Site iconSite icon Janayugom Online

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം 21ന്

1. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. ഉച്ചയോടെ ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ച മതപരമായ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം ഏഴുമണിയോടെയാണ് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പിന്നീട് കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. തിരിച്ച് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ കൊണ്ടുവരും. നാളെ രാവിലെ ഏഴുമണിയോടെയാണ് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോവുക. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും. രാത്രിയിൽ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. പുതുപ്പള്ളി ഓർത്തഡോക്സ് വലിയപള്ളിയുടെ സെമിത്തേരിയിൽ മറ്റന്നാൾ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സംസ്കാരം. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗം ഇന്ന് പുലർച്ചെ 4.25 ന് ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ വെച്ചായിരുന്നു.

2. 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം 21ന് നടക്കും. നാളെ രാവിലെ 11 മണിക്ക് നടത്താനിരുന്ന പുരസ്‌ക്കാര പ്രഖ്യാപനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായിട്ടാണ് മാറ്റിവെച്ചത്. പുരസ്‌ക്കാര പ്രഖ്യാപനം 21 ന് വൈകിട്ട് 3 മണിക്ക് നടക്കും. സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും.

3. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി എംബാർക്കേഷൻ പോയന്റ് വഴി ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാൻ പുറപ്പെട്ട ആദ്യ സംഘം ഹാജിമാർ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തി. ഇന്ന് രാവിലെ 9.35 നാണ് ഹാജിമാരെയും വഹിച്ചു കൊണ്ടുള്ള സൗദി എയർലൈൻസിന്റെ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. 208 പുരുഷൻമാരും 196 സ്ത്രീകളുമടക്കം 404 ഹാജിമാരാണ് ആദ്യ സംഘത്തിൽ മടങ്ങിയെത്തിയത്. 

4. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. സൂറത്ത് കോടതിയുടെ ശിക്ഷ വിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിക്കെതിരെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. 

5. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിസ്ഥാനത്തുള്ള എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബര്‍ 12 ലേക്ക് മാറ്റി. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബഞ്ചാണ് ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനും സി ബി ഐക്കും വേണ്ടി രാജുവാണ് സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. 

6. ബിജെപി എംപിയും ഇൻന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷന് ഡല്‍ഹി ഹൈക്കോടതി രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അ‍ഡിഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹര്‍ജീത് സിങ്ങാണ് 25,000രൂപ തുകയില്‍ ജാമ്യം അനുവദിച്ചത്. സസ്പൻഷനിലായ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അസിസ്റ്റൻഡ് സെക്രട്ടറി വിനോദ് തോമറിനും കോടതി ജാമ്യം അനുവദിച്ചു.

7. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പാക് ഭീകരർ കൊല്ലപ്പെട്ടു. സുരൻകോട്ട് ബെൽറ്റിലെ സിന്ധാര ടോപ്പ് ഏരിയയിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഭീകരരുടെ സാന്നിധ്യമുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു സൈന്യം തിരച്ചിൽ നടത്തിയത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സൈന്യവും ഭീകരരും തമ്മിൽ വെടിവെയ്പ്പുണ്ടായി. 

8. ചന്ദ്രയാൻ3 ന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. ഐഎസ്ആര്‍ഒയുടെ ഐഎസ്ടിആര്‍എസി നെറ്റ്‌വര്‍ക്കിലൂടെയാണ് മൂന്നാം ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയാക്കിയതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. അഞ്ചു ഘട്ടങ്ങളിലായി ഭ്രമണപഥമുയര്‍ത്തി ചന്ദ്രയാനെ ചാന്ദ്ര ഭ്രമണപഥത്തിലെത്തിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാംഘട്ടത്തില്‍ ചന്ദ്രയാൻ പേടകം 41603 കിലോമീറ്റര്‍ ഃ 226 കിലോമീറ്റര്‍ ഓര്‍ബിറ്റിലെത്തിയിരുന്നു.

9. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള ഗുവാഹട്ടി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജൂണ്‍ 25ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് അനിരുദ്ധ ബോസ്, എസ് വി ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര കായിക മന്ത്രാലയം, ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ, അസം ഗുസ്തി അസേസിയേഷൻ തുടങ്ങിയവയ്ക്ക് ഇതു സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ് നല്‍കി.

10. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച യുകെ അനധികൃത കുടിയേറ്റ ബില്‍ നിയമമാകും. ഹൗസ് ഓഫ് ലോർഡ്‌സിൽ നടന്ന അന്തിമ വോട്ടെടുപ്പും സര്‍ക്കാര്‍ വിജയിച്ചു. രാജകീയ അനുമതിയ്ക്കായി അയയ്ക്കുന്ന ബില്‍ ചാള്‍സ് മൂന്നാമന്‍ ഔപചാരികമായി അംഗീകരിക്കുന്നതോടെ നിയമമാകും. 

Exit mobile version