Site icon Janayugom Online

ലോക്കപ്പുകൾ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ല: മുഖ്യമന്ത്രി, 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1. ലോക്കപ്പുകൾ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും പൊലീസിന് അതിനുള്ള അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. താനൂർ കസ്റ്റഡി മരണം അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു. അതേസമയം നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും. ഇന്ന് അവസാനിക്കുന്ന നിയമസഭ സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം വീണ്ടും ചേരും.

2. ഇടുക്കിയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. മണിയാൻകുടി സ്വദേശി തങ്കമ്മയാണ് മരിച്ചത്. മകൻ സജീവ് പിടിയിലായി. കഴിഞ്ഞ മാസം 30 നാണ് തങ്കമ്മക്ക് മർദ്ദനമേറ്റത്. ഈ മാസം 7 ന് ആണ് തങ്കമ്മ മരിച്ചത്. ഗ്ലാസ് കൊണ്ട് തങ്കമ്മയുടെ തലയിലും ദേഹത്തും ഇടിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാത്തതിനായിരുന്നു മർദ്ദനം. മദ്യലഹരിയിലായിരുന്നു മർദ്ദനം എന്നാണ് പ്രാഥമിക നിഗമനം.

3 . കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയത് തന്നെപ്പറ്റി മോശമായി പറഞ്ഞതിലുള്ള പക മൂലമെന്ന് പ്രതി നൗഷീദ്.ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ ചങ്ങനാശേരി സ്വദേശിയായ രേഷ്മ കുത്തേറ്റ് മരിച്ചത്.തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി.

4. തിരുവല്ലയിലെ കല്ലുങ്കലിൽ 67കാരിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പുളിക്കീഴ് പൊലീസിന്‍റെ പിടിയിലായി. കഴിഞ്ഞ ഏഴാം തീയതി രാത്രി 10 മണിയോടെയായിരുന്നു സംഭവം.കല്ലുങ്കൽ മംഗലപറമ്പിൽ കൃപാലയം വീട്ടിൽ ശോശാമ്മ ഫിലിപ്പിനാണ് വെട്ടേറ്റത്. ആറംഗ സംഘമാണ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.കേസിൽ നാല് പ്രതികൾ കൂടി പിടിയിലാവാനുണ്ട്.

5. മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം നടന്നതായി പരാതി. ചുരാചന്ദ് പൂരിൽ വെച്ച് മെയ് 3ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തതായി ബലാത്സംഗത്തിനിരയായ 37 കാരി പരാതിയിൽ പറയുന്നു. മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണ് ബലാത്സംഗത്തിനിരയായത്.തന്നെ 6 പേർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

6. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കേരളത്തിൽ ബിജെപി ഭരണം വരുമെന്ന് പാർട്ടിയുടെ ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഡല്‍ഹിയിൽ എ എൻ ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ അനിൽ ആന്റണി സ്ഥാനാർത്ഥിയാകും എന്ന അഭ്യൂഹം നിലനിൽക്കെയായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. 

7. ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ. അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

8. ലോക സിംഹ ദിനത്തില്‍ വന്യജീവികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ കേന്ദ്രമായി ഇന്ത്യ മാറിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

9. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ ഫ്ലൈയിങ് കിസ് ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. ഫ്ളൈയിങ് കിസ് സ്‌മൃതി ഇറാനിയ്‌ക്ക് ബുദ്ധിമുട്ടുണ്ടാക്കി, എന്നാൽ, മണിപ്പൂരിലെ സ്‌ത്രീകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് പ്രകാശ് രാജ് കുറിച്ചു.മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്ളൈയിങ് കിസ് നൽകിയെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. 

10. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇക്വഡോറില്‍ സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ദേശീയ അസംബ്ലി അംഗമായ ഫെർണാണ്ടോ വില്ലവിസെൻസിയോയാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. ഫെർണാണ്ടോ വില്ലവിസെൻസിയോയുടെ തലയ്ക്കാണ് വെടിയേറ്റത്. ക്വില്‍റ്റോയില്‍ തെരഞ്ഞെടുപ്പ് പരിപാടികള്‍ പുരോഗമിക്കുന്നതിനിടയ്ക്കാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്‍റ് ഗ്വില്ലര്‍മോ ലാസോ പ്രതികരിച്ചു.

Exit mobile version