Site iconSite icon Janayugom Online

കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി, സിക്കിമില്‍ മേഘവിസ്ഫോടനം: 23 സൈനികരെ കാണാതായി

1. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനം. കരാറുകൾ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് നടപടി.

2. കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി. കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

3. വാല്‍പ്പാറ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനെന്നു കോടതി. 17 കാരിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിക്കുന്നത്. പ്രതി സഫര്‍ ഷായുടെ ശിക്ഷ അല്പസമയത്തിനകം എറണാകുളം പോക്‌സോ കോടതി പ്രസ്താവിക്കും. പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ നാലരമാസം ഗര്‍ഭിണി ആയിരുന്നു. കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് കോടതി അറിയിച്ചു.

4. പൊലീസ് അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിലെ എഡിറ്റർ ഇൻ ചീഫിനെയും എച്ച് ആറിനെയും പ്രത്യേക കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകയസ്ഥ, നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെയാണ് ഏ‍ഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ക‍ഴിഞ്ഞ ദിവസമാണ് പ്രബിർ പുർകയസ്ഥ, അമിത് ചക്രവർത്തി എന്നിവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

5. രാമസേതു സ്ഥലത്ത് മതില്‍ കെട്ടാനും, ആ സ്ഥലത്ത് ദര്‍ശനം നടത്താനും രാമസേതു ദേശീയ സ്മാരകമായി പ്രഖ്യാപിക്കാനും നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു വ്യക്തിനിയമ ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇതൊക്കെ സര്‍ക്കാരിന്‍റെ ഭരണപരമായ കാര്യങ്ങളാണ് ഇതില്‍ ഇടപെടാനാകില്ലെന്നും കോടതി അറിയിച്ചു, ജസ്റ്റീസ് സഞ്ജയ് കിഷന്‍ ദുളും സുഭാന്‍ശു ദിലിയും ചേര്‍ന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

6. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന തുടരുന്നു. പുലര്‍ച്ചെയോടെ രാവിലെ രാജ്യസഭാ എംപിയുടെ ഡൽഹിയിലെ വീട്ടിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണെന്നാണ് വിവരം.

7. സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ 23 സൈനികരെ കാണാതായി. സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഇവർക്കായി തിരച്ചിൽ തുടരുന്നതായി കരസേന അറിയിച്ചു. ടീസ്റ്റ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ആർമി ക്യാമ്പുകൾ മുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജനവാസ മേഖലകളും മുങ്ങി. നിരവധി റോഡുകൾ തകർന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

8. ഹ്രസ്വകാല, സ്ഥിര നിക്ഷേപങ്ങളുടെ ട്രഷറി പലിശ നിരക്ക് വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 181 മുതൽ 365 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.90ൽ നിന്ന് ആറ് ശതമാനമായി വർധിപ്പിച്ചു. 366 ദിവസം മുതൽ രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.40ൽ നിന്ന് ഏഴ് ശതമാനമായും ഉയര്‍ത്തി.

9. മഹാരാഷ്ട്രയിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളില്‍ 16 നവജാത ശിശുക്കള്‍ അടക്കം 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. നാന്ദേഡ് സംബാജി നഗര്‍ ജില്ലകളിലെ മെഡിക്കല്‍ കോളേജുകളിലാണ് മരുന്നും പരിചരണവും ലഭിക്കാതെ രോഗികളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 

10. ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യ. 16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ 71 മെഡലുമായി ഇന്ത്യ നിലവില്‍ നാലാംസ്ഥാനത്ത് തുടരുകയാണ്. ബുധനാഴ്ച അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 71 ആയി ഉയര്‍ന്നത്.

Exit mobile version