Site iconSite icon Janayugom Online

ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ വിഷു കൈനീട്ടമായി 14.8 കോടി

ക്ഷീര കർഷകർക്ക് മിൽമയുടെ വക വിഷു കൈനീട്ടമായി 14.8 കോടി രൂപ നൽകുന്നു. മലബാറില 1200 ക്ഷീര സംഘങ്ങളിലായി പാലളക്കുന്ന ക്ഷീര കർഷകർക്കാണ് അധിക പാൽവിലയായി മലബാർ മിൽമയുടെ വിഷു സമ്മാനം. മാർച്ചിലെ പാലിന് അധിക വിലയായി ഈ തുക നൽകും. മലബാർ മിൽമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക വിഷുക്കാലത്ത് ക്ഷീര കർഷകർക്ക് നൽകുന്നതെന്ന് മിൽമ ചെയർമാൻ കെ എസ് മണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡിനെ അതിജീവിച്ച് നാട് വീണ്ടും സജീവമാകുന്ന വേളയിൽ മിൽമ നൽകുന്ന സഹായം ക്ഷീര കർഷകർക്ക് ഏറെ ഗുണപ്രദമാകും. ഇന്ന് രാജ്യത്ത് കർഷകർക്ക് ഏറ്റവും ഉയർന്ന പാൽ വില നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും ചെയർമാൻ പറഞ്ഞു.

കോവിഡ് കാലത്ത് വലിയ വെല്ലുവിളിയാണ് മലബാർ മേഖല യൂണിയൻ നേരിട്ടത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മൂന്നു കോടിയോളം ലിറ്റർ പാൽ വലിയ നഷ്ടം സഹിച്ച് പാൽപ്പൊടിയാക്കി മാറ്റേണ്ടിവന്നു. ഈയിനത്തിൽ മാത്രം അമ്പത് കോടിയോളം രൂപ നഷ്ടമായി. പ്രതിസന്ധിക്കിടയിലും കർഷകരിൽ നിന്നും ഒരു ദിവസം പോലും പാൽ എടുക്കാതിരുന്നിട്ടില്ല. പാലിന്റെ വില പത്ത് ദിവസം കൂടുമ്പോൾ നൽകി. കർഷക ക്ഷേമ പ്രവർത്തനങ്ങളിലും മുടക്കം വരുത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇൻഷൂറൻസ് സ്കീമുകൾ, സബ്സിഡികൾ, വെറ്ററിനറി സഹായം, തീറ്റ വസ്തുക്കളുടെ വിലക്കയറ്റത്തെ നേരിടാൻ ബദൽ സംവിധാനങ്ങൾ, ബിഎം സി പ്രവർത്തനങ്ങൾ, അധിക പാൽവില നൽകൽ എന്നവ മുടങ്ങാതെ തുടർന്നു. നിലവിൽ നൂറു കോടിയോളം രൂപ പ്രതിമാസം മലബാർ മിൽമ ക്ഷീര കർഷകർക്ക് പാൽവിലയായി നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ മലബാർ മിൽമ മാനേജിംഗ് ഡയരക്ടർ ഡോ. പി മുരളി, ജനറൽ മാനേജർമാരായ കെ സി ജെയിംസ്, എൻ കെ പ്രേംലാൽ, എം ആർഡി എഫ് സിഇ ഒ ജോർജ്ജ് കുട്ടി ജേക്കബ് എന്നിവരും സംബന്ധിച്ചു.

.… .… .… …

Exit mobile version