Site iconSite icon Janayugom Online

എംഎന്‍ സ്മാരക നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഡോക്ടര്‍മാര്‍ക്കുനേരെ അതിക്രമം; ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. എംഎന്‍ സ്മാരക നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, മന്ത്രി ജി ആര്‍ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

2. കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിന്തല്‍മണ്ണയില്‍ അര്‍ബണ്‍ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ മേഖല തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായപ്പോള്‍ സാധാരണക്കാരാണ് പ്രതിരോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറു വര്‍ഷത്തെ അഭിമാനിയ്ക്കാവുന്ന പാരമ്പര്യം..ബാങ്കിന്റെ സെന്റിനറി കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

3. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ ആ‍ഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വന്ദനയുടെ ശരീരത്തില്‍ 17 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ നാലെണ്ണം ആ‍ഴത്തിലുള്ളതാണ്. കൂടുതല്‍ കുത്തുകളേറ്റത് മുതുകിലാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രൈബ്രാഞ്ചിന് റിപ്പോര്‍ട്ട് കൈമാറി.

4. ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതിക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി.

5. സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷിനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സ്കൂളുകളില്‍ മെഷീന്‍ സ്ഥാപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് ജൂൺ 1നാണ് സ്കൂള്‍ പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ബോയ്സ് സ്കൂളിൽ മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

6. ശമ്പരിമല പൊന്നമ്പലമേട് എന്ന് കരുതുന്ന ഇടത്ത് അനധികൃത പൂജയിൽ ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശിച്ചു. നാരായണസ്വാമി എന്ന ആളാണ് പൂജ നടത്തുന്നത്.

7. ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ വ്യാപക പരിശോധന. തുറമുഖ വകുപ്പും പൊലീസും പള്ളാത്തുരുത്തി കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ ഒരു ബോട്ട് പിടിച്ചെടുത്തു. മതിയായ സുരക്ഷാ സൌകര്യങ്ങളില്ലാതെ പ്രവർത്തിച്ച പതിനഞ്ച് ബോട്ടുകൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത ബോട്ട് നിയമപരമായ ഒരു രേഖയുമില്ലാതെയാണ് പ്രവർത്തിച്ചതെന്നും ജീവനക്കാരിൽ ഒരാൾക്ക് മാത്രമേ ലൈസൻസുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

8. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഡോക്ടര്‍മാര്‍ക്കുനേരെ അതിക്രമം. കൊച്ചി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെ ഡോക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി. വട്ടേക്കുന്ന് സ്വദേശി ഡോയൽ ആണ് പിടിയിലായത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്.

9. കൊച്ചിയിൽ നോർത്ത് സിഐക്കും സംഘത്തിനും നേരെ ഒരു കൂട്ടം യുവാക്കളുടെ ആക്രമണം. സംഭവത്തില്‍ യുവനടനും എഡിറ്ററും അറസ്റ്റിലായി. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. തൃശ്ശൂർ സ്വദേശി സനൂപ് പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. നാല് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

10. ന്യൂസിലൻഡ് തലസ്ഥാനമായ വെല്ലിംഗ്ടണിലെ ഹോസ്റ്റലിലുണ്ടായ തീപിടുത്തത്തിൽ ആറ് മരണം. പതിനൊന്നുപേരെ കാണാതായതായും വിവരമുണ്ട്. വെല്ലിംഗ്ടണിലെ ന്യൂടൗണിലെ ലോഫേഴ്‌സ് ലോഡ്ജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. ചൊവ്വാഴ്ച രാവിലെ സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, ആറ് പേർ മരിച്ചതായും മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും വ്യക്തമാക്കി.

Exit mobile version