Site iconSite icon Janayugom Online

നവോത്ഥാനത്തിന്റെ പ്രകാശത്തിലേക്ക് കേരളം നടന്നുകയറിയതിന്റെ ഓര്‍മ്മകള്‍; ശ്രദ്ധേയമായി മാധ്യമപ്രദര്‍ശനം

mediamedia

തീണ്ടലും തൊടീലും ഉള്‍പ്പെടെയുള്ള അനാചാരങ്ങളുടെ ഇരുളടഞ്ഞ കാലത്തുനിന്ന് നവോത്ഥാനത്തിന്റെ പ്രകാശത്തിലേക്ക് കേരളം നടന്നുകയറിയതിന്റെ ഓര്‍മ്മകള്‍.. കേരളത്തെ കേരളമാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങളുടെയും സാമൂഹ്യ ഇടപെടലുകളുടെയും നാള്‍വഴികള്‍.. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ അടയാളപ്പെടുത്തി ശ്രദ്ധേയമാവുകയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന മാധ്യമ പ്രദര്‍ശനം. വിവിധ പത്രമാധ്യമങ്ങളില്‍, ദശാബ്ദങ്ങള്‍ക്ക് മുമ്പുള്‍പ്പെടെ വന്ന സുപ്രധാന വാര്‍ത്തകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന, മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച നവോത്ഥാന നായകരുടെ പോരാട്ടങ്ങളുടെ വാര്‍ത്തകള്‍ ഏറെ ശ്രദ്ധേയമാണ്. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനായി പാര്‍ട്ടി കൈക്കൊണ്ട നയസമീപനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ കാഴ്ചക്കാരില്‍ അറിവ് പകര്‍ന്നുനല്‍കുന്നു. കേരളത്തെ ബഹുദൂരം മുന്നോട്ടുനയിക്കുന്നതിന് സി അച്യുതമേനോന്‍ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഇടതുമുന്നണി രൂപീകരിക്കുന്നതിനായി മുഖ്യമന്ത്രി പദം രാജിവച്ച പികെവിയെക്കുറിച്ചുമുള്ള പഴയകാല റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ സത്യസന്ധമായ ചരിത്രം തുറന്നുകാട്ടുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്റെ അപൂര്‍വ ഫോട്ടോകളും ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളെ അടയാളപ്പെടുത്തുന്നതായി. തലസ്ഥാനത്തെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ കാപിറ്റല്‍ ലെന്‍സ് വ്യൂ ഒരുക്കിയ പ്രദര്‍ശനവും മികവുറ്റ വാര്‍ത്താചിത്രങ്ങളാല്‍ ശ്രദ്ധേയമായി.

Exit mobile version