Site icon Janayugom Online

മെഡിസെപ്: പ്രതിബദ്ധതയുടെ പുതിയ ചുവടുവയ്പ്

2022 ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മെഡിസെപ്, പത്തര ലക്ഷത്തോളം വരുന്ന കേരളത്തിലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഇരുപത് ലക്ഷത്തോളം വരുന്ന അവരുടെ ആശ്രിതരുമുൾപ്പെടെ 30 ലക്ഷത്തിലധികം പേർക്ക് പ്രയോജനപ്പെടുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതിയാണ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ജനങ്ങളിലേക്ക് എത്തുന്നത്. ഇതോടെ എൽഡിഎഫ് ജനങ്ങൾക്ക് നല്കിയ ഒരു വാഗ്ദാനം കൂടി പൂർണാർത്ഥത്തിൽ നടപ്പിലാവുകയാണ്. 42 ലക്ഷത്തിലധികം ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ സാധ്യമാക്കിയും 57 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകിയും നിരവധി സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കിയും എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുകയാണ്. ഇടത്തരം മധ്യവരുമാനക്കാരുടെ വിഭാഗത്തിന് കുറഞ്ഞ പ്രീമിയത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് മെഡിസെപ്പിലൂടെ കൈവരിക്കാനാകുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും ചെലവ് കുറഞ്ഞ ചികിത്സയും ആരോഗ്യ സുരക്ഷയും പ്രാപ്യമാക്കുക എന്ന സമഗ്രമായ ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്.

മെഡിസെപ്പിൽ എംപാനൽ ചെയ്തിട്ടുള്ള, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ജൂലൈ ഒന്ന് മുതൽ ലഭ്യമായി തുടങ്ങും. സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അധ്യാപകർ, എയ്ഡഡ് സ്കൂളുകളിലേതുൾപ്പെടെയുള്ള അധ്യാപക അനധ്യാപക ജീവനക്കാർ, സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ തുടങ്ങിയവരും അവരുടെ ആശ്രിതരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവരുടെ ശമ്പളത്തിൽ നിന്നോ പെൻഷനിൽ നിന്നോ പ്രതിമാസം 500 രൂപ പ്രീമിയമായി സ്വീകരിച്ചുകൊണ്ട് ഒരു കുടുംബത്തിന് പ്രതിവർഷം മൂന്ന് ലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് മെഡിസെപ്പിലൂടെ നല്കുന്നത്. നിലവിൽ വിവിധ രോഗങ്ങളുടെ ചികിത്സയിൽ തുടരുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും.

12 മാരക രോഗങ്ങൾക്കും അവയവമാറ്റ ചികിത്സാ പ്രക്രിയകൾക്കും അധിക പരിരക്ഷ നല്കുന്നതിനായി 35 കോടി രൂപയുടെ ഒരു കോർപസ് ഫണ്ട് മെഡിസെപ്പിന്റെ ഭാഗമായി രൂപീകരിക്കുന്നുണ്ട്. മുതിർന്ന പൗരന്മാരുടെ എണ്ണം നമ്മുടെ സംസ്ഥാനത്ത് വർധിച്ചുവരികയാണ്. അവരുടെ ക്ഷേമവും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്താനുള്ള പദ്ധതികൾ സംസ്ഥാന ബജറ്റിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. മെഡിസെപ്പിലൂടെ ഏറ്റവും പ്രയോജനം ലഭിക്കുന്നതും മുതിർന്ന പൗരന്മാരുടെ സമൂഹത്തിനാണ്. പ്രീ മെഡിക്കൽ പരിശോധനകൾ ഇല്ലാതെ ഇൻഷുറൻസ് പരിരക്ഷ നല്കുന്നു എന്നതാണ് മെഡിസെപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. 40 വയസായവർ പോലും നിരവധി മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകേണ്ടിവരികയും ഉയർന്ന പ്രീമിയം ഒടുക്കേണ്ടിവരികയും ചെയ്യുന്ന സ്ഥിതിയാണ് പൊതുവെ മെഡിക്കൽ ഇൻഷുറൻസ് രംഗത്തുള്ളത്. എന്നാൽ താരതമ്യേന കുറഞ്ഞ പ്രീമിയം തുക ഒടുക്കി 1920 ചികിത്സാ പ്രക്രിയകൾക്ക് അടിസ്ഥാന പരിരക്ഷ മെഡിസെപ്പിലൂടെ നല്കുന്നു.

മെഡിസെപ് ആരംഭിച്ച് മൂന്നു മാസത്തിനുള്ളിൽ പദ്ധതിയിൽ ഉൾപ്പെടാത്ത ഏതെങ്കിലും ചികിത്സാ പ്രക്രിയയുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകൾ വരികയാണെങ്കിൽ ആയതിനെ പുതിയ ചികിത്സാ പ്രക്രിയയായി അംഗീകരിച്ച് പരിരക്ഷയുടെ ഭാഗമാക്കുകയും ചെയ്യും. ആരോഗ്യരംഗത്തെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ എക്സെപെർട്സ് കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചികിത്സാ വ്യവസ്ഥകളും പട്ടികയും നിരക്കുകളും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിലെ ഇൻ പേഷ്യന്റ് ചികിത്സകൾക്ക് മാത്രമെ ഈ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എങ്കിലും അപകട/ജീവന് ഭീഷണിയുള്ള അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പദ്ധതിയുടെ കീഴിൽ പരിരക്ഷ ലഭിക്കും. മാത്രമല്ല, എല്ലാ സർക്കാർ ആശുപത്രികളിലെയും റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി (എസ്‌സിടിഐഎംഎസ്‌ടി), മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെയും ഔട്ട് പേഷ്യന്റ് ചികിത്സയ്ക്ക് നിലവിൽ പ്രതിപൂരണ സമ്പ്രദായം (മെഡിക്കൽ റീ ഇംബേഴ്സ്മെന്റ്) തുടരുകയും ചെയ്യും.

മെഡിസെപ് പദ്ധതിയിൽ അംഗങ്ങളായവർക്കെല്ലാം ഡിജിറ്റൽ ഐഡി കാർഡ് ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഏത് പരാതിയും പരിഹരിക്കുന്നതിന് പരാതി പരിഹാര സമിതികൾ രൂപീകരിച്ചിട്ടുണ്ട്. മെഡിസെപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും https://www.medisep. kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മെഡിസെപ്പിൽ എംപാനൽ ചെയ്യപ്പെട്ട സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളുടെ ലിസ്റ്റും മെഡിസെപ് വെബ് പോർട്ടലിൽ ലഭ്യമാണ്. കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ ആരോഗ്യ പദ്ധതിയായി മെഡിസെപ് മാറും എന്നതിൽ സംശയമില്ല. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരും മുതിർന്ന പൗരന്മാരായ പെൻഷൻകാരും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പേർക്ക് ചെലവ് കുറഞ്ഞ ചികിത്സ നൽകുന്നതിലൂടെ സമൂഹത്തിന്റെ ആരോഗ്യസുരക്ഷ വലിയൊരളവിൽ ഉറപ്പുവരുത്താൻ കഴിയും. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും മെഡിസെപ്പിന് സമാനമായ ആരോഗ്യ സുരക്ഷാ പദ്ധതികൾ സർക്കാർ മുൻകയ്യിൽ നിലവിലില്ല എന്നുതന്നെ പറയാം. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദൽ വികസന സങ്കല്പത്തിന്റെ ഫലശ്രുതി കൂടിയാണ് ഇത്തരം പദ്ധതികൾ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇച്ഛാശക്തിയും പ്രതിജ്ഞാബദ്ധതയുമാണ് മെഡിസെപ് നടപ്പിൽ വരുത്തുന്നതിലൂടെ ഒരിക്കൽക്കൂടി തെളിയിക്കപ്പെടുന്നത്.

Exit mobile version