Site icon Janayugom Online

മനുഷ്യവികാരങ്ങള്‍ ചേര്‍ത്തുവെച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്ന് മോഹന്‍ലാല്‍

മനുഷ്യരുടെ വികാരങ്ങളെല്ലാം ചേര്‍ത്തുവെച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്ന് മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നിരവധി ഘടകങ്ങള്‍ ചേര്‍ത്താണ് മലൈക്കോട്ടൈ വാലിബന്‍ ചെയ്തിട്ടുള്ളതെന്നും പ്രേക്ഷകരില്‍ നിന്നുള്ള അനുഭവത്തിന്റെ ഭാഗ്യത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 25നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

ചിന്തിച്ചതിനേക്കാള്‍ വലിയ ക്യാന്‍വാസിലേക്കാണ് സിനിമ വന്നതെന്നും അഭിനേതാവ് എന്ന നിലയില്‍ തന്നെ സംതൃപ്തിപ്പെടുത്തിയ ചിത്രമാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രണയവും നൈരാശ്യവും ദുഃഖവും സന്തോഷവും ഉള്‍പ്പെടെയുള്ള മനുഷ്യരുടെ വികാരങ്ങളെല്ലാം ഈ സിനിമയിലുണ്ട്. വളരെ വ്യത്യസ്തമായ ചലച്ചിത്രമാണെന്നും താനിത്തരം ജോണറിലുള്ള സിനിമ ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. നാടോടിക്കഥപോലെ പറഞ്ഞു പോയ സിനിമ മനോഹരമായി ചെയ്തുവെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സിനിമയിലെ സര്‍പ്രൈസുകളെ കുറിച്ച് പറയാനില്ലെന്നും സിനിമ ഇറങ്ങിയതിന് ശേഷം അതേക്കുറിച്ച് സംസാരിക്കാമെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. പഴയ നൂറ്റാണ്ടാണ് ഈ സിനിമയെന്ന് പറയുന്നില്ലെന്നും അമര്‍ ചിത്രകഥ വായിക്കുന്നതുപോലുള്ള ഒരു കഥയാണിതെന്നും അദ്ദേഹം പറഞ്ഞു. ഴോണറിന് പ്രാധാന്യം നല്‍കി പറയുക എന്നതിനപ്പുറം കെട്ടുകഥപോലെ പറഞ്ഞു പോവുകയെന്നതിനാണ് ശ്രദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാലിനെ കൂടാതെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, കഥാകൃത്ത് പി എസ് റഫീഖ്, നിര്‍മാതാവ് ഷിബു ബേബി ജോണ്‍, അഭിനേതാക്കളായ ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, നന്ദിത മുഖര്‍ജി, സുചിത്ര, കത നന്ദി, സഞ്ജന തുടങ്ങിയവരും പങ്കെടുത്തു.

Eng­lish Summary;Mohanlal said Malaikot­tai Val­iban is a film with human emotions
You may also like this video

Exit mobile version