Site iconSite icon Janayugom Online

മോഡിയും ഷായും ആർ‌എസ്‌എസും; ശശി തരൂരിന്റെ സ്തുതിയും

ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആർ‌എസ്‌എസ് ആസ്ഥാനം സന്ദർശിക്കും. 2014ൽ അധികാരമേറ്റതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ആർ‌എസ്‌എസ് നിയന്ത്രണത്തിലുള്ള സ്ഥാപനമായ മാധവ് നേത്രാലയ ഐ ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്ററിന്റെ വിപുലീകരണ പദ്ധതിക്കും മോഡി തറക്കല്ലിടും. ഈ വർഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നയിക്കാൻ പുതിയ ദേശീയ പ്രസിഡന്റിനെ ഉടൻ തെരഞ്ഞെടുക്കണമെന്നതിനാൽ മോഡിയും ആര്‍­എസ്‌എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്.

2024ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ ബിജെപിയും ആർ‌എസ്‌എസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. “അബ് കി ബാർ ചാർ സൗ പാർ” (ഇത്തവണ 400ലധികം സീറ്റുകൾ) എന്ന മോഡിയുടെ മുദ്രാവാക്യം അമിത ആത്മവിശ്വാസത്തിന്റേതാണെന്ന് അന്ന് വിലയിരുത്തപ്പെട്ടു. ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തില്ല. പിന്നീടാണ് സംഘവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഹരിയാന, മഹാരാഷ്ട്ര, ഡൽഹി തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപി നേതൃത്വം ആർ‌എസ്‌എസുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തി. ഏകോപിത ശ്രമങ്ങള്‍ വിജയങ്ങൾക്ക് കാരണമായി. കഴിഞ്ഞദിവസങ്ങളിൽ, പ്രധാനമന്ത്രി ആർ‌എസ്‌എസിനെ പ്രശംസിക്കുകയും ദേശീയ ലക്ഷ്യങ്ങളോടുള്ള അതിന്റെ പ്രതിബദ്ധതയെയും പ്രവര്‍ത്തകരുടെ സമർപ്പണത്തെയും പുകഴ്ത്തുകയും ചെയ്തു. മോഡിയുടെ ഇത്തരം പരാമർശങ്ങൾ അദ്ദേഹം നിര്‍ദേശിക്കുന്ന ബിജെപി അധ്യക്ഷനുള്ള പിന്തുണ ഉറപ്പാക്കുന്നതിനുള്ള ഒരു സൂചനയായും വിലയിരുത്തപ്പെടുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസാവസാനം ബിഹാർ സന്ദർശിക്കാൻ സാധ്യതയുള്ളതിനാൽ പട്‌നയിലെ രാഷ്ട്രീയ സാഹചര്യം ചൂടുപിടിക്കുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രം തയ്യാറാക്കുന്നതിനെക്കുറിച്ചായിരിക്കും ഷാ ചര്‍ച്ചചെയ്യുക. സംസ്ഥാന ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും പ്രത്യേക സംഘത്തെയും അദ്ദേഹം കാണും. ബിഹാറിൽ ക്യാമ്പ് ചെയ്യുമെന്നും തെരഞ്ഞെടുപ്പ് പ്രചരണം നിരീക്ഷിക്കുമെന്നും അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്.

പ്രതിഷേധിക്കുന്ന കർഷകർക്കെതിരായ പഞ്ചാബ് പൊലീസിന്റെ അടിച്ചമർത്തല്‍ നയം ഇന്ത്യസഖ്യത്തിലെ പാര്‍ട്ടികളായ കോൺഗ്രസും എ‌എ‌പിയും തമ്മിലുള്ള ഭിന്നതകള്‍ വർധിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടൊപ്പം എ‌എ‌പി നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നു. സർവാൻ സിങ് പാന്ഥർ, ജഗ്ജിത് സിങ് ദല്ലെവാൾ എന്നിവരുൾപ്പെടെ നിരവധി കർഷക നേതാക്കളെ മൊഹാലിയിൽ കേന്ദ്ര പ്രതിനിധി സംഘവുമായുള്ള യോഗത്തിൽ നിന്ന് മടങ്ങുന്നതിനിടെയാണ് പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വർഷത്തിലേറെയായി ഉപരോധിച്ചിരുന്ന ശംഭു, ഖനൗരി പ്രദേശങ്ങളില്‍ നിന്ന് കർഷകരെ ഒഴിപ്പിച്ചു. ഇതോടെ ആം ആദ്മി പാർട്ടിയും ബിജെപിയും കർഷകർക്കെതിരെ കൈകോർത്തതായി കോൺഗ്രസും സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) ആരോപിച്ചു. “രാജ്യത്തെ ഭക്ഷ്യദാതാക്കൾക്കെതിരെ രണ്ട് കർഷകവിരുദ്ധ പാർട്ടികൾ കൈകോർത്തതായി തോന്നുന്നു”വെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എക്സില്‍ കുറിച്ചു.
കോൺഗ്രസ് എംപി ശശി തരൂരിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള നിലപാട് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന ഒരു ചടങ്ങിലാണ് തരൂർ മോഡിയുടെ റഷ്യന്‍ നിലപാടിനെ പുകഴ്ത്തിയത്. ‘2022 ഫെ­ബ്രുവരിയിൽ അന്നത്തെ പാർലമെന്ററി ചർച്ചയിൽ ഇന്ത്യയുടെ നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. എന്നാല്‍ അത് തെറ്റാണെന്ന് ഇപ്പോള്‍ തോന്നുന്നു‘വെന്നാണ് തരൂര്‍ പറഞ്ഞത്. നേരത്തെ, തരൂർ റഷ്യയുടെ നടപടികളെ അപലപിക്കുകയും, യുഎൻ നിര്‍ദേശം ലംഘിച്ചുകൊണ്ടുള്ള അവരുടെ ആക്രമണത്തെ ഇന്ത്യ അപലപിക്കുകയും ഉക്രെയ്‌നിന്റെ പരമാധികാരത്തിനായി നില്‍ക്കുകയും വേണമെന്ന് വാദിക്കുകയും ചെയ്തിരുന്നു. റഷ്യ‑ഉക്രെയ്ൻ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടിനെത്തന്നെയാണ് ഇപ്പോള്‍ തരൂർ പ്രശംസിച്ചത്. ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഇന്ത്യ സവിശേഷമായ രീതിയിലാണ് നിലപാടെടുത്തതെന്ന് തരൂർ പറഞ്ഞു.

അടുത്ത വർഷം കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്തെ പാർട്ടിയില്‍ കൂടുതൽ സ്വാധീനം ചെലുത്താൻ ആഗ്രഹിക്കുന്നയാളാണ് തരൂർ. സംസ്ഥാന കോൺഗ്രസ് നേതാക്കൾ തരൂരിന്റെ മോഡി സ്തുതിയെ പക്ഷേ, എതിർക്കുന്നു. എന്നാല്‍ സംസ്ഥാന ഘടകത്തില്‍ അർഹമായ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ഒരു സന്ദേശമായിട്ടാകണം മോഡിയെ പുകഴ്ത്തിക്കൊണ്ടുള്ള തരൂരിന്റെ നിലപാട്.
(ഐപിഎ)

Exit mobile version