Site iconSite icon Janayugom Online

മോഹൻലാൽ‑തരുൺ മൂർത്തി ചിത്രം ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്; ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ 56-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ചലച്ചിത്ര മേള അരങ്ങേറുന്നത്. കെ ആർ സുനിലും തരുണും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഷൺമുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നത്. ശോഭന ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’, ഏപ്രിൽ 25നാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യ ഷോകൾക്ക് ശേഷം മികച്ച അഭിപ്രായം നേടിയ ചിത്രം കേരളത്തിൽ നിന്ന് മാത്രം 118 കോടി രൂപയാണ് കളക്ട് ചെയ്തത്. 

Exit mobile version