തമിഴ് നാട്ടിൽ തിരുനെൽവേലിക്കു സമീപത്തെ ഒറ്റയാൾ ഗ്രാമമായ മീനാക്ഷിപുരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘വൺമാൻ വില്ലേജ്’ ഡൽഹി ഹൃസ്വ ചിത്ര രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 20നാണ് ചലച്ചിത്ര മേള. പത്രപ്രവർത്തകനായ ആത്മജവർമ തമ്പുരാൻ എഴുതിയ തിരക്കഥയിൽ സിനിമ സംവിധായകൻ ജയരാജാണ് ഡോക്യുമെന്ററിയായി ചിത്രീകരിച്ചത്.
തിരുനെൽവേലിക്കും തൂത്തുക്കുടിക്കും മധ്യേയുള്ള സെക്കാരക്കുടി ഗ്രാമപ്പഞ്ചായത്തിലാണ് മീനാക്ഷിപുരം. ശുദ്ധജലം കിട്ടാത്തതിനാൽ ഗ്രാമവാസികൾ മുഴുവൻ ഇവിടെ നിന്നു പലായനം ചെയ്തിട്ടും കന്തസ്വാമി (74) മാത്രം ഇവിടംവിട്ടു പോയിരുന്നില്ല.
ഏകദേശം മൂന്നു പതിറ്റാണ്ടായി ഗ്രാമത്തിൽ ജീവിച്ചിരുന്ന കന്തസ്വാമി കഴിഞ്ഞ ജൂണിൽ വിടപറഞ്ഞു. ഈർപ്പവും പച്ചപ്പും അകന്നു പോയ ഗ്രാമത്തിന്റെ കഥ കന്തസ്വാമിയിലൂടെയാണ് അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ സമൃദ്ധികൾ മാത്രം സ്വപ്നം കണ്ട ഒരുപറ്റം ഗ്രാമീണർക്കു മുന്നിൽ ഈ ഊഷരഭൂമി വരച്ചുചേർത്ത ചിത്രത്തിന്റെ നേർസാക്ഷ്യമാണ് ഡോക്യുമെന്ററി. മീനാക്ഷിപുരത്ത് ചിത്രീകരിച്ച ഡോക്യുമെന്ററിയിൽ കന്തസ്വാമി മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.