1. അരൂണാചൽ പ്രദേശിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളും വനിതാ സുഹൃത്തും ഒരു കുടുംബമെന്ന് പറഞ്ഞാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് അരുണാചൽ എസ്പി കെനി ബാഗ്രാ. സംഭവത്തില്‍ മന്ത്രവാദമെന്ന സംശയം അടക്കം പരിശോധിച്ചു കൊണ്ടാണ് അന്വേഷണം നടത്തുന്നത്. കേരള പൊലീസുമായി സഹകരിച്ചാവും മുന്നോട്ടു പോവുകയെന്നും കേസന്വേഷണത്തിനായി 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ്പ് വ്യക്തമാക്കി.
2. തൃശുർ വെളപ്പായയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിനോദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. വിനോദിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
3. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ശുപാർശ തടഞ്ഞു വച്ചിരുന്ന ഗവർണർ നിയമന ഫയലിൽ ഒപ്പു വയ്ക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്‍റെ നിയമനം.
4. വയനാട് സുഗന്ധഗിരി മരംമുറിക്കേസിൽ ആറു പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി ജില്ലാ പ്രിൻസിപ്പൽ കോടതി. മരംമുറി നടന്നിരിക്കുന്നത് റിസർവ് വനത്തിൽ ആണെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ് നീക്കം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഇന്ന് മൂന്നുപേരെകൂടെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം ഒൻപതായി.
5. തിരുവനന്തപുരത്ത് പടക്കശാലയിൽ പൊട്ടിത്തെറി. മണ്ണന്തലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ 17 കാരന്‍റെ രണ്ട് കൈപ്പത്തിയും അറ്റു. 4 പേർക്ക് പരുക്കേറ്റു.
6. രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികൾ ഇന്ന് വിമാനമാർഗം ശ്രീലങ്കയിലേക്ക് പോകും. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15 ന് പൊലീസ് വാഹനത്തിൽ ചെന്നൈയിലേക്ക് കൊണ്ടുപോയി. മൂന്നു പേരെയും ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കുള്ള വിമാനത്തിൽ അയക്കും.
7. നാലുവയസുള്ള മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ കേസിൽ എഐ സ്റ്റാർട്ടപ്പ് സിഇഒ സൂചന സേത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 642 പേജുള്ള കുറ്റപത്രമാണ് കലൻഗുട്ട് പൊലീസ് ഗോവ ചിൽഡ്രസ് കോടതിയിൽ സമർപ്പിച്ചത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഐപിസി സെക്ഷൻ 302, 201, ഗോവയിലെ കുട്ടികളുടെ നിയമത്തിലെ സെക്ഷൻ 8 എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 59 സാക്ഷികളുടെയും ഭർത്താവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
8. ഛത്തീസ്ഗഢിലെ ബീജാപൂരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ലെന്‍ഡ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സൈന്യം സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ മാവോയിസ്റ്റ് സംഘം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് മണിക്കൂര്‍നീണ്ടുനിന്ന ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഇവരുടെ പക്കല്‍ നിന്നും തോക്കുകളും ഗ്രനേഡും അടക്കമുള്ള വന്‍ ആയുധശേഖരം പിടിച്ചെടുത്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
9. ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. ഹാക്കര്‍ക്ക് ദൂരെനിന്നും ആപ്പിള്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യുവാനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും കഴിയുന്ന സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ആപ്പിളിന്റെ വിവിധ ഉപകരണങ്ങളിലെ റിമോര്‍ട്ട് കോഡ് എക്സിക്യൂഷന്‍ സംവിധാനവുമായി ബന്ധപ്പെട്ടാണ് സുരക്ഷാവീഴ്ച നിലനില്‍ക്കുന്നത്.
10. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിലെത്തി. നോർക്കയുടെ സഹായത്തോടെ ഡൽഹിയിൽ നിന്ന് വിമാനമാർഗമാണ് പ്രിൻസ് നാട്ടിലെത്തിയത്. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ നാളെ നാട്ടിലെത്തും. റഷ്യയ്ക്ക് വേണ്ടി ഉക്രയ്നുമായി യുദ്ധം ചെയ്യാനാണ് മലയാളികൾ ഉൾപ്പെടെയുള്ളവരെ ഏജൻസികൾ വഴി റിക്രൂട്ട് ചെയ്‌തത്.