അഭ്രപാളിയില്‍ വര്‍ണവിസ്മയങ്ങള്‍ ഒരുക്കിയ മോഹനന്‍ ചലച്ചിത്ര മേളയില്‍ എത്തിയത് ജീവിതത്തിന്റെ വര്‍ണം തേടി. സിനിമയില്‍ 42 വര്‍ഷത്തോളം ആര്‍ട്ട്, സെറ്റ് വര്‍ക്ക് ചെയ്തു വരികയായിരുന്നു മോഹനന്‍. ഇത്തവണ അണിയറയിലല്ലെന്നു മാത്രം. സിനിമ ചിത്രീകരിക്കുന്ന കാമറയുടെ മിനിയേച്ചറുമായാണ് അദ്ദേഹം മേളയില്‍ എത്തിയത്. ഒന്നും രണ്ടുമല്ല നിരവധിയെണ്ണം വില്പനയ്ക്കായി എത്തിച്ചതാണ്. വാഹനാപകടത്തെ തുടര്‍ന്ന് സിനിമ വിട്ടതോടെ മറ്റു ജോലികളൊന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി. ബുദ്ധിമുട്ടുകള്‍ കൂടിയപ്പോള്‍ മെമെന്റോ വര്‍ക്കുകളിലേക്ക് തിരിഞ്ഞു. നെയ്യാറ്റിന്‍കര സ്വദേശിയായ മോഹനന്‍ ചലച്ചിത്ര മേളയില്‍ 11 വര്‍ഷം തുടര്‍ച്ചയായി ആര്‍ട്ട്, സെറ്റ് വര്‍ക്കുകളും ചെയ്തിട്ടുണ്ട്.
1980കള്‍ക്ക് മുമ്പുള്ള സിനിമകളുടെ ചിത്രീകരണത്തിന് ഉപയോഗിച്ചിട്ടുള്ള കാമറകളുടെ മിനിയേച്ചര്‍ മോഡലുകളാണ് മോഹനന്‍ ഒരുക്കിയിരിക്കുന്നത്. തേക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓരോന്നും പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസത്തോളമെടുത്തു. ആയിരം രൂപയാണ് ഒന്നിന് വില. ആ കാലഘട്ടത്തിലെ കാമറ എങ്ങനെ ആയിരുന്നു എന്ന് പുതുസിനിമാ പ്രവര്‍ത്തകരെ അറിയിക്കുകയാണ് കാമറാ നിര്‍മ്മാണത്തിനു പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മിനിയേച്ചര്‍ കാമറ ഇതാദ്യമാണ് ചെയ്യുന്നത്.
ചലച്ചിത്ര മേളയുടെ ഒന്നാം ദിനമായ ഇന്നലെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ വലിയ ഹിറ്റായി മാറി ഈ മിനിയേച്ചര്‍ കാമറകള്‍. നടന്‍ അലന്‍സിയര്‍ ഉള്‍പ്പെടെ നിരവധിപേര്‍ കാമറ വാങ്ങി. കാമറയുടെ ഫോട്ടോ എടുക്കാനും വിശേഷങ്ങള്‍ അറിയാനും വലിയ തിരക്കായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയാണോ അതുപോലെ താന്‍ ഇപ്പോഴും സന്തോഷവാനാണ്. സിനിമയെ അത്രത്തോളം ഇഷ്ടമുള്ളതുകൊണ്ടാണ് മിനിയേച്ചര്‍ കാമറയുമായി മേളയിലെത്തിയത്.