Site iconSite icon Janayugom Online

മിന്നു മണി വീണ്ടും ഇന്ത്യന്‍ ടീമില്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണിയും സ്‌ക്വാഡില്‍ ഇടംപിടിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഓപ്പണര്‍ ഷഫാലി വര്‍മ, സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍ എന്നിവരെ ഒഴിവാക്കി. മുന്‍ മത്സരങ്ങളിലെ മോശം പ്രകടനമാണ് ഷഫാലിയെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായത്. ഈ വര്‍ഷം ആറ് മത്സരങ്ങളില്‍ നിന്നായി താരം നേടിയത് 108 റണ്‍സ് മാത്രമാണ്. 33 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഹര്‍ലീന്‍ ഡിയോള്‍, പ്രിയ മിശ്ര, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഡിസംബര്‍ അഞ്ചിനാണ് ആരംഭിക്കുന്നത്. ഡിസംബര്‍ എട്ടിന് രണ്ടാം ഏകദിനവും 11ന് മൂന്നാം മത്സരവും നടക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ ബ്രിസ്‌ബേനിലെ അലന്‍ ബോര്‍ഡര്‍ ഫീല്‍ഡിലും അവസാന മത്സരം പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ടിലും നടക്കും. 

മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീം : ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), തേജൽ ഹസബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, രാധാ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, സൈമ താക്കൂർ.

Exit mobile version