Site iconSite icon Janayugom Online

മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പുകൾ നിർത്തലാക്കാൻ ഒരുങ്ങി മെറ്റ; ഇനി വെബ്സൈറ്റ് മാത്രം

വിൻഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പുകളുടെ സേവനം നിർത്തലാക്കാൻ ഒരുങ്ങി മെറ്റ. 2025 ഡിസംബർ മുതൽ ഈ ആപ്പുകൾ പ്രവർത്തനരഹിതമാകും. ഇതിനുശേഷം ഉപയോക്താക്കൾക്ക് ഡെസ്ക്ടോപ്പ് ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. സേവനങ്ങൾ അവസാനിച്ചാൽ, സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ഉപയോക്താക്കളെ ഓട്ടോമാറ്റിക്കായി മെസഞ്ചറിന്റെ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. മാക് മെസഞ്ചറിനെക്കുറിച്ച് മാത്രമാണ് മെറ്റ സപ്പോർട്ട് പേജിൽ വിവരങ്ങൾ നൽകിയതെങ്കിലും, വിൻഡോസിലും മാകിലുമുള്ള സ്റ്റാൻഡ്-എലോൺ ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ നിർത്തലാക്കുന്നതായി മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററി സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ‘സെക്യൂർ സ്റ്റോറേജ്’ ആക്ടീവ് ആക്കാനും കമ്പനി നിർദ്ദേശിക്കുന്നുണ്ട്. നിലവിൽ മെസഞ്ചർ ആപ്പ് ഉപയോഗിക്കുന്നവർക്ക് സേവനങ്ങൾ നിലയ്ക്കുന്നതിന് മുൻപായി ഇൻ-ആപ്പ് അറിയിപ്പ് ലഭിക്കും. അതിനുശേഷം 60 ദിവസം വരെ ആപ്പ് ഉപയോഗിക്കാം. ഈ സമയപരിധി കഴിഞ്ഞാൽ മെസഞ്ചർ പ്രവർത്തനരഹിതമാവുകയും ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാനായി മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യുമെന്നും മെറ്റ അറിയിച്ചു.

Exit mobile version