Site iconSite icon Janayugom Online

സഞ്ജുവിനെ ലക്ഷ്യമിട്ട് കൂടുതല്‍ ടീമുകള്‍

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ താരത്തിനായി കൂടുതല്‍ ടീമുകള്‍. ബിസിസിഐ അനുമതിയോടെ ഫ്രാഞ്ചൈസികള്‍ക്ക് പരസ്പരം കളിക്കാരെ വാങ്ങാനും വില്‍ക്കാനുമെല്ലാമുള്ള അവസരം ആരംഭിച്ചിട്ടുണ്ട്. അടുത്ത മിനി താരലേലത്തിന് ഒരാഴ്ച മുമ്പ് വരെ ഇതിന് കാലാവധിയുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനു പുറമേ മറ്റു ചില ഐപിഎല്‍ ടീമുകളും സഞ്ജുവിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സഞ്ജുവിനെ ടീമിലെത്തിക്കുന്നതിലുള്ള താല്പര്യമുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രതിനിധി സ്ഥിരീകരിച്ചിരുന്നു. സഞ്ജുവിനെ കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കും. സഞ്ജുവിനെ ടീമിലെത്തിക്കുന്നതിന് പകരം ആരെ കൊടുക്കും എന്നതിലൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും ചെന്നൈ വൃത്തങ്ങള്‍ പറയുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. 2012ലെ ഐപിഎല്ലില്‍ കെകെആറിലൂടെയാണ് സഞ്ജു സാംസണിന്റെ ഐപിഎല്‍ തുടക്കം. പക്ഷേ അവര്‍ക്കായി കളത്തിലിറങ്ങിയിരുന്നില്ല. 2013ലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജു ചേക്കേറിയത്. ഓപ്പണിങില്‍ ക്വിന്റണ്‍ ഡീകോക്കും അഫ്ഗാനിസ്ഥാന്റെ റഹ്മാനുള്ള ഗുര്‍ബാസും താളം കണ്ടെത്താത്തതോടെ അടുത്ത സീസണില്‍ സഞ്ജുവിനെ അവര്‍ക്ക് ആവശ്യമാണ്. അജിന്‍ക്യ രഹാനെയുടെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍സിയും അത്ര മികതായിരുന്നില്ല. അതിനാല്‍ പുതിയൊരു ക്യാപ്റ്റനെയും കെകെആര്‍ നോട്ടമിടുന്നുണ്ട്. ഈ റോളിലേക്കും സഞ്ജു പരിഗണിക്കപ്പെടുന്നു. ക്യാപ്റ്റന്‍സി, വിക്കറ്റ് കീപ്പിങ് എന്നിവയ്ക്കു് പുറമെ ഓപ്പണറായും കളിക്കാന്‍ സാധിക്കുമെന്നത് സഞ്ജുവിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.

മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും സഞ്ജു സാംസണിനായി രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. കഴി‍ഞ്ഞ സീസണില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇഷാനു പകരം സഞ്ജുവിനെ കൊണ്ടുവന്നാല്‍ ഹൈദരാബാദ് ബാറ്റിങ്ങിന് കൂടുതല്‍ സ്ഥിരത ലഭിക്കും, പാറ്റ് കമ്മിന്‍സിനെ നായകസ്ഥാനത്ത് നിന്നും മാറ്റേണ്ടി വന്നാല്‍ ഈ പദവി ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് സഞ്ജുവെന്നതും ടീം കണക്കിലെടുക്കുന്നു. അഞ്ച് തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സും സഞ്ജു സാംസണിനായി മത്സരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ താരം റയാന്‍ റിക്കെല്‍റ്റണായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈയുടെ വിക്കറ്റ് കീപ്പർ. എന്നാല്‍ ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ ഓപ്പണിങ്ങില്‍ പ്രശ്നമായിരുന്നു. സഞ്ജുവിനെ കൊണ്ടുവന്നാല്‍ മുംബൈ ബാറ്റിങ്ങിന് കൂടുതല്‍ ആഴം നല്‍കാനാകുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍.
സാധാരണ ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒരു കളിക്കാരനെ കൈമാറുന്നത് നിലവിലെ കരാര്‍ പ്രകാരമുള്ള അതേ ശമ്പളത്തിനായിരിക്കും. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന്റെ നിലവിലെ പ്രതിഫലം 18 കോടിയാണ്. അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയാല്‍ അവിടെയും ഇതേ പ്രതിഫലം തന്നെയാകും കിട്ടുക. ഇത്രയധികം ഉയര്‍ന്ന പ്രതിഫലം നല്‍കണമെങ്കില്‍ ചെന്നൈയുടെ അക്കൗണ്ടിൽ ഈ തുക ഉണ്ടായിരിക്കുകയും വേണം. അതില്ലെങ്കില്‍ 18 കോടി രൂപയ്ക്കു ആനുപാതികമായുള്ള കളിക്കാരെ അവര്‍ വില്‍ക്കേണ്ടതുണ്ട്.

Exit mobile version