Site iconSite icon Janayugom Online

രത്തൻ ടാറ്റക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം; 10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1. അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ. ഔദ്യോ​ഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകിയത് . വോർളി ശ്മശാനത്തിലായിരുന്നു സംസ്‌ക്കാരം. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിന്റിലുള്ള നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെച്ചു . രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

2. കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്. ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോ​ഗിച്ച് പുറത്ത് മർദിക്കുകയായിരുന്നു. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവം. സംഭവത്തിൽ അധ്യാപികയെ സസ്പെന്റ് ചെയ്തതായി സ്ഥാപനം അറിയിച്ചു. മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

3. വയനാട് ദുരന്തത്തിലെ കേന്ദ്ര സഹായം വൈകുന്നതിൽ ഹൈക്കോടതി, കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രം സഹായം നൽകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

4. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 8 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യോലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ട്. ഞായറാഴ്ച മുതല്‍ മഴ തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

5. നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഏഴു പ്രതികള്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരില്‍ ആറു പേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

6. തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കര്‍ണാടകയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് അല്‍ത്താഫ്. കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബമ്പര്‍ അടിച്ചത്. വയനാട് നിന്നും വിറ്റ TG 4 3 4 2 2 2 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. 

7. അബ്ദുളള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും. ശ്രീനഗറില്‍ ചേര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമായത്. ഒമര്‍ അബ്ദുളള നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. നാളെ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ കത്ത് നല്‍കും. പത്തു വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ്. 

8. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളുടെ പേരിൽ ഒസാമ ബിൻ ലാദന്‍റെ പുത്രന് ഫ്രഞ്ച് ഭരണകൂടം വിലക്കേർപ്പെടുത്തി. കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാവിന്‍റെറെ മകൻ ഒമർ ബിൻ ലാദനോട് രാജ്യം വിടാൻ ഫ്രഞ്ച് അധികൃതർ ഉത്തരവിട്ടതായി ഫ്രാൻസ് ആഭ്യന്തര മന്ത്രി അറിയിച്ചു. 2023 മുതൽ ഇയാൾ സോഷ്യൽ നെറ്റ് വർക്കുകളിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതായി ഫ്രഞ്ച് മന്ത്രി പറഞ്ഞു. അതിനാലാണ് ഓർണിലെ പ്രിഫെക്റ്റ് ഫ്രഞ്ച് പ്രദേശം വിട്ടുപോകാൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നുമാണ് വിശദീകരണം.

09. ടെന്നീസ്‌ ഇതിഹാസം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിലാണ് സ്പെയിനിനായി 38 കാരനായ താരം അവസാനമായി മത്സരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് വിരമിക്കൽ തീരുമാനം താരം ആരാധകരെ അറിയിച്ചത്. 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ കളിമൺ കോർട്ടിലെ ചക്രവർത്തിയുടെ പേരിൽ 14 ഫ്രഞ്ച് ഓപ്പൺ, 4 യുഎസ് ഓപ്പൺ, 2 വിംമ്പിൾഡൺ, 2 ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളുണ്ട്.

10. നോബല്‍ പുരസ്കാരം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്.നൊബേൽ കമ്മിറ്റിയുടെ സ്ഥിരം സെക്രട്ടറി മാറ്റ്സ് മാം ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചരിത്രപരമായ ട്രോമയും മനുഷ്യപ്രകൃതിയുടെ ദൗര്‍ബല്യവും പ്രതിഫലിക്കുന്ന സാഹിത്യസംഭാവനക്കാണ് പുരസ്‌കാരമെന്ന് സ്വീഡിഷ് അക്കാദമി പെര്‍മനന്റ് സെക്രട്ടറി മാറ്റ്‌സ് മാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യ ദക്ഷിണ കൊറിയക്കാരിയായി ഹാന്‍ മാറും. ദശലക്ഷം അമേരിക്കന്‍ ഡോളറും പ്രശസ്തി പത്രവുമാണ് സമ്മാന ജേതാവിന് ലഭിക്കുക

ജനയുഗം ഓണ്‍ലൈൻ മോജോ ന്യൂസില്‍ വീണ്ടും കാണാം. കൂടുതല്‍ വാര്‍ത്തകള്‍ക്കും , വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെ ബെബ്സൈറ്റ്, യുട്യൂബ് ചനലുകള്‍ സന്ദര്‍ശിക്കുക.

Exit mobile version