Site icon Janayugom Online

വീട്ടില്‍ പോകാന്‍ അനുവദിച്ചില്ല: യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു; 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

bincy

1. ഉത്തർപ്രദേശിലെ മുസഫർനഗറിലെ സ്കൂളിൽ നടന്ന സംഭവത്തിനെതിരെ അടിയന്തരമായി കർശന നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് കത്തയച്ചു. നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 

2. തിരുവനന്തപുരം അരുവിക്കരയില്‍ നവവധുവിനെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ്. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായാണ് വിവരം.

3. തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആര്യനാട് കന്യാരുപ്പാറയിലാണ് സംഭവം. വിതുര മരുതാമല സ്വദേശി ബെന്‍സി ഷാജി ആണ് ജീവനൊടുക്കിയത്. വീട്ടിലേക്ക് പോകാന്‍ കഴിയാത്ത മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നരുവാമൂട് സ്വദേശി ജോബിന്‍ ജയിംസ് ആണ് ഭര്‍ത്താവ്.

4. സഹപാഠികളെക്കൊണ്ട് മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച അധ്യാപിക പഠിപ്പിച്ചിരുന്ന സ്കൂൾ താത്കാലികമായി അടച്ചിട്ടെന്ന് അധികൃതർ. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കഴിയുന്നതു വരെ മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂൾ അടച്ചിടാനാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

5. ഹരിയാനയിലെ നൂഹില്‍ വിശ്വഹിന്ദുപരിഷത്തിന്റെ ബ്രിജ്മണ്ഡല്‍ ജലാഭിഷേക ശോഭായാത്രക്ക് അനുമതി നിഷേധിച്ച്‌ ജില്ലാ ഭരണകൂടം. അതേസമയം ഇന്ന് നടത്താനിരുന്ന പരിപാടിക്ക് മാറ്റമുണ്ടാകില്ലെന്ന് വിഎച്ച്‌പി അറിയിച്ചു. സംഘര്‍ഷ സാധ്യതയും ജി 20 യോഗം നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. അതേസമയം നുഹില്‍ ഘോഷയാത്ര അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. മേഖലയില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിട്ടുണ്ട്. 

6. ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. ജി20 ഉച്ചകോടി നടക്കാനിരിക്കേയാണിത്. അഞ്ചിലധികം സ്റ്റേഷനുകളിലാണ് ചുവരെഴുത്ത് കണ്ടെത്തിയത്. പൊലീസെത്തി ചുവരെഴുത്തുകള്‍ മായ്ച്ചു. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

7. മലയാളി യുവതിയെ പങ്കാളിയായ യുവാവ് തലക്കടിച്ചുകൊന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി പത്മാദേവിയാണ് (24) മരിച്ചത്. ബംഗളൂരു ബെക്കൂരിന് സമീപം ന്യൂമൈക്കോ ലേഔട്ടിലാണ് സംഭവം. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. മൂന്നു വർഷമായി ഇവർ ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. 

8. പശ്ചിമ ബംഗാളിലെ അനധികൃത പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോ‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ജഗന്നാഥ് പൂരിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. നില്‍ഗുഞ്ച് ഏരിയയിലെ ഇരുനില വീട്ടില്‍ അനധികൃതമായാണ് പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. 

9. രാജസ്ഥാനിലെ മേവാർ സർവകലാശാലയിൽ വിദ്യാര്‍ത്ഥി സംഘര്‍ഷം. സംഭവത്തില്‍ 36 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റൽ മെസിലെ ക്യൂവുമായി ബന്ധപ്പെട്ട് പ്രാദേശിക വിദ്യാർത്ഥികളും കശ്മീരി വിദ്യാർത്ഥികളും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 

10. അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വെടിവയ്പില്‍ നാല് കറുത്തവംശജർ കൊല്ലപ്പെട്ടു. കൃത്യത്തിന് ശേഷം ഇരുപതുകാരനായ അക്രമി സ്വയം വെടിവച്ച് മരിച്ചു. വംശവെറിയാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥരീകരിച്ചു. ശനിയാഴ്ച ഫ്ലോറിഡയിലെ ജാക്സൺ വില്ലയിലായിരുന്നു ആക്രമണമുണ്ടായത്. പ്രതിയുടെ ബാഗിൽനിന്ന് വംശീയ പരാമർശങ്ങളടങ്ങിയ രേഖകളും പൊലീസ് കണ്ടെടുത്തു. കറുത്ത വര്‍ഗക്കാർക്കായുള്ള എഡ്വേര്‍ഡ് വാട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ കടയിലാണ് വെടിവയ്പുണ്ടായത്. 

Exit mobile version