ആഗോള ന്യൂനപക്ഷാവകാശ ദിനമായ ഇന്ന്, സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ എം ജോസഫ് നടത്തിയ ഒരു സുപ്രധാന നിരീക്ഷണം ഓർക്കുകയാണ്. അന്തസോടെ ജീവിക്കാനുള്ള അവകാശം എല്ലാവർക്കും വിവേചനരഹിതമായി ഉറപ്പാക്കാൻ കഴിയുന്നതാണ് ജനാധിപത്യം. എന്നാൽ വർത്തമാന കാലത്ത് നടക്കുന്നത് എന്താണ്? ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെടുന്നു. അർഹതപ്പെട്ടത് പോലും ലഭിക്കാൻ അവർക്ക് കാതങ്ങൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ദുർബലമായ ശബ്ദങ്ങൾക്ക് കാതോർക്കാൻ പലർക്കും വിമുഖതയാണ്. നിരന്തരമായ വേട്ടയാടപ്പെടലിന് ശേഷം അവർ നിശബ്ദമായി ഭൂമിയിലേക്ക് മറയുന്നു. ഒന്ന് കണ്ണീർ തോർത്താൻ, ഒരാശ്വാസവാക്കു പറയാൻ ഒരു പക്ഷേ ഭൂമുഖത്ത് ആരുമുണ്ടാകണമെന്നില്ല.
അന്തസോടെ ജീവിക്കുക എന്നതിന്റെ അർഥമെന്താണ്? ഏറ്റവും ദുർബലരായ ആളുകൾക്ക് നമ്മൾ എങ്ങനെ നീതി പുലർത്തും? പ്രാചീന ഗ്രീക്ക് തത്ത്വചിന്തകരിൽ നിന്നാണ് അന്തസ് എന്ന ആശയം ഉടലെടുത്തത്. മനുഷ്യന്റെ മാന്യത യുക്തിസഹമായി കണക്കാക്കിയ അരിസ്റ്റോട്ടിൽ, വ്യക്തിഗത സദ്ഗുണത്തിനും ധാർമ്മിക സമഗ്രതയ്ക്കും ഊന്നൽ നൽകിയ സ്റ്റോയിക് തുടങ്ങിയ തത്ത്വചിന്തകരിൽ നിന്നായിരുന്നു ആവിർഭാവം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1948ലെ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം മനുഷ്യാവകാശങ്ങളും അന്തസും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു. ദേശീയത, വംശീയത അല്ലെങ്കിൽ വിശ്വാസം എന്നിവ പരിഗണിക്കാതെ ഓരോ വ്യക്തിക്കും മൗലികാവകാശങ്ങളുടെ അവകാശത്തിനുള്ള സാർവത്രിക മാനദണ്ഡങ്ങൾ ഈ പ്രഖ്യാപനരേഖയിലൂടെ സ്ഥിരീകരിക്കുന്നു.
നിയമത്തിനപ്പുറം അവകാശങ്ങൾക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. വ്യക്തികളെ അവരുടെ ക്ഷേമത്തിനും മറ്റുള്ളവരുടെ ക്ഷേമത്തിനും വേണ്ടി വാദിക്കാൻ അത് പ്രാപ്തരാക്കുന്നതോടൊപ്പം സാമൂഹിക ബോധവും ഉത്തരവാദിത്ത്വവും വളർത്തുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 12 മുതൽ 32 വരെ മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്നു. അമിതാധികാര പ്രയോഗത്തിനും വിവേചനത്തിനും അടിച്ചമർത്തലിനും എതിരെ വ്യക്തമായ സംരക്ഷണം നൽകുന്നതാണിത്. അന്തസോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ അനുവദിക്കുന്ന പ്രത്യേകാവകാശത്തിന് പദവി പരിഗണിക്കാതെ ഓരോ പൗരനും അർഹതയുണ്ടെന്ന് ഉറപ്പാക്കുന്നു. ഈ അവകാശങ്ങൾ കേവലം വാഗ്ദാനം ചെയ്താൽ മാത്രംപോര, മറിച്ച് അവ അനുവദിക്കുകയും വേണം. അതിനാണ് ന്യൂനപക്ഷ കമ്മിഷൻ പോലുള്ള അവകാശ സംരക്ഷണാ സ്ഥാപനങ്ങൾ ഇവിടെ പ്രാവർത്തികമായത്.
ഐക്യരാഷ്ട്രസഭയാണ് 1992 ഡിസംബർ 18 ലോക ന്യൂനപക്ഷ അവകാശ ദിനമായി പ്രഖ്യാപിച്ചത്. 1849ൽ ഹംഗേറിയൻ ഡയറ്റാണ് ലോകത്താദ്യമായി ന്യൂനപക്ഷ അവകാശങ്ങൾ രൂപവല്‍ക്കരിക്കുന്നത്. വംശപരവും, മതപരവും, ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അവിഭാജ്യ ഘടകമാണ്.
ഇന്ത്യയിൽ 1992ലെ നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റീസ് ആക്ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മിഷന് രൂപം നൽകി. കേരളത്തിൽ 2013ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഓർഡിനൻസും 2014ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആക്ടും പ്രകാരമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ രൂപീകരിച്ചത്. നാലാമത് കമ്മിഷനാണ് സംസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ചുവരുന്നത്. ഒരു പരാതി പരിഹാര ഫോറം എന്നതിൽ നിന്ന് കമ്മിഷന്റെ പ്രവർത്തനങ്ങളെ പ്രായോഗിക തലത്തിലേക്ക് പറിച്ചുനട്ട് നിസഹായരും ദുർബലരുമായ ജനവിഭാഗത്തിന്റെ ജീവിതോന്നതിക്ക് വേണ്ടി ഫലപ്രദമായ നടപടികൾ നടപ്പാക്കുക എന്നതാണ് നാലാമത് ന്യൂനപക്ഷ കമ്മിഷന്റെ സുപ്രധാന ലക്ഷ്യം.
മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിഖ്, പാഴ്സി എന്നിങ്ങനെ ആറ് വിഭാഗങ്ങളെയാണ് സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. അതിൽ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളെ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളായും പരിഗണിച്ചുവരുന്നു.
2011ലെ കാനേഷുമാരി കണക്കനുസരിച്ച് സംസ്ഥാനത്തെ 35 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 15 ദശലക്ഷം ന്യൂനപക്ഷ ജനവിഭാഗങ്ങളാണ്. സംസ്ഥാന ജനസംഖ്യയുടെ 42 ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളാണ് കൂടുതൽ (മുസ്ലിം — 59, ക്രിസ്ത്യൻ — 40 ശതമാനം). സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ – 0.03, ജൈന — 0. 03,സിഖ് — 0. 03, പാഴ്സി — 0. 01 ശതമാനം വിഭാഗങ്ങൾ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണുള്ളത്. നിലവിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ജനസംഖ്യയുടെ 46 ശതമാനമാണെന്നാണ് കണക്ക്.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, കമ്മിഷൻ പ്രവർത്തനങ്ങൾ അവരിലെത്തിക്കുക എന്നീ ഉദ്യമത്തോടെ ജില്ലാതല സെമിനാറുകൾ സംഘടിപ്പിച്ചു വരുന്നു. കൂടാതെ സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളിലെ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് സംസ്ഥാനത്താദ്യമായി എറണാകുളത്ത് വച്ച് സംസ്ഥാനതല സെമിനാറും സംഘടിപ്പിച്ചു.
ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേമത്തിനുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ഡയറക്ടറേറ്റ്, സംസ്ഥാന കമ്മിഷൻ, ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ, വഖഫ് ബോർഡ്, ഹർജ്ജ് തീർത്ഥാടനം, യുവജന പരിശീലന കേന്ദ്രങ്ങൾ, മദ്രസകളുൾപ്പെടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
കമ്മിഷൻ പരിഗണിക്കുന്ന പരാതിയുടെ സ്വഭാവം
വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് കമ്മിഷനിൽ നിക്ഷിപ്തമായിട്ടുള്ളത്. ന്യൂനപക്ഷങ്ങളുടെ വികസന പുരോഗതി വിലയിരുത്തുക, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപര, ഭാഷാപരമായ അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നത് സംബന്ധിച്ച പ്രത്യേക പരാതികളിന്മേൽ അന്വേഷണം നടത്തുകയും തെളിവെടുപ്പ് നടത്തി പരിഹാര നടപടികൾ നിർദേശിക്കുകയും ചെയ്യുക തുടങ്ങി ന്യൂനപക്ഷങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും കമ്മിഷന് നേരിട്ടിടപെട്ട് പരിഹാരം നിർദേശിക്കാവുന്നതാണ്. സർക്കാർ തലത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട സ്കോളർഷിപ്പ് വിതരണം, സംവരണം ഇവയെല്ലാം കമ്മിഷൻ ജാഗ്രതയോടെ നിരീക്ഷണവിധേയമാക്കാറുണ്ട്.
ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയത്തെക്കുറിച്ചും അവകാശ നിഷേധത്തെക്കുറിച്ചും ആർക്കും കമ്മിഷനിൽ പരാതിപ്പെടാവുന്നതാണ്. പരാതി തപാൽ മാർഗമോ, തിരുവനന്തപുരത്തെ ഓഫിസിൽ നേരിട്ടോ, കമ്മിഷൻ സിറ്റിങ് നടത്തുന്ന സ്ഥലങ്ങളിൽ മെമ്പർമാർക്ക് നേരിട്ടോ, kscminorities@gmail. com എന്ന ഇ‑മെയിൽ വിലാസത്തിലോ, 9746515133 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശമായോ സമർപ്പിക്കാവുന്നതാണ്. യാതൊരുവിധ ഫീസും നൽകേണ്ടതില്ല.
പരിഗണിച്ചതും തീർപ്പാക്കിയതുമായ ഹർജികൾ
2023 ഓഗസ്റ്റ് എട്ടിന് എ എ റഷീദിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ നാലാമത് കമ്മിഷൻ ജില്ലകളിൽ നടത്തിയ 110 സിറ്റിങ്ങുകളിൽ പരിഗണിച്ച 910 ഹർജികളിൽ 350 എണ്ണം തീർപ്പാക്കി.
സൂക്ഷ്മ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം
സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട പ്രവർത്തനങ്ങൾക്കും നാലാമത് കമ്മിഷൻ രൂപം നൽകി. സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവരശേഖരണമെന്ന പ്രാഥമിക ചുവടുവയ്പിലേക്ക് കമ്മിഷൻ കടന്നു. പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കേരള മീഡിയ അക്കാദമിയുമായി ധാരണാപത്രം ഒപ്പിടുകയും അതുപ്രകാരം സമയബന്ധിതമായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൃത്യമായ കണക്ക് നിലവിലില്ലാതിരുന്ന സാഹചര്യത്തിലാണ് കമ്മിഷൻ മുൻകയ്യെടുത്ത് വിപുലമായ സർവേ നടത്തിയത്. സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പഠന റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ കമ്മിഷൻ സർക്കാരിന് സമർപ്പിച്ചു.
റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ആറ് പാഴ്സി കുടുംബങ്ങളും (കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ രണ്ടുവീതം), 350 സിഖ്, 3000 ജൈന, 4000 ബുദ്ധമത വിശ്വാസികളുമാണുള്ളത്.
സമന്വയം — ഒരു ലക്ഷം
തൊഴിലവസരങ്ങൾ
ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ യുവതീയുവാക്കൾക്ക് തൊഴിൽ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജി ഇക്കോണമി മിഷനും സംയുക്തമായി തുടക്കം കുറിച്ച സംരംഭമാണ് ‘സമന്വയം’. പ്ലസ്ടുവോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ള (ഐടിഐ, പോളിടെക്നിക് ഉൾപ്പെടെ) 18നും 59നും മധ്യേ പ്രായമുള്ള ഒരുലക്ഷം പേർക്ക് ഒരു വർഷം കൊണ്ട് സ്വകാര്യ തൊഴിലോ, വിദേശ തൊഴിലോ ലഭ്യമാക്കുകയോ, ലഭ്യമാക്കുന്നതിനുള്ള തൊഴിൽ പരിശീലനമോ, ഭാഷാ പരിജ്ഞാനമോ നൽകുകയാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്.
വാട്സ്ആപ്പിലൂടെയും പരാതി നൽകാം
ന്യൂനപക്ഷ കമ്മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ വാട്സ്ആപ്പിലൂടെയും പരാതി സ്വീകരിക്കും. കേരളപ്പിറവിദിനത്തിൽ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് ഐഎഎസ് വാട്സ്ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. ഇനി ലോകത്തിന്റെ ഏത് കോണിൽ നിന്നും ഞൊടിയിടയിൽ പരാതി സമർപ്പിക്കാനാകും. നേരിട്ടും ഇ- മെയിൽ, തപാൽ മുഖേനയാണ് പരാതികൾ സ്വീകരിച്ചിരുന്നത്. ഇതിന് പുറമെയാണ് വാട്സ്ആപ്പിലൂടെയും സ്വീകരിക്കുന്നത്. നമ്പർ: 9746515133. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മിഷനിൽ വാട്സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്.
ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നേതൃത്വം നൽകുന്നത്. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്തുകയെന്ന നിക്ഷിപ്തമായ കടമയിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ പ്രസ്തുത ജനവിഭാഗങ്ങളുടെയാകെ കാവലാളാവുകയെന്നതും കമ്മിഷൻ ലക്ഷ്യംവയ്ക്കുന്നു.