Site iconSite icon Janayugom Online

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ചു വർഷം കൂടി തുടരണം; തിരുവഞ്ചൂർ , ഒറ്റനോട്ടത്തില്‍ 10 വാര്‍ത്തകള്‍

mojomojo

1. ഹേമ കമ്മിറ്റി റിപ്പോർറ്റുമായി ബന്ധപ്പെട്ട കേസുകളിൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി. സജിമോൻ പാറയിലിന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും, സി.എസ്.സുധയുമാണ് പ്രത്യേക ബെഞ്ചിലുള്ളത്. കഴിഞ്ഞമാസം 29നാണ് ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം എടുത്തത്. വനിതാ ജഡ്‍ജിമാർ പ്രത്യേക ബെഞ്ചിൽ അംഗങ്ങളാകും. 

2. യൂത്ത് കൺഗ്രസ് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ അക്രമം. പൊലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കുകയാണ്. സെക്രട്ടറിയറ്റ് മതിൽ ചാടിക്കടക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പല തവണ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി.രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ ആണ് സെക്രട്ടറിയറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമം നടന്നത്. പൊലീസിന്റെ ജലപീരങ്കി വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അക്രമം അഴിച്ചുവിട്ടു. വനിതാ പ്രവർത്തകരെ മുന്നിലിറക്കിയാണ് ഇവർ ആക്രമം അഴിച്ചുവിട്ടത്.

3. മഹാരാഷ്ട്രയിലെ രാജ്കോട്ട് കോട്ടയില്‍ ശിവജിയുടെ പ്രതിമ തകര്‍ന്നതുമായി ബന്ധപ്പെട്ട് ശില്‍പിയും കരാറുകാരനുമായ 24 കാരന്‍ ജയദീപ് ആപ്തെ അറസ്റ്റില്‍. ആപ്തെയെ സിന്ധുദുര്‍ഗ് പൊലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റുമെന്ന് താനെയിലെ ജോയിന്റ് പൊലീസ് കമീഷണര്‍ ജ്ഞാനേശ്വര്‍ ചവാന്‍ അറിയിച്ചു. പൊലീസ് തിരയുന്നതിനിടെയാണ് ബുധനാഴ്ച രാത്രി താനെ ജില്ലയിലെ കല്യാണില്‍നിന്ന് ഇയാളെ പിടികൂടിയത്.

4. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ചു വർഷം കൂടി തുടരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരാമര്‍ശം വാര്‍ത്തയായതോടെ പ്രതികരണം തേടിയ മാധ്യമങ്ങളോട് തിരുവഞ്ചൂര്‍ നിലപാട് ആവര്‍ത്തിച്ചു. ആരിഫ് മുഹമ്മദ് ഖാന്റെ മനസില്‍ നന്മയുണ്ടെന്ന വിശ്വാസക്കാരനാണ് താന്‍. അത് സമൂഹത്തിന് ഗുണംചെയ്യുന്ന വിധത്തില്‍ പോസിറ്റീവായി വിനിയോഗിക്കാന്‍ പറ്റണം. അതിനാൽ തന്നെ അദ്ദേഹത്തിന് നീട്ടിക്കിട്ടണമെന്നതില്‍ തര്‍ക്കമൊന്നുമില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

5. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ച് രഞ്ജിത്ത് സിങ് ചൗട്ടാല. സിര്‍സ ജില്ലയിലെ റാനിയ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 90 സീറ്റുകളില്‍ 67 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആദ്യപട്ടികയില്‍ ഒന്‍പത് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിട്ടില്ല.

6. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രത്യേക അന്വഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണം തുടങ്ങി. വിശദമായ വിവരശേഖരണമാണ് അന്വേഷണ സംഘം നടത്തുന്നത്. ഓരോ പരാതിയിലും പ്രത്യേകം അന്വേഷണം നടത്തും. വിവരശേഖരണം നടത്തിയ ശേഷമാകും അന്‍വറിന്റെ മൊഴി രേഖപ്പെടുത്തുക.

7. സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ഡോക്ടറായ സാംസണെ(31)യാണ് പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ പ്രൈമറി സ്കൂൾ വിദ്യാര്‍ഥിനികളെ ചികിത്സിക്കാനെത്തുന്നതിന്റെ മറവിലാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിരുന്നത്. 

8. ചലച്ചിത്ര അക്കാഡമിയുടെ താത്ക്കാലിക ചെയര്‍മാനായി പ്രേംകുമാര്‍ അധികാരമേറ്റു. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന സംവിധായകന്‍ ര‍ഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനം പ്രേംകുമാറിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ചെയര്‍മാന്‍ ലഭിക്കുന്നതിൽ സ്ഥാനം വ്യക്തിപരമായി സന്തോഷമില്ലെന്നും ര‍ഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും പ്രേംകുമാര്‍ പറഞ്ഞു.

9. റഷ്യൻ ആക്രമണത്തിൽ കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് 6 ഉക്രയ്ന്‍ മന്ത്രിമാർ രാജിവച്ചു . മന്ത്രിസഭാ പുനസംഘടന ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്കി പ്രഖ്യപിച്ചു. ഇതിന്റെ ഭാഗമായി വിദേശമന്ത്രി ദിമിത്രോ കുലേബയടക്കം ആറ്‌ മന്ത്രിമാർ രാജിവച്ചു. ഇതോടെ ഉക്രയ്‌ൻ മന്ത്രിസഭയുടെ മൂന്നിലൊന്നു സീറ്റുകളും ഒഴിഞ്ഞു. രാജ്യമൊട്ടാകെ റഷ്യ നടത്തുന്ന ആക്രമണത്തിൽ പൊതുജനങ്ങൾ കൊല്ലപ്പെടുന്നത്‌ വർധിക്കുകയും വൈദ്യുതിവിതരണശൃംഖലയുടെ ഭൂരിഭാഗവും തകരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ മന്ത്രിസഭാ പുനസംഘടനയിലൂടെ സർക്കാരിന്റെ ഊർജം വീണ്ടെടുക്കാനുള്ള നടപടി.

10. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വമ്പന്‍ അട്ടിമറി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ചാംപ്യനുമായ പോളണ്ടിന്റെ ഇഗ ഷ്വെംതകിനെ അട്ടിമറിച്ച് അമേരിക്കയുടെ ജെസിക്ക പെഗുല. ക്വാര്‍ട്ടറില്‍ അനായാസ വിജയമാണ് താരം സ്വന്തമാക്കിയത്. സ്‌കോര്‍: 6–2, 6–4. കരിയറില്‍ ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമിയിലേക്ക് ജെസിക്ക പെഗുല മുന്നേറുന്നത്. 

ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസില്‍ വീണ്ടും കാണാം. കൂടുതല്‍ വാര്‍ത്തകള്‍ക്കും, വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെ വൈബ് സൈറ്റ്, യുട്യൂബ് ചാനലുകള്‍ സന്ദര്‍ശിക്കുക

Exit mobile version