Site icon Janayugom Online

പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മോഡിയും അമിത് ഷായും

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയോടെ അവസാനിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, സച്ചിൻ ടെണ്ടുല്‍ക്കർ, എം എസ് ധോണി തുടങ്ങിയ പേരുകളിലുള്ള നിരവധി വ്യാജ അപേക്ഷകളാണ് ബിസിസിഐക്ക് ലഭിച്ചത്. ഇതുവരെ ലഭിച്ച 3000ത്തോളം അപേക്ഷകളില്‍ ഭൂരിഭാഗവും പ്രമുഖരുടെ പേര് വ്യാജമായി ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ട്.

ഈ മാസം 13നാണ് പരിശീലക സ്ഥാനത്തേക്ക് ഗൂഗിള്‍ ഫോമില്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. പരിശീലക ജോലിക്ക് തയ്യാറാണെന്ന് അറിയിച്ച് ബിസിസിഐക്ക് അയച്ച അപേക്ഷയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആകെ ലഭിച്ച അപേക്ഷകളില്‍ എത്രപേര്‍ യഥാര്‍ത്ഥ അപേക്ഷകരുണ്ടെന്ന കാര്യം ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവില്‍ വ്യാജ അപേക്ഷകളും യഥാർത്ഥ അപേക്ഷകളും ഏതെന്ന് കണ്ടുപിടിക്കാനുള്ള കഷ്ടപ്പാടിലാണ് അധികൃതര്‍.

വ്യാജ അപേക്ഷകരെ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പൊറുതി മുട്ടുന്നത് ഇതാദ്യമല്ല. 2022ല്‍, ബിസിസിഐ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചപ്പോഴും, സെലിബ്രിറ്റികളുടെ പേരുകള്‍ ഉപയോഗിച്ചുള്ള വ്യാജന്മാരില്‍ നിന്ന് 5,000ത്തോളം അപേക്ഷകള്‍ ലഭിച്ചിരുന്നു. മെയിലിലൂടെയാണ് സാധാരണ ബിസിസിഐ അപേക്ഷകള്‍ ക്ഷണിക്കുന്നതെങ്കിലും, ഇത്തവണ ഇതിനായി ഗൂഗിള്‍ ഫോമുകളാണ് ഉപയോഗിച്ചത്. ടി20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനമൊഴിയും. ഇതോടെ ദ്രാവിഡിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. 

Eng­lish Summary:Modi and Amit Shah to coach men’s crick­et team
You may also like this video

Exit mobile version