മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ (എംപിഐ) വിളക്കുപാറയിൽ ആരംഭിക്കുന്ന മൂല്യവർദ്ധിത ഇറച്ചി ഉൽപന്ന സംരക്ഷണ ഫാക്ടറിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. നിർമ്മാണം പൂർത്തിയായി വരുന്ന ഫാക്ടറി പി എസ് സുപാൽ എംഎൽയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. അഡ്വ കെ രാജു മന്ത്രിയായിരുന്നപ്പോൾ മുൻകൈയെടുത്താണ് 13.5 കോടി രൂപ ചെലവഴിച്ച് ഫാക്ടറിയുടെ നിർമാണം ആരംഭിച്ചത്. ഏരൂർ ഗ്രാമപഞ്ചായത്ത് വിട്ട് നൽകിയ ഭൂമിയിലാണ് ഫാക്ടറി നിർമ്മിക്കുന്നത്. പ്രതിദിനം 2000 കിലോ മൂല്യവർദ്ധിത ഇറച്ചി ഉൽപ്പന്നങ്ങൾ ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയും. മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യയുടെ കൂത്താട്ടുകുളം ഇടയാറിലുള്ള ഹൈടെക് സ്ലോട്ടർ ഹൗസിൽ ശുദ്ധീകരിച്ച്, സംസ്കരിച്ച്, ശീതീകരിച്ച ഇറച്ചി ഉൽപ്പന്നങ്ങൾ വിളക്കുപാറയിലെ ഫാക്ടറിയിൽ കോൾഡ് ചെയിൻ സമ്പ്രദായത്തിൽ എത്തിച്ച് പാചകം ചെയ്ത് ഉടനടി ഉപയോഗിക്കാവുന്ന ഉൽപന്നങ്ങളും, പ്രോസൺ ഉൽപന്നങ്ങളായ സോസേജ്, കബാബ്, നഗട്ട്സ്, കട്ലറ്റ്, ബർഗർ, സലാമി, പോപ്പ്കോൺ, സ്മോക്കി മീറ്റ്, മീറ്റ് ബോൾ തുടങ്ങിയ ഇവിടെ നിന്ന് ഉൽപാദിപ്പിക്കും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇറക്കുമതി ചെയ്ത അത്യാധുനിക യന്ത്ര സാമഗ്രികൾ ഉൽപാദനത്തിന് സജ്ജമായി കഴിഞ്ഞു.
എംഎൽഎയോടൊപ്പം എംപിഎ ചെയർപേഴ്സൺ കമലാ സദാനന്ദൻ, മാനേജിങ് ഡയറക്ടർ ഡോ. എ എസ് ബിജുലാൽ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയൻ, വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യാ ബിനു, പഞ്ചായത്തംഗങ്ങളായ ഡോൺ വി രാജ്, അഞ്ജു തുടങ്ങിയവരുമുണ്ടായിരുന്നു. മെയ് മാസത്തോടെ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് എംഎൽഎ അറിയിച്ചു.