Site iconSite icon Janayugom Online

എലത്തൂര്‍ ട്രെയിൻ തീവപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി, ധനസഹായം കൈമാറി, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത; പ്രധാനപ്പെട്ട പത്ത് വാര്‍ത്തകള്‍ ചുരുക്കത്തില്‍

എലത്തൂര്‍ ട്രെയിൻ തീവപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി, ധനസഹായം കൈമാറി, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ഏറ്റവും പ്രധാനപ്പെട്ട പത്ത് വാര്‍ത്തകളുമായി ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസിലേക്ക് സ്വാഗതം

1. എലത്തൂരില്‍ ട്രെയിനില്‍ തീ വെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 11 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വൈകീട്ടാണ് കനത്ത പൊലീസ് ബന്തവസ്സില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രണ്ടാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

2. സ്വര്‍ണക്കള്ളക്കടത്ത് കേസ് വീണ്ടും സജീവമാക്കി, മുഖ്യ സൂത്രധാരന്‍ കെ ടി റമീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തല്‍.

3. എടരിക്കോട്-തിരൂര്‍ റോഡില്‍ മൂച്ചിക്കലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. മുപ്പത്തിരണ്ടു പേര്‍ക്ക് പരിക്ക്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അപകടം. മഞ്ചേരിയില്‍നിന്ന് തിരൂരിലേക്കു പോകുന്ന മാനൂസ് ബസും തിരൂരില്‍നിന്ന് മഞ്ചേരിയിലേക്കു പോകുന്ന കെ ടി ആര്‍ ബസും കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുകാറുകളും അപകടത്തില്‍പ്പെട്ടു. ഒരുബസിനുപിന്നില്‍ ഒരുകാറിടിച്ചു. മറ്റൊരു ബസ് കാറുമായും കൂട്ടിയിടിച്ചു. പരിക്കേറ്റവരെ കോട്ടയ്ക്കല്‍ ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

4. വരും മണിക്കൂറുകളില്‍ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

5. ചിറക്കലിൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നി കോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

6. കോഴിക്കോട് എലത്തൂരിൽ ട്രെയിൻ തീവയ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തിൽ മരിച്ച മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്തിന്റെയും മട്ടന്നൂർ കൊടോളിപ്രം സ്വദേശി കെ പി നൗഫീക്കിന്റെയും കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം കൈമാറുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്തിന്റെയും മട്ടന്നൂർ കൊടോളിപ്രം സ്വദേശി കെ പി നൗഫീക്കിന്റെയും വീടുകൾ സന്ദർശിച്ചു. സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറി.

7. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല അവലോകന യോഗത്തിലാണ് അദ്ദേഹം സംസ്ഥാനങ്ങള്‍ക്ക് നിർദേശം നൽകിയത്.

8. സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ സംവിധാനം പുനഃപരിശോധിക്കാനായി നാലംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. പെന്‍ഷന്‍ വിഷയത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് നടപടി. പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് തിരികെ പോകുമെന്ന് രാജസ്ഥാനും ഛത്തീസ്ഗഡും ജാര്‍ഖണ്ഡും പഞ്ചാബും പ്രഖ്യാപിച്ചിരുന്നു. സമയപരിധിയില്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത. വിഷയത്തിൽ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തും.

9. പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഗാസയിലും ലെബനോനിലും ഇസ്രായേൽ തുടർച്ചയായ വ്യോമക്രമണം നടത്തി. ലെബനോനിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി ആയാണ് ഇസ്രായേൽ വ്യോമാക്രമണം. ഹമാസ് ഭീകരർ ആണ് വ്യോമക്രമണം നടത്തിയതെന്നും തിരിച്ചടി നൽകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

10. ശ്രീലങ്കയില്‍ ചൈന സ്ഥാപിക്കാന്‍ പോകുന്ന റഡാര്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നിരിക്ഷിക്കാനെന്ന് റിപ്പോര്‍ട്ട്. ഡോന്‍ഡ്ര കടല്‍ത്തീരത്തിനു സമീപത്തെ കാട്ടിനുള്ളില്‍ റഡാര്‍ സ്ഥാപിക്കനുള്ള പദ്ധതി ഏതാണ്ട് അവസാനഘട്ടത്തിലാണ്. ദക്ഷിണേന്ത്യയിലെ ആന്‍ഡമാന്‍ ദ്വീപുകളിലേക്കുള്ള നാവികസേനയുടെ യാത്രവിവരങ്ങള്‍, കൂടങ്കുളം ആണവ നിലയം, കല്‍പ്പാക്കം ആണവ നിലയം എന്നിവയുടെ പ്രവര്‍ത്തനം നിരിക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന ശ്രീലങ്കയില്‍ റാഡര്‍ സ്ഥാപിക്കന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version