Site icon Janayugom Online

ട്രെയിനിൽ തീവച്ച അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് അമിക്കസ് ക്യൂറി, ഏറ്റവും പ്രധാനപ്പെട്ട പത്ത് വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. കോഴിക്കോട് എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവച്ച അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണെന്നാണ് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് നേരത്തെ പുറത്ത് വിട്ടിരുന്നു. അതേസമയം ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സംഭവത്തില്‍ ഒരു വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2. എലത്തൂരില്‍ ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

3. ഏലത്തൂര്‍ ട്രെയ്ൻ തീവയ്പ് കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുത്തി ബിനോയ് വിശ്വം എംപി. ആലപ്പുഴ‑കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിൽ കഴിഞ്ഞ ദിവസമാണ് യാത്രക്കാരൻ തീകൊളുത്തിയത്. വേദനാജനകമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്നും സാഹചര്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. 

4. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 

5. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണം നേരിട്ട് പരിശോധിക്കണമെന്ന് ഹൈക്കോടതി. അമിക്കസ് ക്യൂറിയെ ഉള്‍പ്പെടുത്തി പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

6. ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മാജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നൽകിയ അപ്പീലിലാണ് സെഷൻസ് കോടതി നടപടി. അപ്പീലിൽ വാദം കേൾക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റി. നേതാക്കൾക്കൊപ്പം സൂറത്തിൽ നേരിട്ടെത്തിയാണ് രാഹുൽ അപ്പീൽ നൽകിയത്.

7. രാജ്യത്ത് ഇന്ന് 3,641 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ സജീവ കേസുകളുടെ എണ്ണം 20,219 ആയി ഉയര്‍ന്നു. രോഗം ഭേദമായവരുടെ എണ്ണം 44175135 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്.

8. രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം ഹൗറയിലെ സംഭവങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബംഗാളിലെ ഹൂഗ്ലിയില്‍ ബിജെപി നടത്തിയ ഘോഷയാത്രയെത്തുടര്‍ന്നാണ് അക്രമമുണ്ടായത്. ജില്ലയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് വിലക്കും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

9. യുഎസ് വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ ചെെനീസ് ചാര ബലൂണ്‍ അമേരിക്കന്‍ സെെനിക താവളങ്ങളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെയും മുൻ ഉന്നത സെെനിക മേധാവിയേയും ഉദ്ധരിച്ച് എൻബിസി ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. ചില താവളങ്ങള്‍ക്ക് മുകളിലൂടെലഒന്നിലധികം തവണ സഞ്ചരിച്ച ബലൂണ്‍, ശേഖരിച്ച വിവരങ്ങള്‍ തത്സമയം ചെെനയ്ക്ക് കെെമാറിയെന്നാണ് യുഎസ് സെെനിക ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 

10. ഫിന്‍ലന്‍ഡ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സന്ന മരിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തോല്‍വി. 19.9 ശതമാനം വോട്ടാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് സ്വന്തമാക്കാനായത്. മുന്‍ ധനമന്ത്രി പെറ്റേരി ഓര്‍പോയുടെ വലതുപക്ഷ നാഷണല്‍ കൊയിലിഷന്‍ പാര്‍ട്ടി 20.8 ശതമാനം വോട്ടോടെ വിജയം ഉറപ്പിച്ചു. രണ്ടാംസ്ഥാനത്തുള്ള നേഷന്‍ ഫസ്റ്റ് ഫിന്‍സ് പാര്‍ട്ടിക്ക് 20.1 ശതമാനം വോട്ടാണ് ലഭിച്ചത്. 200 സീറ്റുകളുള്ള പാര്‍ലമെന്റില്‍ നാഷണല്‍ കൊയിലിഷന്‍ പാര്‍ട്ടി 48 സീറ്റുകളാണ് നേടിയത്. 

Exit mobile version