മലയാളികളുടെ പ്രിയപ്പെട്ട ഉദയഭാനുവും സരോജ് കുമാറും വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. മോഹൻലാൽ‑ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ഉദയനാണ് താരം’ 20 വർഷത്തിന് ശേഷം 4K ദൃശ്യമികവോടെ റീ-റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് മോഹൻലാൽ ഔദ്യോഗികമായി അറിയിച്ചു.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറഞ്ഞത്. ഉദയഭാനുവായി മോഹൻലാലും രാജപ്പൻ എന്ന സരോജ് കുമാറായി ശ്രീനിവാസനും പച്ചാളം ഭാസിയായി ജഗതി ശ്രീകുമാറും തകർത്താടിയ ചിത്രം ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. മീനയാണ് സിനിമയിലെ നായിക. മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരാണ് ‘ഉദയനാണ് താര’ത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സിനിമയിലെ ദീപക് ദേവ് ഒരുക്കിയ പാട്ടുകൾ എല്ലാം ഹിറ്റുകളായിരുന്നു. കൈതപ്രം ആയിരുന്നു ഗാനരചന. പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു. എ കെ സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ കൈകാര്യം ചെയ്യുന്നത്. തരുൺ മൂർത്തി ചിത്രമായ ‘L366’ന്റെ ലുക്കിലുള്ള വീഡിയോയിലൂടെയാണ് മോഹൻലാൽ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കരീം അബ്ദുള്ള, ആര്‍ട്ട്: രാജീവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇന്‍ചാര്‍ജ്: ബിനീഷ് സി കരുണ്‍, മാര്‍ക്കറ്റിങ് ഹെഡ്: ബോണി അസനാര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍: മദന്‍ മേനോന്‍, കളറിസ്റ്റ്: രാജ പാണ്ഡ്യന്‍ (പ്രസാദ് ലാബ്), ഷാന്‍ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4K റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്‌സിങ്: രാജാകൃഷ്ണന്‍, സ്റ്റില്‍സ്: മോമി & ജെപി, ഡിസൈന്‍സ്: പ്രദീഷ് സമ, പിആര്‍ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

