Site icon Janayugom Online

പത്ത് വാര്‍ത്തകള്‍ ചുരുക്കത്തില്‍

mojo

1. സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂരിലാണ് പനിയെത്തുടര്‍ന്ന് മൂന്ന് വയസുകാരി മരിച്ചത്. മാതമംഗലം സ്വദേശികളായ ഷഫീഖ് ജസീല ദമ്പതികളുടെ മകള്‍ അസ് വാ ആമിനയാണ് മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

2. മകളുടെ വിവാഹദിവസം വർക്കല കല്ലമ്പലം സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി തിരുവനന്തപുരം റൂറൽ എസ്‌പി ഡി. ശിൽപ്പ. രാജുവിന്‍റെ മകൾ ശ്രീലക്ഷ്മിയുമായി പ്രതികളിൽ ഒരാളായ ജിഷ്ണു അടുപ്പത്തിലായിരുന്നു. ഈ വിവാഹത്തിനു വീട്ടുകാർ‌ സമ്മതിക്കാതെ പെണ്‍കുട്ടിയ്ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചയിക്കുകയും ചെയ്തുതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റൂറൽ എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.

3. കൊല്ലം കോട്ടത്തല സ്വദേശിയും എം എ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയിൽ കാമുകനും സൈനികനുമായ പ്രതി പിടിയിൽ. കോട്ടത്തല സരിഗ ജങ്ഷനിൽ താമസിക്കുന്ന അനു കൃഷ്ണനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 23 നാണ് വൃന്ദാ രാജ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 

4. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വച്ചാണ് സംഭവം. സഹാറൻപൂരിൽ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ചന്ദ്രശേഖര്‍ ആസാദിന്റെ കാറിന് നേരെയാണ് ഹരിയാന ലൈസൻസ് പ്ലേറ്റുള്ള കാറിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. 

5. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്ക് എതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്. രാഹുല്‍ ഗാന്ധിക്ക് എതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസ്. ‘രാഗാ എക് മോഹ്‌റാ’ എന്ന പേരില്‍ അമിത് മാളവ്യ ട്വിറ്ററില്‍ ഒരു വിഡിയോ പങ്ക് വെച്ചിരുന്നു. രാഹുല്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു അനിമേറ്റഡ് വിഡിയോയുടെ ഉള്ളടക്കം.

6. വിവാഹ സംഘം സഞ്ചരിച്ച ട്രക്ക് നദിയിൽ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം പത്തായി. മൂന്ന് കുട്ടികളുള്‍പ്പെടെയാണ് പത്തുപേര്‍ മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ദാതിയ ജില്ലയിൽ ബുഹാറ ഗ്രാമത്തില്‍വച്ചായായിരുന്നു സംഭവം. ഗ്വാളിയോറിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് നദിയിലേക്ക് വീഴുകയായിരുന്നു. 

7. ദളിത് യുവാവിനെ പ്രണയിച്ചതിന് യുവതിയെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നു. വിവരമറിഞ്ഞ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. കോലാര്‍ ബൊഡഗുര്‍ക്കിയിലെ കീര്‍ത്തിയെ(20)യാണ് പിതാവ് കൃഷ്ണമൂര്‍ത്തി കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് കീര്‍ത്തിയുടെ ആണ്‍സുഹൃത്ത് ഗംഗാധര്‍ ആണ് ജീവനൊടുക്കിയത്. 

8. സാക്ഷി കൊലക്കേസിലെ പ്രതി സാഹിലിനെതിരെ 640 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. മേയ് 28നാണ് സാഹിൽ 16 കാരിയായ സാക്ഷിയെ സിമന്റ് സ്ലാബ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ 34 മുറിവുകളാണ് കണ്ടെത്തിയത്. 

9. ടൈറ്റാനിക്കിനെ സംബന്ധിച്ച ശാസ്ത്രീയ പര്യവേഷണങ്ങൾക്ക് വിരാമം. മുന്‍കൂട്ടി തീരുമാനിച്ച എല്ലാ പര്യവേഷണ പദ്ധതികളും റദ്ദാക്കിയതായി പര്യവേഷകരുടെ ക്ലബ്ബ് അറിയിച്ചു. ടെെറ്റാനിക് പര്യവേഷണത്തിനായി തിരിച്ച ഓഷ്യന്‍ഗേറ്റിന്റെ ടെെറ്റന്‍ എന്ന സമുദ്ര പേടകം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ച സാഹചര്യത്തിലാണ് തീരുമാനം. റദ്ദാക്കൽ എത്രകാലത്തേക്കാണെന്ന് വ്യക്തമല്ല. എങ്കിലും അടുത്ത വർഷങ്ങളിലൊന്നും പര്യവേഷണം പുനനാരംഭിക്കില്ലെന്നാണ് വിവരം.

10. അമേരിക്കയുടെ എച്ച്-1ബി വിസയുള്ള സാങ്കേതിക വിദഗ്ധ തൊഴിലാളികള്‍ക്ക് ഓപ്പൺ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കാനഡ. എച്ച്-1ബി വിസയുള്ളവർക്ക് ഓപ്പൺ വിസ നൽകി രാജ്യത്തിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്തുകയാണ് കാനഡയുടെ ലക്ഷ്യം. സാങ്കേതികമേഖല ഉൾപ്പെടെയുള്ള തൊഴിലിടങ്ങളിൽ വിദേശ പൗരന്മാർക്ക് ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് എച്ച് ‑1ബി വിസകൾ.

Exit mobile version