Site icon Janayugom Online

ന്യൂനപക്ഷ മോര്‍ച്ച എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജിത്തു വര്‍ഗീസിനെ മാറ്റി നേതൃത്വം; 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1. സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. തൃശൂര്‍ ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി ആണ് മരിച്ചത്. 53 വയസായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

2. പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകൾ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതൽ സീറ്റ് അനുവദിക്കും.

3. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. നാല് തൊഴിലാളികളാണ് വള്ളം മറിഞ്ഞ് കടലിൽ വീണത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

4. ന്യൂനപക്ഷ മോര്‍ച്ച എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജിത്തു വര്‍ഗീസിനെ മാറ്റി നേതൃത്വം. മാറ്റം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചതിന്റെ ഭാഗമാണെന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ ശോഭ സുരേന്ദ്രനൊപ്പം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. ജില്ലാ കമ്മിറ്റി പുനസംഘടിപ്പിക്കുന്നത് സ്വാഭാവികമായ നടപടിയാണെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ കെ.എസ്. ഷൈജു പറഞ്ഞു. മറ്റ് മോര്‍ച്ചകളിലും പുനസംഘടന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

5. വിഴിഞ്ഞത്ത് കിണറിനുള്ളിൽ കുടുങ്ങിപ്പോയ മഹാരാജന്റെ ചേതനയറ്റ ശരീരം പുറത്തെത്തിച്ചു. അമ്പത് മണിക്കൂറുകളോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ശരീരം പുറത്തെത്തിച്ചത്. മുക്കോല സർവശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടിൽ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. മഹാരാജന് ഒപ്പം കിണറിലുണ്ടായിരുന്ന മണികണ്ഠൻ (48) അത്ഭുതകരമായി രക്ഷപ്പെട്ടു. 

6. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 12ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 13ന് തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

7. മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പിലാണ് സംഭവം നടന്നത്. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകള്‍ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്.

8. ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ഡല്‍ഹിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്. ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഷിംലയിലെ മധോലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുളുവിലും ചാമ്പയിലുമുണ്ടായ മണ്ണിടിച്ചിലുകളിലും മരണം റിപ്പോർട്ട് ചെയ്തു. 

9. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമമുണ്ടായ ബംഗാളിലെ 697 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കും. കേന്ദ്രസേനകളുടെ ശക്തമായ സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. സംഘർഷബാധിത ബൂത്തുകളെക്കുറിച്ച് കൃത്യമായ വിവരം നൽകാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

10. ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ കിന്റർഗാർട്ടനിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തില്‍ ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലിയാൻജിയാങ്ങിൽ നിന്നുള്ള വൂ എന്ന 25 കാരനാണ് അക്രമിയെന്നും ഇയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version