Site iconSite icon Janayugom Online

അച്ചാ ദിൻ; കോവിഡിൽ നട്ടം തിരിയുന്ന ഇന്ത്യൻ ജനതയുടെ തലയ്‌ക്കടിച്ച്‌ മോഡി സർക്കാരിന്റെ ഇന്ധനക്കൊള്ള

സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക്‌ ഇന്ധനക്കൊള്ളയുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ഇന്ധനവില കൂട്ടൽ തുടര്‍ പ്രക്രിയയാകുന്നു. സംസ്ഥാനത്ത് ഡീസല്‍ വിലയും റെക്കോഡ് തിരുത്തിയിരിക്കുന്നു. വ്യാഴാഴ്‌ച ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിൽ ഡീസലിന് 94.77 രൂപയും പെട്രോളിന് 101.82 രൂപയുമായി. തിരുവനന്തപുരത്ത് 96.71 രൂപയും 103.88 രൂപയും കോഴിക്കോട് 95.08, 102.11 രൂപയുമാണ് വില.ഏഴ് ദിവസത്തിനുള്ളില്‍ ഡീസലിന് അഞ്ചുതവണയായി 1.35 രൂപ കൂട്ടി. ജൂണില്‍ 16 തവണയായി 4.28 രൂപ കൂട്ടിയിരുന്നു. 

ജൂലൈയില്‍ വീണ്ടും അഞ്ചുതവണയായി 91 പൈസയും കൂട്ടി. രാജ്യം കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് ഡീസല്‍ വില കുത്തനെകൂട്ടുന്നത്. രാജസ്ഥാനിലെ ശ്രീ ​ഗം​ഗാ ന​ഗറില്‍ ഡീസല്‍ വില 103 രൂപ കടന്നു.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയും നൂറു കടന്നിരിക്കുന്നു.കോവിഡിൽ നട്ടം തിരിയുന്ന ഇന്ത്യൻ ജനതയുടെ തലയ്‌ക്കടിച്ച്‌ നരേന്ദ്ര മോഡി സർക്കാരിന്റെ ഇന്ധനക്കൊള്ള. അമ്പതു രൂപയ്‌ക്ക്‌ പെട്രോളെന്ന അവരുടെ വാഗ്ദാനം പൊള്ളയായിരിക്കുന്നു. ഒന്നാം കോവിഡ് തരംഗത്തിൽ (2020 മാർച്ച്, ഏപ്രിൽ) ഇന്ധന ഉപയോ​​ഗം കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില 20 ഡോളറായിരുന്നു. ഇക്കാലത്തും രാജ്യത്ത് ഇന്ധനവില നിർബാധം കൂട്ടി. നികുതി വർധിപ്പിച്ചാണ്‌ കേന്ദ്രം ഈ തട്ടിപ്പറി നടത്തിയത്‌. അന്ന്‌ ഒരു ലിറ്റർ പെട്രോളിന് 10 രൂപയും ഡീസലന് 13 രൂപയുമാണ് നികുതി കൂട്ടിയത്‌. പിന്നീട് ജൂൺമുതൽ എണ്ണ വില ഉയർന്നപ്പോഴും വില കൂട്ടി. എന്നാൽ, കൂട്ടിയ തീരുവ കുറച്ചില്ല. ഒന്നാം മോഡി സർക്കാർ 11 തവണയാണ്‌ തീരുവ കൂട്ടിയത്‌. 

2010ൽ പെട്രോളിന് 14.78 രൂപയും ഡീസലിന് 4.74 രൂപയുമായിരുന്ന തീരുവ ഇപ്പോൾ യഥാക്രമം 32. 90 രൂപയും 31. 80 രൂപയുമാണ്. പെട്രോളിന് 222.59 ശതമാനവും ഡീസലിന് 670 ശതമാനവുമാണ്‌ നികുതി വർധനയുണ്ടായത്‌.നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ഫെബ്രുവരിയിൽ 17 തവണയായി പെട്രോളിന് 4.52 രൂപയും ഡീസലിന് 4.88 രൂപയും കൂട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് 65 ദിവസം വില കൂട്ടിയില്ല. 2021 ജനുവരിയിൽ 52 ഡോളർ ആയിരുന്ന ക്രൂഡ് ഓയിൽ വില മാർച്ച്‌ എട്ടിന്‌ 71.45 ഡോളറായിട്ടും പെട്രോൾവില കൂട്ടിയില്ല. ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ, ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും മെയ് നാല് മുതൽ വില കൂട്ടൽ തുടങ്ങി. ഇതിൽനിന്ന്‌ ഇന്ധനവില നിയന്ത്രിക്കുന്നത് എണ്ണക്കമ്പനികളല്ല സർക്കാരാണെന്ന്‌ വ്യക്തം. ജനങ്ങളുടെമേല്‍ അമിതഭാരം അനാവശ്യമായി അടിച്ചേല്‍പ്പിക്കുകയാണ് മോഡിസര്‍ക്കാര്‍. യുപിഎ ഭരണകാലത്ത് പെട്രോളിന്റെ വിലനിയന്ത്രണം നീക്കംചെയ്തിരുന്നു. എന്‍ഡിഎ അധികാരത്തില്‍ വന്നപ്പോള്‍ ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളഞ്ഞു. 

ബിജെപി അധികാരത്തില്‍ വരുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് തീരുവ 3.65 രൂപയായിരുന്നു. ഇപ്പോഴത് 17.33 രൂപയായി ഉയര്‍ന്നു. ഡീസലിന്റെ എക്സൈസ് തീരുവ 9.45 രൂപയില്‍നിന്ന് 21.48 രൂപയായി. എക്സൈസ് തീരുവ കൂട്ടിയിരുന്നില്ലെങ്കില്‍ എണ്ണവില വളരെ കുറയുമായിരുന്നു. കോര്‍പറേറ്റ് മുതലാളിമാരുടെ ലാഭം വര്‍ധിക്കുന്നതോടൊപ്പം ഖജനാവിന്റെ വരുമാനം കൂട്ടുകയും മോഡി സര്‍ക്കാരിന്റെ ലക്ഷ്യമാണ്. 

140 ഡോളറില്‍നിന്ന് 40 ഡോളറായി അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞാല്‍ ഒരു ലിറ്റര്‍ എണ്ണയുടെ വില എത്രയായി കുറയുമെന്ന് കണക്കുകൂട്ടിയാല്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നതാണ്.സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ദിവസംതന്നെ എണ്ണവില വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ മഹാമാരിയുടെ കാലത്തും, ഇന്ധന വില വർധിപ്പിച്ച്‌ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു.കോവിഡ്‌ മഹാമാരിയും വിലക്കയറ്റവുംകൊണ്ട്‌ പൊറുതിമുട്ടിയ ജനങ്ങൾക്കുമേൽ നിത്യേനയെന്നോണം പുതിയ ദുരിതങ്ങൾ കെട്ടിവയ്‌ക്കാൻ മോഡി സർക്കാരിന്‌ ഒട്ടും മടിയില്ല. ജനങ്ങളുടെ ദുരിതം നാൾക്കുനാൾ വർധിക്കുന്നത്‌ തങ്ങൾക്ക്‌ പ്രശ്‌നമല്ലെന്ന മട്ടിലാണ്‌ കേന്ദ്രത്തിന്റെ പെരുമാറ്റം.ഇന്ധന വില വർധനയിൽ ലോകത്ത്‌ ഒന്നാം സ്ഥാനത്താണ്‌ ഇന്ത്യ. ഒരു വർഷത്തിനിടെ രാജ്യത്ത്‌ എത്ര ശതമാനത്തോളമാണ്‌ വില വർധിപ്പിച്ചത്‌. 

Eng­lish Sum­ma­ry : modi gov­ern­ments achaa din by rob­bing peo­ple dur­ing pan­dem­ic in the name of fuel prices

You may also like this video :

Exit mobile version