Site iconSite icon Janayugom Online

മഴയെ നേരിടാന്‍ സംസ്ഥാനം സജ്ജം; സ്ത്രീകള്‍ക്ക് പുതിയ വിലക്കുമായി താലിബാന്‍, 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് റവന്യു മന്ത്രി കെ രാജന്‍. അനാവശ്യമായ ആശങ്ക ഉണ്ടാകേണ്ട കാര്യമില്ലെങ്കിലും നല്ല ജാഗ്രത ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ജില്ലകളില്‍ അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ തലേന്ന് തന്നെ അറിയിക്കണമെന്ന് കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. അവധിയിലായ റവന്യു ഉദ്യോഗസ്ഥര്‍ 36 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തി ചുമതലയേല്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

2. കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങളുടെ ഹൃദയചികിത്സാ പദ്ധതിയിൽനിന്ന് കോടികൾ ഒഴുകിയത് സ്വകാര്യ ആശുപത്രിയിലേക്ക് എന്ന റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട വ്യാജവാർത്തക്കെതിരെ ഫേസ്ബുക്കിലാണ് മന്ത്രി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. 

3. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർമാർ ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. കാസര്‍കോട് പ്രൊഫഷണൽ കോളെജുകൾക്ക് അവധി ബാധകമല്ല.

4. മഴയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ, എഇഒ, ഡിഇഒ, ഡിഡി, ഡിജിഇ ഓഫിസുകളിലാണ് ഹെല്പ് ഡെസ്ക്കുകൾ സ്ഥാപിക്കേണ്ടത്. 

5. നിയമസഭയിൽ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സംസ്ഥാനത്ത്‌ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മന്ത്രി പി രാജീവ്. ഇത്തരം അസാധാരണ സാഹചര്യം വരുമ്പോൾ കോടതിയെ സമീപിക്കേണ്ടിവരുമെന്നും അത്‌ സർക്കാർ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

6. ഏകീകൃത വ്യക്തിനിയമം പോലെ സുപ്രധാനമായ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്ററി സ്ഥിരം സമിതിയല്ലെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം. രാഷ്ട്രീയ പാര്‍ട്ടികളും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട വിഷയമാണത്. രാജ്യത്തിന്റെ രാഷ്ട്രീയ‑സാമൂഹ്യ വൈജാത്യങ്ങളെ സര്‍ക്കാര്‍ ബഹുമാനിക്കണമെന്നും ബിജെപി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

7. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറുകളുടെ പ്രവര്‍ത്തനം നിരോധിച്ച് താലിബാന്‍ സര്‍ക്കാര്‍. തലസ്ഥാനമായ കാബൂളിലുള്‍പ്പെടെയ രാജ്യത്തുടനീളമുള്ള ബ്യൂട്ടിപാര്‍ലറുകള്‍ക്ക് നിരോധനം ബാധകമാണ്. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിനു ശേഷം സ്ഥാപനം അടച്ചുപൂട്ടിയെന്ന് കാണിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. നിരോധനത്തിന്റെ കാരണം താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. 

8. വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിലെ പ്രതി കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ അപാകതയില്ലെന്ന് കാലടി സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു. പട്ടികജാതി-വർഗ വിഭാഗത്തിനായി പിഎച്ച്ഡി സീറ്റുകൾ അനുവദിച്ചതിൽ അപാകതയുണ്ടെന്നാരോപിച്ച് എസ് വർഷ നൽകിയ ഹർജിയിലാണ് സർവകലാശാല ഇക്കാര്യം വ്യക്തമാക്കിയത്. 

9. അധിനിവേശ വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രേയേല്‍ സെെന്യത്തിന്റെ ആക്രമണം തുടരുന്നു. രണ്ട് ദിവസമായുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 10 ആയി ഉയര്‍ന്നു. കുടിയേറ്റക്കാർക്കെതിരായ സമീപകാല ആക്രമണങ്ങളിൽ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്താരാഷ്ട്ര സഖ്യകക്ഷികളില്‍ നിന്ന് സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം. 

10. വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യയിലെ വിയറ്റ്നാം അംബാസഡർ ന്യൂയെൻ തൻ ഹായ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുന്നത് വിവിധ മേഖലകളിൽ രണ്ട് പ്രദേശങ്ങൾക്കും ​ഗുണകരമാകുമെന്ന് അംബാസിഡർ അഭിപ്രായപ്പെട്ടു. 

Exit mobile version