1. സംസ്ഥാനത്ത് നിപ ആശങ്ക കുറയുന്നു. ഹൈറിസ്ക് പട്ടികയിൽ ഉണ്ടായിരുന്നവരുടെ ഉൾപ്പെടെയുള്ളവരുടെ പരിശോധനയ്ക്കയച്ച 42 സാമ്പിളുകളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഹൈറിസ്ക് പട്ടികയിൽ രോഗ ലക്ഷണങ്ങളോടു കൂടിയ 23 സാമ്പിളുകളും നെഗറ്റീവാണെന്നത് ആശ്വാസകരമാണ്. ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ട് വരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
2. തിരുവനന്തപുരത്ത് നിപ രോഗബാധ എന്ന് സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. നോന്നയ്ക്കൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. അതേസമയം, നിപ വൈറസ് ലക്ഷണങ്ങൽ പ്രകടപ്പിച്ച ഒരാൾ കൂടി തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയായ വീട്ടമ്മയാണ് നിരീക്ഷണത്തിലുള്ളത്.
3. കേരളത്തിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് അതിർത്തിയിലെ തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിന് ഉദ്യോഗസ്ഥർക്കു സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പി ആർ ഡി മുഖേനമാത്രമേ മാധ്യമങ്ങൾക്ക് വിവരം നൽകാൻ പാടുളളൂ എന്ന് കർശന നിർദ്ദേശമുണ്ട്.
4. ലഹരിമാഫിയസംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റജിലേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മയക്കുമരുന്ന് കേസിലെ പ്രതികൾക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.
5. ഏറെക്കാലമായി പൊലീസ് തേടിയിരുന്ന മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഹൈദരാബാദിലെ കുക്കട്പള്ളിയിലുള്ള മലേഷ്യൻ ടൗൺഷിപ്പിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര പൊലീസ് സേനകൾ തെരയുന്ന മാവോയിസ്റ്റുകളുടെ പട്ടികയിലെ പ്രധാനിയായി. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
6. പത്തനംതിട്ടയിൽ കുളനട – മാന്തുക ഗ്ലോബ് ജംക്ഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. സ്കൂട്ടർ യാത്രികരായ കാരക്കാട് പ്ലാവുനിൽക്കുന്നതിൽ മേലേതിൽ വിഷ്ണു, പെണ്ണുക്കര മാടമ്പറപ്പ് മോടിയിൽ വിശ്വജിത്ത് എന്നിവരാണ് മരണപ്പെട്ടത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന അമൽജിത്ത് എന്നയാളെ പരുക്കുകളോടെ ചെങ്ങന്നൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
7. നടൻ അലൻസിയർ നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമെന്ന് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് അലൻസിയർ മാപ്പ് പറയണമെന്ന് സജി ചെറിയാൻ ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാർ നൽകുന്ന ബഹുമാനത്തെ വികലമായി ചിത്രീകരിക്കരുതെന്നും അലൻസിയറിനുള്ള മറുപടി വേദിയിൽ തന്നെ പറയണമെന്ന് കരുതിയതാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം സ്ത്രീവിരുദ്ധ പരാമർശം ആവർത്തിക്കുകയാണ് അലൻസിയർ.
8. സൈബര്‍ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഡിജിപിക്ക് കൈമാറി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യം. മറിയ ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്‍ സൈബര്‍ അധിക്ഷേപത്തിനെതിരെ നല്‍കിയ പരാതിയില്‍ നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
9. കണ്ണൂരിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.
10. ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരവിരുദ്ധ വേട്ട അഞ്ചാം ദിവസത്തിൽ. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ സൈനിക ദൗത്യമാണ് ഇപ്പോഴും തുടരുന്നത്. ഒരു കേണൽ അടക്കം നാല് ഉന്നത സൈനികപൊലീസ് ഉദ്യോഗസ്ഥർ ദൗത്യത്തിനിടെ വീരമൃത്യുവരിച്ചു. കൊടുംഭീകരൻ ഉസൈർ ഖാനടക്കമുള ഭീകരർ മലയിടുക്കിലെ ഗുഹയിൽ ഉണ്ട് എന്നുള്ളതാണ് നിലവിലെ വിലയിരുത്തൽ.