ഇന്ത്യൻ ഭരണഘടനയുടെ പിതാവും ഇന്ത്യയിലെ അടിസ്ഥാന വർഗത്തിന്റെ വിമോചകനുമായ ഭീം റാവു അംബേദ്കറിന്റെ സ്മരണ നിഴല്‍പ്പോലെ നമുക്കൊപ്പമുണ്ട്. അംബേദ്കറെ നമുക്കറിയാം, എന്നാൽ അംബേദ്കറുടെ ചിന്തകളും ആശയങ്ങളും ഒട്ടും ഉൾക്കൊണ്ടിട്ടില്ലെന്നു വേണം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വര്‍ത്തമാനങ്ങളില്‍ നിന്ന് മനസിലാക്കാന്‍. ജാതി ഉന്മൂലനം ചെയ്യപ്പെടണമെന്ന് അംബേദ്കർ പറഞ്ഞത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബ്രാഹ്മണ്യവ്യവസ്ഥയെ മുൻനിർത്തിയാണെങ്കിലും ലക്ഷദ്വീപ് സമൂഹത്തിനു കൂടി അത് ബാധകമായിരുന്നു എന്നത് ചരിത്രപരമാണ്.
നൂറു ശതമാനം മുസ്‌ലിങ്ങൾ അധിവസിക്കുന്ന മേഖലയാണെങ്കിലും കണിശമായ ജാതിവ്യവസ്ഥ നിലനിൽക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഇന്ത്യൻ ബ്രാഹ്മണ്യം അടിച്ചേല്പിക്കുന്ന ജാതിസമ്പ്രദായത്തിൽ നിന്ന് ദ്വീപിനുള്ള വ്യത്യാസം, ‘തൊട്ടുകൂടായ്മ’ ദ്വീപിൽ പ്രയോഗത്തിലില്ല എന്നതാണെന്ന് വിശ്രുത നരവംശശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹെയ്ഡ്‌മാൻ രേഖപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗതമായുള്ള തൊഴിൽ വിഭജനം, ഏകജാതി വിവാഹം, ശ്രേണീകൃത പദവിവ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യൻ വൻകരയിലെ ജാതിയുമായി തന്നെയാണ് ബന്ധം. മിനിക്കോയ്, കടമം (ഒന്ന്) ഒഴിച്ചുള്ള ദ്വീപുകളിൽ പ്രധാനമായും മൂന്ന് ജാതിയാണുള്ളത്. കോയ, മാലി, മേലാച്ചേരി. കോയ ഭൂവുടമകളാണ്. മാലി കച്ചവടക്കാരും. എന്നാൽ മേലാച്ചേരിയാണ് തെങ്ങുകയറ്റം, മീൻപിടുത്തം പോലുള്ള തൊഴിലുകളിൽ ഏർപ്പെടുന്ന അടിസ്ഥാന വർഗം. ജാതിമത ഭേദമന്യേ ദ്വീപുകാർ മീൻപിടുത്തത്തിൽ ഏർപ്പെടാറുണ്ടെങ്കിലും അതൊരു പരമ്പരാഗത തൊഴിലായി സ്വീകരിച്ചവർ പൊതുവെ മേലാച്ചേരി വിഭാഗത്തിലുള്ളവർ മാത്രമാണ്.
മിനിക്കോയിൽ ബാക്കിയുള്ള ദ്വീപുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ സാമൂഹ്യവ്യവസ്ഥിതിയാണുള്ളത്. പതിനൊന്ന് വില്ലേജുകളിലായിട്ടാണ് അവിടെ ജനങ്ങൾ താമസിക്കുന്നത്. പുറമെനിന്ന് നോക്കുമ്പോൾ വളരെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഒരു സമൂഹമാണെന്ന് തോന്നുമെങ്കിലും കൃത്യമായ ജാതിവ്യവസ്ഥ ആ ദ്വീപിലും നിലനിൽക്കുന്നുണ്ട്. കപ്പലുടമകളും ഭൂവുടമസ്ഥരുമായ മണിക് ഫാൻ, നാവികരായ നിയമിങ്, കപ്പൽ തൊഴിലാളികളോ മീൻപിടുത്തക്കാരോ ആയ തക്രു (മെഡുകെമ്പിൻ), തെങ്ങുകയറ്റക്കാരും കൂലിത്തൊഴിലാളികളുമായ റാവെറിൻ എന്നിങ്ങനെയാണ് വിഭജനരീതി.
ഇതുകൂടി വായിക്കൂ: ലക്ഷദ്വീപ് സ്വകാര്യവൽക്കരണ നടപടിയുമായി ഭരണകൂടം
1956 നവംബർ ഒന്നിന് സ്റ്റേറ്റ് റി ഓർഗനൈസേഷനോടനുബന്ധിച്ച് ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമാകുമ്പോൾ ഇവിടെ നിലനിന്നിരുന്നത് ആമീൻ ഭരണമായിരുന്നു. പ്രമാണിയായ ഒരു കോയയെ കളക്ടറുടെ താഴെ അതത് ദ്വീപിൽ അധികാരിയായി നിയമിക്കുകയും കോടതി പോലും ആ വ്യക്തി ആവുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ജാതീയ മുൻവിധികൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഭരണസംവിധാനം. ജാതീയമായ പല അതിക്രമങ്ങൾ ലക്ഷദ്വീപിൽ നടന്നിട്ടുണ്ട്. അന്നത് പലവിധത്തിലും ന്യായീകരിക്കപ്പെടുകയും ചെയ്തു. ചെറുത്തുനിൽപ്പുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ധീരോദാത്തമായ അത്തരം ചെറുത്തുനിൽപ്പുകൾ അതർഹിക്കുന്ന വിധത്തിൽ രേഖപ്പെടുത്തപ്പെടുത്തിക്കാണുന്നില്ല. ലക്ഷദ്വീപിന്റെ കാര്യത്തിൽ രേഖപ്പെടുത്താത്ത ചരിത്രങ്ങൾ പുതുമയുള്ള കാര്യവുമല്ല. രാഷ്ട്രീയ നേതാക്കളെ വിഗ്രഹവല്ക്കരിക്കാനുള്ള ശ്രമത്തിൽ പി ഐ പൂക്കോയയെപ്പോലുള്ള സാമൂഹ്യപരിഷ്കർത്താക്കളെ പോലും വിസ്മരിച്ചു. ജമാഅത്തെ ജസീറ എന്ന സംഘടന ഉണ്ടാക്കി ആമീൻ ഭരണത്തിനെതിരെയും ജാതിവ്യവസ്ഥയ്ക്കെതിരെയും പോരാടിയ അദ്ദേഹത്തെ പോലുള്ളവർ വിസ്മരിക്കപ്പെട്ടതിന്റെ പിന്നിൽ സവർണ രാഷ്ട്രീയ ബുദ്ധിജീവികളുടെ ഗൂഢാലോചനയുണ്ട് എന്ന് ആരെങ്കിലും വാദിച്ചാൽ തെറ്റുപറയാനാവില്ല.
കേന്ദ്രഭരണ പ്രദേശമായതോടുകൂടി ലക്ഷദ്വീപിൽ വികസനം വന്നുതുടങ്ങി, വിദ്യാഭ്യാസം വന്നു. എല്ലാവർക്കും ഷെഡ്യൂൾഡ് ട്രൈബ് പദവി കിട്ടി. എന്നാൽ വികസനവും വിദ്യാഭ്യാസവുമൊക്കെ എല്ലാവരിലേക്കും ഒരുപോലെയാണോ എത്തിച്ചേരുന്നത് എന്നൊരു ചോദ്യം നീതിയുടേതായുണ്ട്. ഒരിക്കലുമല്ല എന്നതാണ് ഉത്തരം. അങ്ങനെയാകാൻ ഒരു സാധ്യതയുമില്ല. ഒരു നാടിന്റെ ഭരണം പണ്ടേക്കുപണ്ടേതൊട്ട് കയ്യാളിപ്പോന്നവർക്കും ഭൂമി, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും നിയന്ത്രണമുണ്ടായിരുന്നവർക്കും മറുവശത്ത് തെങ്ങുകയറ്റം മാത്രം തൊഴിലാക്കുകയും ഒരു തുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലാതിരിക്കുകയും ചെയ്തവർക്കും ഒരേ ആനുകൂല്യം നൽകിയാൽ എങ്ങനെയാണ് ആ സമൂഹത്തിൽ സമത്വം ഉണ്ടാകുക? പദ്ധതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടായെങ്കിലും സ്വാഭാവികമായും ലക്ഷദ്വീപിലെ എഴുപത് ശതമാനത്തോളം വരുന്ന മേലാച്ചേരിക്കാർ ലക്ഷദ്വീപിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നില്ല. ഇന്നും ഈ സ്ഥിതിക്ക് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഏതെങ്കിലും ചില വ്യക്തികൾക്ക് ലഭിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടി മേലാച്ചേരിക്കാരൊക്കെ ഇപ്പോ ൾ നല്ല നിലയിലാണ് എന്ന് പറയുന്നത്, അംബേദ്കർക്ക് വിദ്യാഭ്യാസം ലഭിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ മഹർ സമുദായം മൊത്തത്തിൽ മുഖ്യധാരയിലെത്തി എന്ന് വാദിക്കുന്നതിന് തുല്യമാണ്.
ഇരുപത് ശതമാനത്തോളം മാത്രം ജനസംഖ്യയുള്ള കോയ വിഭാഗത്തിൽനിന്നുള്ള ആളുകളാണ് 90 ശതമാനം സർക്കാർ ജോലികളും കയ്യാളുന്നത്. ഇത് സംഭവിച്ചത് അവർ കഴിവുള്ളവരായതു കൊണ്ടല്ല, മറിച്ച് ലഭിച്ച അവസരങ്ങൾ ഉപയോഗിക്കാനുള്ള പ്രാപ്തി ചരിത്രപരമായി അവർക്കുണ്ടായിരുന്നതുകൊണ്ടാണ്. തെങ്ങ് കയറിയില്ലെങ്കിൽ ഒരു നേരത്തെ അന്നം പോലും ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് സ്കൂളിൽ പോകാത്ത മേലാച്ചേരിക്കാരായ കുട്ടികളും തറവാട്ടിൽ വിഭവങ്ങളുടെ പെരുമയുള്ള കോയവിഭാഗത്തിൽപ്പെട്ട കുട്ടിയും ഒരേ പഠനനിലവാരം കാഴ്ചവയ്ക്കുമെന്ന് നമുക്കെങ്ങനെ പ്രതീക്ഷിക്കാനാവും? സമൂഹത്തിൽ അരികുവല്ക്കരിക്കപ്പെട്ടവർക്ക് വേണ്ടി സംസാരിക്കാൻ കഴിഞ്ഞ 50 വർഷത്തിനിടയിൽ ഒരു സാമൂഹ്യപരിഷ്കർത്താവ് പോലും ഉണ്ടായില്ല. മേലാച്ചേരിക്കാർക്ക് വേണ്ടി കൽപേനിയിൽ തെങ്ങുകയറ്റ തൊഴിലാളി സംഘടന രൂപീകരിച്ചു. അന്ന് അതിന് മുതിര്‍ന്ന ലേഖകനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുയായികളെയും രണ്ട് മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലെ സവർണര്‍ ഒന്നിച്ചാണെതിർത്തത്. അന്നുണ്ടായ സംഘര്‍ഷത്തിൽ കോയ ജാതിക്കാരനെന്ന കാരണത്താല്‍ ലേഖകനെ ഒഴിച്ച് സമരത്തിൽ പങ്കെടുത്ത എല്ലാ മേലാച്ചേരിക്കാരെയും തിരഞ്ഞുപിടിച്ച് തല്ലുകയും ചെയ്തു. അതായത് കൽപേനിയിൽ 2010ൽ നടന്നത് ഒരു ജാതീയ സംഘർഷമായിരുന്നു. ഇന്നും ജാതിചിന്ത വളരെ ആഴത്തിൽ വേരൂന്നിയ ഒരു സമൂഹമാണ് ലക്ഷദ്വീപിലേത്.
ഇതുകൂടി വായിക്കൂ: ലക്ഷദ്വീപ് സ്വകാര്യവൽക്കരണ നടപടിയുമായി ഭരണകൂടം
മിക്ക ദ്വീപുകളിലും മുഖ്യപള്ളികളിൽ ഇമാമായി പ്രവർത്തിക്കാൻ മേലാച്ചേരിക്കാരന് ഇന്നും അവകാശമില്ല. അമിനിയിൽ ജാതിപ്രശ്നം കാരണം ജുമുഅ കൂടാൻ പുതിയൊരു പള്ളി തന്നെ നിർമ്മിക്കേണ്ടിവന്നത് കുറച്ചു വർഷങ്ങൾക്ക് മുമ്പാണ്. ജാതി ദ്വീപ് വിട്ട് പോയിട്ടില്ല എന്നതാണ് സത്യം. ഇത് മൂടിവച്ചിട്ടോ മിണ്ടാതിരുന്നിട്ടോ കാര്യമില്ല. ചരിത്രപരമായ ഈ സാമൂഹിക യാഥാർത്ഥ്യത്തെ സത്യസന്ധമായി അഭിമുഖീകരിക്കാനും മനസിൽ നിന്നും പ്രയോഗത്തിൽ നിന്നും എടുത്തുകളയാനും തയാറാവണം. അതിനെക്കുറിച്ച് നിശബ്ദത പാലിച്ചാൽ അതിവിടെ ഇനിയും തുടരും. അത് കുറ്റകരമാണ്, മനുഷ്യനും നീതിക്കും എതിരാണ്. കാരണം, ജാതി ഒരു മനോനിലയാണ്, അതൊരു മാനസികാവസ്ഥയാണ്. അത് സമൂഹത്തിൽ നിന്നും അപ്രത്യക്ഷമാവണമെങ്കിൽ കഠിനപ്രയത്നം ആവശ്യമുണ്ട്. സമൂഹവും വ്യവസ്ഥയും എല്ലാം വളഞ്ഞിട്ട് ചൂഷണം ചെയ്ത ഒരു വിഭാഗത്തിന് സർക്കാർ അനുവദിക്കുന്ന ആനുകൂല്യങ്ങളിൽ മുൻഗണന നൽകണമെന്ന് ഒരു രാഷ്ട്രീയ നേതാവും അവശ്യപ്പെടില്ല.
ലോകത്തിലെ എല്ലാ ഫ്യൂഡൽ വ്യവസ്ഥയിലെയും പുരോഹിതന്മാരെപ്പോലെ മതനേതൃത്വവും അപ്പക്കഷ്‌ണങ്ങൾക്ക് വേണ്ടി വ്യവസ്ഥയ്ക്കൊപ്പം നിന്നു. ഒരു നിവൃത്തിയുമില്ലാതെ ചെരുപ്പണിയാനോ കുട പിടിക്കാനോ ഷർട്ടിടാനോ ഉള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടും അന്തസുയർത്തിപ്പിടിക്കാൻ കടൽ കടന്നുള്ള നിയമ പോരാട്ടങ്ങൾ വരെ നടത്തിയ മേലാച്ചേരിക്കാർ പക്ഷെ പുതിയ രാഷ്ട്രീയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിൽ പരാജയപ്പെട്ടുപോയി. അവർക്ക് വേണ്ട ആനുകൂല്യങ്ങൾക്ക് വേണ്ടി പോരാടാൻ പ്രത്യേക സംഘടന പോലും ഉണ്ടാക്കാൻ അവർക്ക് സാധിച്ചില്ല. വിവേചനം കാണിച്ചാൽ ജാതി പറയലാകും. അതുകൊണ്ടാണ് വേർതിരിവ് കാണിക്കാത്തത് എന്ന വാദമാണ് മിക്കപ്പോഴും ഉന്നയിക്കപ്പെടുന്നത്. അവിടെയാണ് അംബേദ്കറിന്റെ ചിന്തകൾ പ്രസക്തമാകുന്നത്. അംബേദ്കർ അതിനെ ‘തരംതിരിച്ച അസമത്വം’ എന്നാണ് വിളിച്ചത്. അതായത് ഒരു പ്രത്യേക വിഭാഗത്തെ തന്നെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന അവസ്ഥ. അത്തരം പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന കൊടുത്താലേ അവർക്ക് മുഖ്യധാരയിലേക്ക് എത്തിപ്പെടാൻ കഴിയുകയുള്ളൂ. അത് തന്നെയാണ് ദളിതർക്ക് അവരുടെ മാത്രം പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടത്. ഗാന്ധിജി അതിനെ ശക്തമായി എതിർക്കുകയും പിന്നീട് അവർ തമ്മിൽ ഒരു സന്ധിയിലേർപ്പെടുകയും ദളിതർക്ക് സീറ്റുകളിൽ പ്രത്യേകം സംവരണം അനുവദിക്കുകയും ചെയ്തു.
അംബേദ്കറുടെ കാഴ്ചപ്പാടിൽ നോക്കിയാൽ ലക്ഷദ്വീപിലെ മേലാച്ചേരിക്കാർക്ക് ഒരു കാലത്തും നീതികിട്ടിയിട്ടില്ല. സർക്കാർ സർവീസുകളിലെ നാമമാത്രമായ പ്രാതിനിധ്യം കൊണ്ട് അവർക്ക് മുഖ്യധാരയിലെത്താൻ സാധിക്കില്ല. ലക്ഷദ്വീപിലെ എഴുത്തുകാരും പലപ്പോഴും ഇവിടുത്തെ അടിസ്ഥാന വർഗത്തോട് നീതി പുലർത്തിയില്ല. ലക്ഷദ്വീപ് സ്വർഗമായിരുന്നു എന്ന രീതിയിലാണ് മിക്ക എഴുത്തുകളും സാഹിത്യസൃഷ്ടികളുമൊക്കെ വിവരിച്ചത്. അന്റോണിയോ ഗ്രാംഷി സൂചിപ്പിച്ച പോലെയുള്ള അടിസ്ഥാന വർഗസാഹിത്യങ്ങൾ ലക്ഷദ്വീപിൽ ഒട്ടും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ലക്ഷദ്വീപിലെ ബൗദ്ധികമണ്ഡലം എത്രത്തോളം ജാതീയ സ്വാധീനമുള്ളതാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. മേലാച്ചേരിക്കാരുടെ ചെറുത്തുനിൽപ്പുകൾ മുഖ്യധാരയിൽ ഒട്ടും ചർച്ചചെയ്യപ്പെട്ടിട്ടില്ല. അമിനിദ്വീപിലെ മേലാച്ചേരിക്കാർ ചെരുപ്പിടാൻ വേണ്ടി നടത്തിയ ‘മെതിയടി കേസ്’ എന്നറിയപ്പെടുന്ന നിയമയുദ്ധം ഏറെ ചരിത്രപ്രാധാന്യമുള്ള ഒന്നാണ്. കേസ് ജയിച്ചതിന്റെ പേരിൽ നടത്തപ്പെടുന്ന ആണ്ട് നേർച്ച ഇപ്പോഴും അമിനിയിൽ ആചരിക്കുന്നുണ്ട്.
ഇതുകൂടി വായിക്കൂ: പ്രഫുൽ പട്ടേലിന്റെ ദ്വീപ് സന്ദർശനത്തില്‍ വലഞ്ഞത് രോഗികൾ
ഇപ്പോൾ നടക്കുന്ന ലക്ഷദ്വീപിന്റെ പാഠപുസ്തക നിർമ്മിതിയിലും ജാതി അവഗണിക്കപ്പെടുകയാണെങ്കിൽ അത് ചരിത്രത്തോട് ചെയ്യുന്ന അനീതിയായിരിക്കും. നമുക്കിടയിലെ വ്യത്യാസങ്ങൾ ഇല്ലാതാകണമെങ്കിൽ അതിനെ അവഗണിക്കുകയല്ല, പകരം സത്യസന്ധതയോടെയും ആർജവത്തോടെയും ഇഴകീറി പരിശോധിച്ച് തിരുത്തുകയാണ് വേണ്ടത്. ലക്ഷദ്വീപിലെ ജാതിവ്യവസ്ഥ ഒരു പ്രയോഗിക സത്യമാണ്. അതിനെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കേണ്ടത് അംബേദ്കർ നിർദ്ദേശിച്ച മാർഗത്തിലൂടെയാണ്. ജാതിയെ അവഗണിച്ചു ഒരു സമൂഹം മുന്നോട്ട് പോകുമ്പോൾ അവർ അവഗണിക്കുന്നത് താഴ്ന്നജാതിക്കാരായി കണക്കാക്കപ്പെടുന്നവരെയാണ്. കാരണം അവരാണ് പരിഗണന അർഹിക്കുന്നവർ. അംബേദ്കർ പറഞ്ഞതുപോലെ ജാതിവിവേചനങ്ങൾ നിലനിർത്തുന്ന ജനതയ്ക്ക് ഒരു പൗരസമൂഹമാകുവാൻ കഴിയില്ല. അവർക്ക് ഒരുമയോ പരസ്പര പ്രതിബദ്ധതയോ ഉണ്ടാവില്ല. അവർ ഒരു സമുദായമോ ദേശമോ ജനതയോ ആകാനാവാതെ ചിതറി ശിഥിലമാകും.
ലക്ഷദ്വീപ് എംപി ഇപ്പോൾ ദ്വീപിലെ ഏറ്റവും ജനകീയനായ നേതാവ് കൂടിയാണ്. അദ്ദേഹം ചെറുപ്പമാണ്. എല്ലാവരുടെയും നേതാവാണ് താനെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം എംപിക്കുണ്ട്. അല്ലെങ്കിൽ ചരിത്രം നാളെ ചോദ്യം ചെയ്യുകതന്നെ ചെയ്യും. ജാതിവിരുദ്ധ മനോനില രൂപപ്പെടുത്തുവാൻ ബോധപൂർവവും നീതിപൂർണവുമായ ശ്രമങ്ങൾ, ഭരണമേഖലയിലും അധികാരകേന്ദ്രങ്ങളിലും നടത്താൻ അദ്ദേഹം ചുക്കാൻ പിടിക്കണം. ലക്ഷദ്വീപിലെ മേലാച്ചേരിക്കാർക്ക് സർക്കാർ ജോലികളിൽ പ്രത്യേക സംവരണം നൽകണം. ഷെഡ്യൂൾഡ് ട്രൈബുകളിൽ തന്നെ സബ് കാസ്റ്റുകൾ അനുവദിച്ചുകൊണ്ട് ഈയടുത്തിടെയുണ്ടായ ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ച് അവർക്ക് അർഹമായ പരിഗണന നൽകാൻ ഭരണകൂടം തയാറാകണം.