Site iconSite icon Janayugom Online

മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനവും യുഎസ് മാധ്യമങ്ങളും

modimodi

ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ് സന്ദര്‍ശനം ചരിത്ര വിജയമായി ഭരണകൂടവും സംഘ്പരിവാറും വലതുപക്ഷ കുത്തകമാധ്യമങ്ങളും ദിവസങ്ങളായി ആഘോഷിക്കുകയാണ്. എന്നാല്‍ മോഡിയുടെ നേതൃത്വത്തില്‍ തുടരുന്ന ജനാധിപത്യ ധ്വംസനവും വംശഹത്യയും ചൂണ്ടിക്കാട്ടിയും ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരായും ന്യൂയോര്‍ക്കിലും വാഷിങ്ടണിലും അടക്കം യുഎസില്‍ മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം നടന്നു. മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും മോഡിയുടെ നയസമീപനങ്ങള്‍ക്കെതിരെയും ബൈഡന്റെ നിലപാടുകള്‍ക്കെതിരെയും മുന്നിട്ടിറങ്ങി.

ന്യൂയോര്‍ക്ക് ടൈംസ്

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരിക്കല്‍ പോലും സ്വന്തം രാജ്യത്ത് ഒരു വാര്‍ത്താസമ്മേളനത്തിന് തയ്യാറായിട്ടില്ല. എന്നാല്‍ ദിവസങ്ങള്‍ മുമ്പ് അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അവിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നു.
ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരായ പീഡനങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, ജനാധിപത്യ തകര്‍ച്ച എന്നിവയെക്കുറിച്ചുള്ള വാൾസ്ട്രീറ്റ് ജേണലിന്റെ ചോദ്യത്തിന്,” ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നു… ഇന്ത്യ ഒരു ജനാധിപത്യമാണ് എന്നത് കേവലം പറച്ചിലല്ല… ഇന്ത്യയിലെയും അമേരിക്കയിലെയും ജനങ്ങളില്‍, അവരുടെ ജനിതകത്തിൽ ജനാധിപത്യമുണ്ട്. ”
മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസാര സ്വാതന്ത്ര്യത്തെക്കുറിച്ചും മോഡി വാചാലനായി “ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ, മതത്തിന്റെ അടിസ്ഥാനത്തിലോ, ജാതിയുടെ അടിസ്ഥാനത്തിലോ, പ്രായത്തിന്റെ അടിസ്ഥാനത്തിലോ അല്ല…”
മോഡി എല്ലായ്പ്പോഴും എല്ലാ കുറ്റങ്ങളും നിഷേധിക്കുന്നതും സ്വയം വിശുദ്ധീകരിക്കുന്നതും ന്യൂയോര്‍ക്ക് ടൈംസ് വരച്ചുകാട്ടി. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഭരണകൂടവും മാധ്യമങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
“അധികാരത്തിലേറിയ കാലം മുതൽ മോഡിയും സംഘവും തങ്ങളുടെ സന്ദേശം അതിവേഗം ജനങ്ങളില്‍ എത്തിക്കുന്നതിലും ഒപ്പം മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലും ജാഗ്രത പുലര്‍ത്തിയിരുന്നു. പൊതുപരിപാടികളിലെ പ്രസംഗങ്ങൾ ഏറെ ഇഷ്ടപ്പെടുമ്പോഴും രാജ്യത്തിന് സന്ദേശങ്ങൾ നൽകുന്നതിനുള്ള ഒരു മാർഗമാക്കി മോഡി തന്റെ പ്രതിമാസ റേഡിയോ ഷോ. മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കാത്ത പരിപാടികളാകട്ടെ അത്യപൂർവവുമാണ്.” 2002ലെ ഗുജറാത്ത് കലാപത്തില്‍ നടന്ന മുസ്ലിം കൂട്ടക്കുരുതിയില്‍ മുഖ്യമന്ത്രിയായിരുന്ന മോഡി വെറും കാഴ്ചക്കാരനായിരുന്നു. വന്യമായ അക്രമങ്ങളിലേക്ക് കൊലയാളിക്കൂട്ടങ്ങളെ അഴിച്ചുവിട്ടതില്‍ മോഡിയുടെ നോക്കുകുത്തി നിലപാട് കാരണവുമായി. ”
“എന്നാല്‍ ഇക്കാര്യങ്ങള്‍ മോഡി ഏറെക്കാലം നിരസിച്ചു. പക്ഷേ, അക്കാലത്ത് തന്റെ ഏറ്റവും വലിയ പരാജയം മാധ്യമങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വന്നതാണ്, മോഡി പരസ്യമായി ആവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് മാധ്യമങ്ങളെ കര്‍ശനമായി പിന്തുടരാനും നിയന്ത്രിക്കാനും ശ്രമിച്ചുകൊണ്ടേയിരുന്നു, ” ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുന്നു.

ന്യൂയോർക്കർ

‘ജോ ബൈഡൻ നരേന്ദ്ര മോഡിയോട് പറയാത്തത്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ന്യൂയോർക്കർ ജോ ബൈഡന്റെ വിദേശനയത്തിലെ ഇടപാടുകളുടെ ഓർമ്മപ്പെടുത്തലാണ് മോഡിയുടെ സന്ദര്‍ശനം എന്നു ചൂണ്ടിക്കാട്ടി. “മോഡിയുടെ സന്ദർശനം രാജ്യത്ത് പടരുന്ന സ്വേച്ഛാധിപത്യ ചായ‌് വുകളിലേക്ക് ലോക ശ്രദ്ധ ആകര്‍ഷിച്ചു. ബൈഡന്റെ വിദേശനയത്തിൽ അന്തർലീനമായ കച്ചവട നേട്ടങ്ങളുടെ ഓർമ്മപ്പെടുത്തലായി.
മുൻ യുഎസ് നയതന്ത്രജ്ഞൻ ആരോൺ ഡേവിഡ് മില്ലർ മോഡിയെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും ബൈഡൻ ആലിംഗനം ചെയ്തതിനെ കാപട്യം എന്നാണ് വിശേഷിപ്പിച്ചത്.
മോഡിയുടെ താമസസൗകര്യങ്ങള്‍ അദ്ദേഹത്തിന് അര്‍ഹതയുള്ളതാണോ എന്ന് ചോദിച്ച ആരോണ്‍ റഷ്യ‑ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള മോഡിയുടെ മൗനത്തെ പരാമർശിച്ചാണ് ഈ അഭിപ്രായമെന്ന് തുടര്‍ന്നു. യുദ്ധം ആരംഭിച്ചത് റഷ്യയാണെന്ന് മോഡി അംഗീകരിച്ചില്ല.
ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിക്കുമ്പോൾ, “അമേരിക്കയിലെ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥ” ചൂണ്ടിക്കാണിക്കാനും ന്യൂയോർക്കർ മടിച്ചില്ല.
മോഡിയുമായുള്ള വാർത്താസമ്മേളനത്തെ ന്യൂയോർക്കർ നിർവചിച്ചത് “ഒരു വാർത്താസമ്മേളനം എന്നാല്‍ വാര്‍ത്താസമ്മേളനം അല്ലാത്തതൊന്ന്” എന്നായിരുന്നു.

ലോസാഞ്ചലസ് ടൈംസ്

ലോസാഞ്ചലസ് ടൈംസാകട്ടെ മോഡിയേയും സ്വേച്ഛാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ പോക്കിനെയും കുറിച്ച് ബൈഡൻ നിശബ്ദനായിരിക്കുന്നത് എന്തുകൊണ്ട് എന്ന് തുറന്നു ചോദിച്ചു.
ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണ്. ഇത് സംഭവിക്കുന്നില്ലെന്ന് നടിക്കാൻ പ്രസിഡന്റ് ബൈഡനോ ഇതര ജനാധിപത്യ നേതാക്കൾക്കോ ധാർമ്മികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു സാഹചര്യവുമില്ല, ”മോഡിയുടെയും ബൈഡന്റെയും സംയുക്ത പത്രസമ്മേളനത്തിന് മുന്നോടിയായി ജൂൺ 20ന് ലോസാഞ്ചലസ് ടൈംസ് എഴുതി.
സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ സ്വേച്ഛാധിപത്യ ഇന്ത്യ ഒരു ചങ്ങാതിയായിരിക്കില്ല. ഒരു സുസ്ഥിര സഖ്യത്തിന് സത്യസന്ധമായ മൂല്യങ്ങൾ ആവശ്യമാണ്. ”
മോഡി ഭരണകൂടത്തിന്റെ നിയമ നിര്‍മ്മിതിയുടെ പുതിയ ലക്ഷ്യം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയായിരുന്നു.
2019ൽ കോലാറിൽ രാഹുല്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹത്തെ കുറ്റക്കാരനാക്കിയത്, “എനിക്ക് ഒരു ചോദ്യമുണ്ട്. നീരവ് മോഡിയായാലും ലളിത് മോഡിയായാലും നരേന്ദ്രമോഡിയായാലും ഈ കള്ളന്മാർക്കെല്ലാം അവരുടെ പേരിൽ മോഡി എന്നുണ്ട്. എന്തുകൊണ്ട്? ഇനിയും ഇത്തരത്തിൽ എത്ര മോഡിമാർ വെളിപ്പെടുമെന്ന് അറിയില്ല. ”
രാഷ്ട്രീയക്കാരെ അടിച്ചമർത്താൻ കേന്ദ്ര നിയമ നിർവഹണ ഏജൻസികളുടെ ദുരുപയോഗത്തെക്കുറിച്ചും ലോസാഞ്ചലസ് ടൈംസ് സംസാരിച്ചു. ഭരണകൂടത്തിന്റെ ചട്ടുകങ്ങളായി സര്‍ക്കാര്‍ ഏജൻസികളെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവർത്തകർ, തുടങ്ങി ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്ന ആരെയും അടിച്ചമർത്താൻ ഉപയോഗിക്കുന്നു.
“മോഡി അധികാരത്തിലേറിയ ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ 400 ശതമാനം വർധിപ്പിച്ചു, അതിൽ 95ശതമാനം പേരും പ്രതിപക്ഷത്തുള്ളവരാണ്. ന്യൂനപക്ഷങ്ങൾക്ക് ഭീഷണിയായ ഒരു തീവ്രഹിന്ദു ഭരണകൂടത്തിന്റെ ബലത്തിലാണ് ഇതെല്ലാം നടക്കുന്നത്. മോഡി അധികാരത്തിൽ വന്നതിന് ശേഷം മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ 300 ശതമാനം വർധിച്ചു, പുതിയ നിയമനിർമ്മാണങ്ങളിലൂടെ രാജ്യത്തെ 200 ദശലക്ഷം മുസ്ലിങ്ങളിൽ വലിയൊരു ശതമാനത്തെയും പുറത്താക്കുമെന്ന ഭീഷണിയും മുഴക്കുന്നു ”ലോസാഞ്ചലസ് മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ വിശദീകരിച്ചു.
ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങളുടെ പ്രാധാന്യവും അത് ചൂണ്ടിക്കാട്ടി, അതിലൂടെ അവർക്ക് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ചൈനയിൽ നിന്ന് “വിഘടിപ്പിക്കാനും” വ്യവസായം ഇന്ത്യയിലേക്ക് മാറ്റാനും കഴിയും.
അതിനുതകുന്ന ചില പ്രതീക്ഷകളും പങ്കുവച്ചു , “ഇന്ത്യ വീണ്ടും ലോകത്തെ പ്രചോദിപ്പിക്കുന്ന ഒരു ജനാധിപത്യ രാജ്യമാകുമെന്ന് ചിന്തിക്കാൻ എല്ലാ കാരണവുമുണ്ട്. അതിന്റെ ഭരണഘടന ശക്തമാണ്. ശക്തമായ സംസ്ഥാന ഭരണസംവിധാനങ്ങളുള്ള ഉയർന്ന ഫെഡറല്‍ സംവിധാനമാണ് നിലവിലുള്ളത്, അതിൽ പകുതിയും മോഡിയുടെ ബിജെപിയുടെ കയ്യിലല്ല. ”

ദ ഫോറിന്‍ അഫയേഴ്സ്

“ബൈഡൻ പറയുന്നത് ജനാധിപത്യമാണ്, ഭാവിയുടെ വാഗ്ദാനങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള മികച്ച മാര്‍ഗം. എന്നാല്‍ ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണെന്ന് അദ്ദേഹത്തിനും ജനാധിപത്യ ക്രമങ്ങളെ നിരീക്ഷിക്കുന്നവര്‍ക്കും അറിയാം. അവർ അത് വളരെ ഉച്ചത്തിലും വ്യക്തമായും പറയേണ്ട സമയമാണിത്.
ദ ഫോറിൻ അഫയേഴ്സില്‍ ഡാനിയൽ മാർക്കി എഴുതി, “ജനാധിപത്യ മൂല്യങ്ങള്‍ യുഎസ്-ഇന്ത്യൻ ബന്ധത്തിന്റെ മൂലക്കല്ല് ആക്കുക എന്നത് എല്ലായ്പ്പോഴും സംശയാതീതമായിരുന്നു. ഇന്ന് അത് വ്യക്തമായി നശിച്ചിരിക്കുന്നു — കാരണം പൊതുവായ മൂല്യങ്ങൾ എന്ന ആശയം തന്നെ സാങ്കല്പികമായി. ഒമ്പത് വർഷം മുമ്പ് നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രിയായത് മുതൽ, ഇന്ത്യയുടെ ജനാധിപത്യ പദവി സംശയകരമായ പദവിയിലാണ്. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം” അതിന്റെ മുസ്ലിം ന്യൂനപക്ഷത്തിന് നേരെ അക്രമത്തിന്റെ കുതിച്ചുചാട്ടം നടത്തുന്നു. ദശലക്ഷക്കണക്കിന് മുസ്ലിം പൗരന്മാര്‍ക്ക് പൗരത്വം നിഷേധിക്കുന്നു. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുകയും പ്രതിപക്ഷത്തെ നിശബ്ദരാക്കുകയും ചെയ്യുന്നു, ”
“ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യുണൈറ്റഡ് സ്റ്റേറ്റ്സ് നൂതന സാങ്കേതികവിദ്യയുടെയും വിദ്യാഭ്യാസത്തിന്റെയും നിക്ഷേപത്തിന്റെയും ആകർഷകമായ ഉറവിടമാണ്. ന്യൂഡൽഹിക്ക് മോസ്കോയുമായി ഇപ്പോഴും അടുത്ത ബന്ധം ഉണ്ടായിരിക്കാം, എന്നാൽ റഷ്യൻ ആയുധങ്ങളുടെ അനിശ്ചിതത്വവും ഗുണനിലവാരവും വിശ്വാസ്യതയും സംശയകരമാക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ എന്നത്തേക്കാളും കൂടുതൽ തുറന്നിരിക്കുന്നു എന്നതാണ്, ”അത് കൂട്ടിച്ചേർത്തു.
“ആഗോള ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യയെ ഒരു സഖ്യകക്ഷിയായി പരിഗണിക്കുന്നതിനു പകരം, ഇന്ത്യ സൗകര്യത്തിന്റെ ഒരു സഖ്യകക്ഷിയാണെന്ന് കാണണം, ” ഫോറിന്‍ അഫയേഴ്സ് മാസിക വ്യക്തമാക്കുന്നു.

അറ്റ്ലാന്റിക്

“ന്യൂഡൽഹിയെ പുകഴ്ത്തുന്നതും അതിന്റെ പോരായ്മകളില്‍ നിശബ്ദത തുടരുന്ന അമേരിക്കൻ നേതാക്കളെ വിമർശിച്ചു കൊണ്ടായിരുന്നു ”അറ്റ്ലാന്റിക് ” നിലപാട്. “ അവര്‍ അന്ധരല്ലെങ്കിൽ, അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യം എന്തായിരിക്കണം എന്നതും വര്‍ത്തമാന ഇന്ത്യയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ബോധ്യപ്പെടും. ”കാരവന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ഹർതോഷ്സിങ് ബാലിനെ അറ്റ്ലാന്റിക് ഉദ്ധരിച്ചു.
അന്താരാഷ്ട്ര വിമർശനത്തിന്റെ പ്രാധാന്യം ലേഖനം ചൂണ്ടിക്കാട്ടി. , “2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡനും കമലാ ഹാരിസും കശ്മീരിനെക്കുറിച്ചുള്ള ഇന്ത്യൻ നയങ്ങളെ വിമർശിച്ചു. എന്നാല്‍ മതസ്വാതന്ത്ര്യത്തിന് വേണ്ടി മോഡി കഠിനമായി പരിശ്രമിക്കുകയാണ് എന്നായിരുന്നു ട്രംപ് പറഞ്ഞത്. ” ബൈഡനും കമലാ ഹാരിസും അധികാരമേറ്റ് 16 ദിവസത്തിന് ശേഷം ന്യൂഡൽഹി ഇന്റർനെറ്റ് ജമ്മു കശ്മീരില്‍ പുന:സ്ഥാപിച്ചു.
ഈ വിഷയത്തിൽ, ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ അധ്യക്ഷന്‍ ആകാർ പട്ടേലിനെ ഉദ്ധരിച്ച് ദി അറ്റ്ലാന്റിക് റിപ്പോർട്ട് ചെയ്തു, “17 മാസത്തേക്ക് തടഞ്ഞത് 17 ദിവസത്തിനുള്ളിൽ നീക്കാൻ ഡെമോക്രാറ്റുകൾക്ക് സാധിച്ചു എന്നതാണ് എന്റെ അനുമാനം. . ”
മറ്റൊരു പത്രപ്രവർത്തകന്റെ നിര്‍ദേശമായി ന്യൂസ് മിനിറ്റിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ സുദീപ്തോ മൊണ്ടൽ പറഞ്ഞു, “യുഎസിലെ ഹിന്ദു ദേശീയവാദികളെ നേരിട്ട് യുഎസ് ഒരു മികച്ച മാതൃക കാണിക്കണം. ”,
“താഴ്ന്ന ജാതിയിൽപ്പെട്ടവർ ഉൾപ്പെടെ അഞ്ച് ദശലക്ഷത്തിലധികം ദക്ഷിണേഷ്യക്കാർ അമേരിക്കയില്‍ താമസിക്കുന്നു. ഇന്ത്യയിൽ താഴ്ന്ന ജാതിക്കാർ എന്ത് അനുഭവിക്കുന്നുവെന്ന് പ്രതിഫലിപ്പിക്കുന്ന അടിച്ചമർത്തൽ അവർക്ക് യുഎസില്‍ നേരിടുന്നു. ഹിന്ദുമതത്തിലെ ഏറ്റവും താഴ്ന്ന ജാതിയിൽ പെട്ട ദക്ഷിണേഷ്യൻ അമേരിക്കക്കാരിൽ വലിയൊരു വിഭാഗം ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിവേചനം നേരിടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരു യുഎസ് സംസ്ഥാനവും വിവേചന വിരുദ്ധ നിയമങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഗ്രൂപ്പുകളുടെ പട്ടികയിൽ ജാതി പരിഗണിച്ചിട്ടില്ല, എന്നാൽ ഫെബ്രുവരിയിൽ സിയാറ്റിൽ തൊഴിൽ, പാർപ്പിടം, പൊതു ഇടങ്ങൾ എന്നിവയിൽ ജാതി വിവേചനം നിരോധിച്ചു. കാലിഫോർണിയയും സമാനമായ നിയമനിർമ്മാണവുമായി മുന്നോട്ട് പോകുന്നു. ” 

പൊളിറ്റിക്കോ

‘മോഡിക്ക് രുചികരമായ അത്താഴം നൽകിയതിൽ ബൈഡൻ സന്തോഷിക്കുന്നുണ്ടാകും എന്നാല്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയുമ്പോള്‍ വായടച്ചിരിക്കുകയാണ്. ’ പൊളിറ്റിക്കോയുടെ നിരീക്ഷണം.
“ഇന്ത്യയും ചൈനയും നീണ്ട അതിർത്തി പങ്കിടുന്നു. സമീപകാലങ്ങളില്‍ സംഘർഷങ്ങളും പതിവാകുന്നു. ഓസ്ട്രേലിയയും ജപ്പാനും ചേർന്നു ക്വാഡ് സഖ്യത്തിന്റെ ഭാഗമായി ഇന്ത്യയെ യുഎസ് ഉയർത്തി ഇത് ഷി ജിൻപിങ്ങിന്റെ സാമ്പത്തികവും പ്രാദേശികവുമായ അഭിലാഷങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ന്യൂഡൽഹിയെ പ്രേരിപ്പിച്ചു, ”പൊളിറ്റിക്കോ ലേഖനത്തില്‍ പറയുന്നു. പക്ഷെ ഇന്ത്യയില്‍ വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ പരിതസ്ഥിതി വ്യക്തമായിട്ടും വിമർശനങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ മാത്രം ഉന്നയിക്കാൻ താല്പര്യപ്പെടുന്ന യുഎസ് ഉദ്യോഗസ്ഥരുടെ നിലപാടും വിമര്‍ശിക്കപ്പെട്ടു.
“അങ്ങനെ ചെയ്യുമ്പോള്‍, മോഡിയുടെ കാര്‍മ്മികത്വത്തിൽ നടക്കുന്ന അതിക്രമങ്ങൾക്ക് മൗനാനുവാദം നൽകുകയാണ് , ഇത് സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള അവസരം ഇല്ലാതാക്കുന്നു,”.

Exit mobile version