Site iconSite icon Janayugom Online

ഓഗസ്റ്റ് അവസാനത്തോടെ ഉള്ളി വില വര്‍ധിച്ചേക്കും; 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1. സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രധാന മെഡിക്കൽ കോളെജുകളിലും ആരോഗ്യ വകുപ്പിന് കീഴിൽ 10 ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് ചികിത്സ നിലവിലുണ്ട്. ശ്രീ ചിത്രഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന്‍റെ കൂടിയടിസ്ഥാനത്തിൽ 14 ജില്ലകളിലും സ്ട്രോക്ക് സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രത്യേക പ്രൊജക്റ്റ് തയാറാക്കാൻ ആരോഗ്യ വകുപ്പിന് മന്ത്രി നിർദേശം നൽകി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ചു നടന്ന സ്ട്രോക്ക് പഠന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

2. കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണ് രണ്ടരവയസുകാരന് ദാരുണാന്ത്യം. അസം സ്വദേശികളായ തൊഴിലാളികളുടെ മകൻ അൻമോല ആണ് മരിച്ചത്. രാലിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. വാഴക്കാട് പശുഫാമിലെ കുഴിയിലാണ് കുട്ടി വീണത്. ഫാമിൽ പശുപരിപാലനത്തിനെത്തിയതായിരുന്നു മാതാപിതാക്കൾ. കരച്ചിൽ കേട്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

3. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്‌സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

4. പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ വില്ലകളും ഭൂമിയും ഇഡി കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ അഷ്റഫിന്റെ മാങ്കുളത്തുള്ള മൂന്നാർ വില്ലയായ വിസ്താ എന്ന റിസോർട്ടാണ് ഇഡി സീൽ ചെയ്തത്. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ അഷറഫ് തീഹാര്‍ ജയിലില്‍ തടവിലാണ്. 2.53 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി.

5. ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി ജി. സന്ദീപിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യൂ.പി സ്‌കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സന്ദീപിന്റെ പ്രവൃത്തി അധ്യാപക സമൂഹത്തിന് അവമതിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷമാണ് അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

6. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ അനധികൃതമായി പറത്തിയതിന് പിന്നാലെ സുരക്ഷ ശക്തമാക്കുന്നു. കഴിഞ്ഞ 28 നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ അനധികൃതമായി പറത്തിയത്. ഇതിനെ തുടർന്നാണ് ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് ശുപാർശ നൽകിയിരിക്കുന്നത്.

7. കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കമ്മിഷൻ അംഗം പി പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. 15 വയസിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കാൻ പാടില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വെച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമ്മിഷൻ അത് കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും അവരുടെ സ്വാഭാവരൂപീകരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ചു.

8. അനുച്ഛേദം 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ തന്നെ വീട്ടുതടങ്കലിലാക്കിയതായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. പിഡിപിയുടെ മുതിര്‍ന്ന നേതാക്കളെയും തടങ്കലിലാക്കിയിട്ടുണ്ടെന്നും മെഹ്ബൂബ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. അടഞ്ഞുകിടക്കുന്ന ഗേറ്റിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. പിഡിപി ശനിയാഴ്ച നടത്താനിരുന്ന സെമിനാറിന് ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല.

9. ഓഗസ്റ്റ് അവസാനത്തോടെ ഉള്ളി വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്രിസില്‍ മാര്‍ക്കറ്റ് ഇന്റലിജൻസ് ആന്റ് അനലറ്റിക്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്ത മാസം ഉള്ളി വില കിലോയ്ക്ക് 60 മുതല്‍ 70 രൂപയാകുമെന്നാണ് വിവരം. എന്നാല്‍ 2020ലെ വിലവര്‍ധനവ് ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉള്ളിയുടെ ആവശ്യകതയിലെയും സംഭരണത്തിലെയും അസ്ഥിരത ഓഗസ്റ്റ് അവസാനത്തോടെ വിലയില്‍ പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

10. തോഷഖാന അഴിമതി കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്നു വര്‍ഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും. 5 വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക്. കോടതി ഉത്തരവു വന്നതിനു പിന്നാലെ ലാഹോറിലെ വസതിയിൽ നിന്ന് ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ കുറ്റം..

Exit mobile version