവച്ചു കൊലപ്പെടുത്തി. ഡെഡ് ഡേ ആഘോഷങ്ങൾക്കായി ഒത്തുകൂടിയ ആളുകള്‍ക്കിടയില്‍ വച്ചായിരുന്നു ആക്രമണം. ഉറുപാൻ മേയർ കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസാണ് കൊല്ലപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിൽ ഒരു നഗരസഭാ അംഗത്തിനും അംഗരക്ഷകനു പരിക്കേറ്റു. മേയര്‍ക്കെതിരെ ഏഴുതവണയാണ് അക്രമി വെടിയുതിര്‍ത്തത്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
മെെക്കോകാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ക്രിമനല്‍ ഗ്രൂപ്പുകളുടെ ഏറ്റുമുട്ടലുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് ഫെഡറൽ സുരക്ഷാ സെക്രട്ടറി ഒമർ ഗാർസിയ ഹാർഫുച്ച് പറഞ്ഞു. മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോകാൻ. പ്രദേശത്തിന്റെ നിയന്ത്രണത്തിനും മയക്കുമരുന്ന് വിതരണ മാർഗങ്ങൾക്കും വേണ്ടി വിവിധ കാർട്ടലുകളും ക്രിമിനൽ ഗ്രൂപ്പുകളും തമ്മില്‍ പതിവായ ഏറ്റുമുട്ടല്‍ നടക്കാറുണ്ട്.
കഴിഞ്ഞ മാസം, കാർട്ടലുകളെയും ക്രിമിനൽ ഗ്രൂപ്പുകളെയും നേരിടാൻ മാൻസോ റോഡ്രിഗസ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. മൈക്കോവാക്കനിലെ ടകാംബരോ മുനിസിപ്പാലിറ്റി മേയര്‍ സാൽവഡോർ ബാസ്റ്റിദാസും ജൂണില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2024 ഒക്ടോബറിൽ, മാൻസോ റോഡ്രിഗസിനെ അഭിമുഖം നടത്തിയതിന് തൊട്ടുപിന്നാലെ, മാധ്യമപ്രവർത്തകനായ മൗറിസിയോ ക്രൂസ് സോളിസിനും വെടിയേറ്റിരുന്നു.
മെക്സിക്കോയില്‍ മേയറെ വെടിവച്ചു കൊലപ്പെടുത്തി

