Site iconSite icon Janayugom Online

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രൈം അംഗത്വം എടുപ്പിച്ചു; ആമസോണിന് 22,176 കോടി രൂപ പിഴ, 3.5 കോടി ഉപയോക്താക്കൾക്ക് റീഫണ്ട് നൽകും

പ്രൈം അംഗത്വവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് ആഗോള ഓൺലൈൻ ഭീമനായ ആമസോൺ 2.5 ബില്യൺ ഡോളർ (ഏകദേശം 22,176 കോടി ഇന്ത്യൻ രൂപ) പിഴയടയ്ക്കും. അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനുമായി  ഉണ്ടാക്കിയ ഒത്തുതീർപ്പിനെ തുടർന്നാണ് ഈ തീരുമാനം. ഉപഭോക്താക്കളുടെ വ്യക്തമായ സമ്മതമില്ലാതെ പ്രൈം സബ്‌സ്‌ക്രിപ്ഷൻ എടുപ്പിച്ചു, കൂടാതെ അംഗത്വം റദ്ദാക്കുന്നത് മനഃപൂർവം ബുദ്ധിമുട്ടാക്കി എന്നതായിരുന്നു ആമസോണിനെതിരെയുള്ള പ്രധാന ആരോപണം. വെബ്‌സൈറ്റിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ, ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന ഡിസൈൻ തന്ത്രങ്ങൾ ഉപയോഗിച്ച് പ്രൈം അംഗത്വത്തിൽ ചേർക്കുകയായിരുന്നു.

ഒത്തുതീര്‍പ്പ് പ്രകാരം ഉപഭോക്താക്കള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ നിരസിക്കാനുള്ള ഓപ്ഷന്‍ വ്യക്തവും എളുപ്പത്തില്‍ കാണാവുന്നതുമായ രീതിയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കാതെ വേണം വെക്കാന്‍. സബ്സ്‌ക്രിപ്ഷന്റെ തുക, ഓട്ടോമാറ്റിക് പുതുക്കല്‍, റദ്ദാക്കല്‍, നടപടിക്രമങ്ങള്‍ തുടങ്ങി എല്ലാ പ്രധാന നിബന്ധനകളും ചേരുന്നതിന് മുമ്പ് വ്യക്തമായി വെളിപ്പെടുത്തണം. അംഗത്വം റദ്ദാക്കല്‍ ബുദ്ധിമുട്ടില്ലാതെ ചെലവില്ലാതെ വേഗത്തിലുള്ള സംവിധാനം ഒരുക്കണം. ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഒരു സ്വതന്ത്ര സൂപ്പര്‍വൈസറെ നിയമിക്കാനും തീരുമാനമായി.

2019 ജൂൺ 23‑നും 2025 ജൂൺ 23‑നും ഇടയിൽ സിംഗിൾ പേജ് ചെക്ക്ഔട്ട് വഴി പ്രൈമിൽ ചേർന്ന ചില ഉപഭോക്താക്കൾക്ക് ഈ ഓട്ടോമാറ്റിക് റീഫണ്ടിന് അർഹതയുണ്ടാകും. ഉപഭോക്താക്കൾക്ക് പണം തിരികെ നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു സ്വതന്ത്ര സൂപ്പർവൈസറെ നിയമിക്കാനും ഒത്തുതീർപ്പിൽ തീരുമാനമായിട്ടുണ്ട്.

Exit mobile version