Site iconSite icon Janayugom Online

പ്രധാനപ്പെട്ട 10 വാര്‍ത്തകള്‍ ചുരുക്കത്തില്‍

1 പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ അധിക / ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളൊരുക്കാന്‍ കേരളം

ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താന്‍ ന്യായമായ വിമാന നിരക്കില്‍ അധിക/ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളൊരുക്കാന്‍ കേരളം. ഏപ്രില്‍ രണ്ടാം വാരം മുതല്‍ അഡിഷണല്‍ / ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള അനുമതി വേഗത്തിലാക്കുന്നതിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

2 വന്ദേഭാരത് ട്രെയിന്‍; കേന്ദ്രസര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് മുഖ്യമന്ത്രി

കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നത് തല്‍ക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ അടിയന്തരമായി പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

3 അരവണ കണ്ടെയ്‌നറുകള്‍ നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് ഫാക്ടറി ആരംഭിക്കും

ശബരിമലയിലേക്കുള്ള അരവണ കണ്ടെയ്‌നറുകള്‍ ലഭ്യമാക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണ്ടെയ്‌നര്‍ നിര്‍മ്മാണ ഫാക്ടറി ആരംഭിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ 2023–24 വര്‍ഷത്തെ ബജറ്റിലാണ് പ്രഖ്യാപനം. ഒരു വര്‍ഷം ശബരിമല സീസണില്‍ 15–17 കോടിയുടെ അരവണ കണ്ട്യെനര്‍ വാങ്ങിക്കേണ്ടി വരുന്നുണ്ട്. ബോര്‍ഡ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചാല്‍ 10 കോടിക്ക് കണ്ടെയ്‌നറുകള്‍ നിര്‍മിക്കാനാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

4 ഏറുമാടത്തില്‍ താമസിക്കുന്ന ഗര്‍ഭിണിയ്ക്ക് അടിയന്തര സംരക്ഷണമൊരുക്കും: ആരോഗ്യമന്ത്രി

സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍ കഴിയുന്ന ഗര്‍ഭിണിയേയും കുട്ടികളേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
അവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി. എട്ട് മാസം ഗര്‍ഭിണിയായ പൊന്നമ്മയും ഭര്‍ത്താവും രണ്ട് ചെറിയ കുഞ്ഞുങ്ങളും 40 അടി ഉയരമുള്ള ഏറുമാടത്തില്‍ കഴിയുന്നെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.

5 സൂര്യഗായത്രി കൊലക്കേസ്; പ്രതി കുറ്റക്കാരന്‍

നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ്-വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തുകയും അമ്മ വത്സലയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അരുണ്‍ (29) കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കൊലപാതകം, കൊലപാതകശ്രമം, ഭവന കയ്യേറ്റം, കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ പ്രഖ്യാപിക്കും . വിവാഹാലോചന നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. സൂര്യഗായത്രിയുടെ അമ്മ വത്സല, അഛന്‍ ശിവദാസ് എന്നിവരായിരുന്നു കേസിലെ ദൃക്‌സാക്ഷികള്‍.

6 സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന ആവശ്യം ട്രൈബ്യൂണല്‍ നിരാകരിച്ചു

സിസ തോമസിന്റെ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രിബ്യൂണല്‍ നിരാകരിച്ചു. സര്‍ക്കാരിന് തുടര്‍നടപടി സ്വീകരിക്കാമെന്നും എന്നാല്‍ സിസ തോമസിനെ കൂടി കേള്‍ക്കണമെന്നും ട്രിബ്യുണല്‍ വിധിച്ചു.

7 തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് എഴുതണമെന്ന നിര്‍ദേശം; തമിഴ്‌നാട്ടില്‍ പ്രതിഷേധം, നിര്‍ദേശം പിന്‍വലിച്ചു

തൈര് പായ്ക്കറ്റുകളില്‍ ഉത്പന്നത്തിന്റെ പേര് ഹിന്ദിയില്‍ പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദേശം പിന്‍വലിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും പാല്‍ ഉത്പാദകരുടെയും പ്രതിഷേധത്തെത്തുടര്‍ന്നാണ് നിര്‍ദേശം പിന്‍വലിക്കാന്‍ അതോറിറ്റി നിര്‍ബന്ധിതരായത്. ഇതുസംബന്ധിച്ചുള്ള വാര്‍ത്താക്കുറിപ്പ് എഫ്.എസ്.എസ്.എ.ഐ വ്യാഴാഴ്ച പുറത്തുവിട്ടു.

8 അവശ്യമരുന്നുകള്‍ക്ക് വന്‍തോതില്‍ വില കൂടും

രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ അവശ്യമരുന്നുകള്‍ക്ക് വന്‍തോതില്‍ വില കൂടും. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുള്‍പ്പടെ 10 മുതല്‍ 12 ശതമാനം വരെ വില വര്‍ധനയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 23 ശതമാനം വിലവര്‍ധനവാണ് ഇതോടെ ഉണ്ടാകുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലെ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റിയാണ് മരുന്ന് കമ്പനികള്‍ക്ക് വിലവര്‍ധനയ്ക്കുള്ള അനുമതി നല്‍കിയത്.

9 ഇന്ദോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു.

ഇന്ദോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. ഇന്ദോര്‍ പട്ടേല്‍ നഗറിനു സമീപത്തുള്ള ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടയിലായിരുന്നു അപകടം. ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് 25-ലധികം ആളുകള്‍ കിണറിനുള്ളില്‍ കുടുങ്ങുകയായിരുന്നു.

10 ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആശുപത്രിയില്‍

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ശ്വാസമെടുക്കാന്‍ പ്രയാസമുണ്ടായിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസങ്ങള്‍ മാര്‍പ്പാപ്പക്ക് അശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍പ്പാപ്പക്ക് കോവിഡ് ഇല്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ അറിയിച്ചു.

 

Eng­lish Sam­mury: Janayu­gom Mojo Top 10  News 30 march 2023

 

Exit mobile version