Site iconSite icon Janayugom Online

ധാതു കയറ്റുമതി വേഗത്തിലാക്കും; ചെെനയുമായി യുഎസ് കരാര്‍ ഒപ്പിട്ടു

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ, അമേരിക്കയിലേക്കുള്ള അപൂർവ ധാതു കയറ്റുമതി വേഗത്തിലാക്കാൻ ചൈനയുമായി കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായി കരാറിൽ ഒപ്പുവച്ചിരുന്നുവെന്നും ഇന്ത്യയുമായി കരാറില്‍ ധാരണയാകുമെന്നും ട്രംപ് പറഞ്ഞു. കരാറില്‍ ഒപ്പുവച്ചതായി ചെെന സ്ഥിരീകരിച്ചു. ജനീവ കരാർ നടപ്പിലാക്കുന്നതിനുള്ള ചട്ടക്കൂടിനായി യുഎസും ചെെനയും ധാരണയായതായി വെെറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ ആഴ്ച ആദ്യമാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചതെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. 10 പ്രധാന വ്യാപാര പങ്കാളികളുമായി കരാറുകളിൽ എ­ത്താൻ വൈറ്റ് ഹൗസിന് പദ്ധതികളുണ്ടെന്ന് ലുട്നിക് കൂട്ടിച്ചേര്‍ത്തു. മേയ് മാസത്തില്‍ ജനീവയില്‍ നടന്ന യുഎസ്- ചെെന വ്യാപാര ചര്‍ച്ചകള്‍ക്കിടെ, ഏ­പ്രില്‍ രണ്ട് മുതല്‍ യുഎസിനെതിരെ ചുമത്തിയിരുന്ന താരിഫ് ഇതര പ്രതിരോധ നടപടികള്‍ നീക്കം ചെയ്യുമെന്ന് ബെയ്ജിങ് സമ്മതിച്ചിരുന്നു. 

അധികാരത്തിലെത്തിയതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് വര്‍ധനയ്ക്ക് പ്രതികരണമായി വിവിധതരം നിര്‍ണായക ധാതു, ലവണങ്ങളുടെ കയറ്റുമതി ചെെന നിര്‍ത്തിവച്ചിരുന്നു. ചൈനയിൽ ഖനനം ചെയ്തെടുക്കുന്ന ചില അപൂര്‍വ ധാതുക്കള്‍ യുഎസ് സൈനിക ഉപകരണങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
മാസങ്ങൾ നീണ്ടുനിന്ന വ്യാപാര അനിശ്ചിതത്വത്തിനും തടസങ്ങൾക്കും ശേഷമുള്ള പുരോഗതിയായി കരാറിനെ കണക്കാക്കാമെങ്കിലും രണ്ട് സാമ്പത്തിക എതിരാളികൾ തമ്മിലുള്ള അന്തിമവും നിർണായകവുമായ വ്യാപാര കരാറിന് ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരും. ചെെനയില്‍ നിന്നുള്ള ധാതുക്കള്‍ യുഎസിന്റെ സൈനിക ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിടുന്നില്ലെന്ന് ഉറപ്പാക്കാൻ വിതരണക്കാരെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് ലൈസൻസിങ് പ്രക്രിയയെ മന്ദഗതിയിലാക്കിയിട്ടുണ്ട്. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പട്ടികയും അനധികൃത വിദേശ യാത്രകൾ നടത്തുന്നത് തടയാൻ ചില തൊഴിലാളികളുടെ പാസ്‌പോർട്ടുകളും നല്‍കണമെന്ന് അപൂർവ‑ഭൗമ ഖനന കമ്പനികളോട് ചെെന ആവശ്യപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തു. 

Exit mobile version